......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Wednesday, December 4, 2013

വീണ്ടും വയലാര്‍ പാടുന്നു

ഇന്ന് എന്റെ മകള്‍ ശ്രീകുട്ടിയുടെ വിവാഹമാണ്.പക്ഷെ എന്റെ കാല്‍ തൊട്ടു ഒന്ന് വന്ദിക്കാന്‍ അവള്‍ക്കോ അച്ഛന്റെ സ്ഥാനത്തു നിന്ന് കൈ പിടിച്ചു പന്തലിലേക്ക് ആനയിക്കാന്‍ എനിക്കോ കഴിഞ്ഞില്ല.ക്ഷണക്കത്ത് അടിക്കാനും,വിവാഹത്തിനു ആളുകളെ ക്ഷണിക്കാനും പോകേണ്ടി വന്നില്ല. പൊന്നും പണവും ഉണ്ടാക്കാനുള്ള ടെന്‍ഷന്‍ ഇല്ലാതെ ക്ഷണിച്ചവരോടൊപ്പം അന്യനെ പോലെ വേദിയില്‍ ഇരിക്കേണ്ട ഒരച്ഛന്റെ വേദന എന്റെ മകള്‍ക്ക് ഊഹിക്കാന്‍  കഴിയുന്നുണ്ടോ?വല്ലാത്ത അസ്വസ്ഥത.

പി.ജി ക്ക് പഠിക്കുമ്പോള്‍ നാലഞ്ചു പെണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.ജീവിതത്തില്‍ സൌഹൃദം എന്താണന്നു തിരിച്ചറിഞ്ഞത് അവരില്‍ നിന്നാണ് .അക്കൂട്ടത്തില്‍ വളരെ കുറച്ചു മാത്രം സംസാരിച്ചിരുന്നത് മീര ആയിരുന്നു.പക്ഷെ എന്നോട് അവള്‍ വല്ലാത്ത  ഒരു സൌഹൃദം സൂക്ഷിച്ചിരുന്നു .കോളേജിലെ എന്റെ കവിത ചൊല്ലല്‍ അവളിലെ  സൌഹൃദത്തിന് വെള്ളവും വെളിച്ചവും ഏകി.ഞാന്‍ ചൊല്ലിയിരുന്ന കവിതകളെ കുറിച്ച് അവള്‍ക്കു നൂറു നാവാണ്.സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നപ്പോള്‍ പി.ജി പകുതിക്ക് വച്ച് ഞാന്‍ നിര്‍ത്തിയപ്പോള്‍ മീരയുടെ നിര്‍ബന്ധത്തിലാണ് വീണ്ടും  പഠിപ്പ് തുടര്‍ന്നത്.എന്തിനും തന്റേതായ അഭിപ്രായങ്ങളുണ്ട് അവള്‍ക്കു.അത് ആരെയും അവള്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. എന്നോടായിരുന്നു അവള്‍ കൂടുതല്‍ സംസാരിച്ചിരുന്നത്.പ്രത്യേകിച്ച് സാഹിത്യ വിഷയങ്ങള്‍.
ഒരിക്കല്‍ കോളേജ് ലൈബ്രറിയില്‍ ചെല്ലുമ്പോള്‍ മീര അവിടെയിരുന്നു ഒരു പുസ്തകം വായിക്കുന്നു .ഞാനും ഒരു പുസ്തകമെടുത്തു അവള്‍ക്കരികിലായി ഇരുന്നു.എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്  ഒരു ചോദ്യം .

"സ്നേഹം  ഏതു രാഗത്തിലാണ്?"
"കല്യാണി ആണോ " ഞാന്‍ ചുമ്മാതെ തട്ടി വിട്ടു .
"അല്ല ,ഷണ്‍മുഖപ്രിയയില്‍ ആണ് "
"സ്നേഹത്തിന്റെ ഗന്ധം എന്താന്നു അറിയുമോ " വീണ്ടും അവള്‍ ചോദിച്ചു.
"ഇല്ല"എന്റെ നിസാഹായത അറിയിച്ചു.
മുല്ലപ്പൂവിനു സമാനം ആണ്..." അത് പറഞ്ഞു അവള്‍ പതിയെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വായന തുടര്‍ന്നു.ഞാനും വായനയില്‍ മുഴുകി.പെട്ടെന്ന് ഗൌരവമായി അവള്‍ ചോദിച്ചു
"ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ആര് ആകാന്‍ ആണ് ?"
"ഒരു നല്ല ഭാര്യ ആകാന്‍ "  ആ ചോദ്യത്തിന് മുന്നില്‍ ഒന്ന് പതറിയത് മറച്ചു വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു .അവള്‍ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.കനം കുറഞ്ഞ ഒരു മൌനത്തിനു ശേഷം അവള്‍ പറഞ്ഞു
"അല്ല "
പിന്നെ എന്താകാന്‍ എന്ന്  ചോദിക്കാനും കഴിഞ്ഞില്ല ,അവള്‍ പറഞ്ഞതുമില്ല.എന്താകാന്‍ 
ആയിരിക്കും ...?എന്റെ ചിന്ത മുഴുവന്‍ അതായിരുന്നു.വായന എവിടെയോ മറന്നു പോയി.
മറ്റൊരിക്കല്‍ ഞാന്‍ ധൃതിയില്‍ ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ എന്നെ തടഞ്ഞു നിര്‍ത്തി  അവള്‍ ചോദിച്ചത് ഇന്നുമോര്‍ക്കുന്നു.
"തനിക്കു ഏറ്റവും ഇഷ്ടപെട്ട നിറം ഏതാണ്?"
എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
"പച്ച "
"എനിക്കും" അവളുടെ മുഖത്തു ഒരു പ്രകാശം മിന്നി മറയുന്നത് ഞാന്‍ കണ്ടു. ചിരിച്ചു കൊണ്ട് ക്ലാസിലേക്ക് ഓടിക്കയറി അവള്‍.
ഞങ്ങളുടെ സുഹൃത്ത് വലയത്തില്‍ ആദ്യം വിവാഹം കഴിച്ചതും മീര ആയിരുന്നു.ആണ്‍ കുട്ടികളില്‍ ഞാനും. വിവാഹത്തിനു ശേഷവും  എല്ലാ കൂട്ടുകാരുമായും  നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു.രണ്ടു ആണ്‍ മക്കളായിരുന്നു എനിക്ക് .കൂട്ടത്തില്‍ മീരക്ക് മാത്രം ഇതുവരെ ഒരു കുട്ടികള്‍  ഉണ്ടായില്ല എന്നത് അവളെ ദു:ഖിത ആക്കി.അതുകൊണ്ടാകാം എന്റെ കുട്ടികളെ കാണാന്‍ വരുമ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ആനന്ദം ആയിരുന്നു.വരുമ്പോള്‍ വലിയ ഒരു പലഹാര പൊതിയുമായിട്ടാണ് അവളുടെ വരവ്...ഒടുവില്‍ അവളെ കാണാതിരിക്കുന്ന ആഴ്ച  കുട്ടികള്‍ക്ക്  എന്തൊക്കെയോ വല്ലായ്ക തോന്നി തുടങ്ങിയത് എന്നില്‍ നേരിയ ഭയം ജനിപ്പിച്ചു.ആ ഭയമാകാം ഒരിക്കല്‍ എന്നെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത് .
"മീര ഇനി എപ്പോഴും കുട്ടികളെ കാണാന്‍ വരരുത്"
കൊണ്ട് വന്ന പലഹാര പൊതിയില്‍ നിന്ന് ഒന്നു രണ്ടെണ്ണം ഉരുണ്ടു തറയില്‍ വീണതു അവള്‍ അറിഞ്ഞില്ല.അവളുടെ കണ്ണുകള്‍ ഈറനനിഞ്ഞുവോ?അവള്‍ പ്രതികരിച്ചില്ല.പതിയെ യാത്ര പോലും പറയാതെ നടന്നകന്നു.മനസ്സു നീറാന്‍ തുടങ്ങി.ഒരു പാമ്പിനെ പോലെ കുറ്റബോധം എന്നില്‍ ഇഴയാന്‍ തുടങ്ങി.

വൈകിട്ട് മീരയെ വിളിച്ചു ഒരു ക്ഷമ പറയാം എന്ന് വിചാരിച്ചു .പക്ഷെ ഫോണ്‍ ചെയ്യാന്‍ ഒരു  ധൈര്യക്കുറവ്‌.മനസ്സിലെ അസ്വസ്ഥത കൂടി വരുന്നു.അങ്ങനെ ചിന്തിച്ചു കിടക്കുമ്പോള്‍ എന്റെ ഫോണ്‍ ചിലച്ചു.അതെ അവള്‍ തന്നെ !എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാന്‍ അറിഞ്ഞു..വിറയ്ക്കുന്ന കൈകളോടെ ഞാന്‍ ഫോണ്‍ ചെവിയോടടുപ്പിച്ചു.അവളുടെ ശ്വാസ ധാര എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു.തെറ്റ് സമ്മതിച്ചുകൊണ്ടു  മുന്നേ ഞാന്‍ സംസാരിച്ചു തുടങ്ങാം എന്ന് കരുതിയെങ്കിലും  എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.ഹൃദയമിടിപ്പും നിശ്വാസ വായുവും അല്‍പ നേരം സംസാരിച്ചു.ഒടുവില്‍ അവളും.
"സോറി ....ഞാനറിഞ്ഞിരുന്നില്ലടോ....
എന്നോട് ക്ഷമിക്കൂ..."
അവള്‍ കട്ട് ചയ്തു.നിന്ന നില്പില്‍ ഞാന്‍ ഉരുകി ഇല്ലാതായി.തെറ്റ് ചെയ്തത് ഞാനായിരുന്നിട്ടും അവള്‍ മാപ്പ് പറയുന്നു.എന്റെ സ്വാര്‍ഥതയേ ഞാന്‍ പഴിച്ചു.എന്നോട് തന്നെ എനിക്ക് വെറുപ്പ്‌ തോന്നി തുടങ്ങി.പിന്നീട്  ഒരു ഫോണ്‍ ചെയ്തു മീരയുടെ ആ പഴയ കൂട്ടുകാരനായി മാറണം എന്ന് വിചാരിച്ചെങ്കിലും എന്തൊക്കെയോ  കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാറ്റി വയ്ക്കുകയായിരുന്നു.

ഒരു മാസം കഴിഞ്ഞു ഒരു നോവല്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും മീരയുടെ കാള്‍.
"മീരേ ...താന്‍ എന്നോട് ക്ഷമിക്കണം .പെട്ടെന്ന് ഞാനൊരു ക്രൂരനായി പോയി.എനിക്കിപ്പോള്‍ എന്നോട് തന്നെ വെറുപ്പാണ്.എനിക്ക് വിളിക്കാന്‍ കഴിഞ്ഞില്ല.പിന്നെ താന്‍ ഇനിയും മക്കളെ കാണാന്‍  വീട്ടില്‍ വരണം......" ഇങ്ങനെ പറയണം എന്ന് വിചാരിച്ചാണ് ഫോണ്‍ എടുത്തത് .പക്ഷെ ഞാന്‍ പറയുന്നതിന് മുന്നേ അവള്‍ തുടങ്ങി കഴിഞ്ഞു.
"ഹലോ ,എന്താടോ താന്‍ വിളിക്കാതിരുന്നത്?വിളിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു .ഒടുവില്‍ ഞാന്‍ തോറ്റു."
ഇതും പറഞ്ഞു അവള്‍ കിലു കിലെ ചിരിക്കുന്നു.എനിക്ക് സംസാരിക്കാന്‍ അവസരം കിട്ടാത്തത് പോലെ  അവള്‍ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു.ഒടുവില്‍ അവളുടെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം
"പിന്നെ ......എനിക്ക്  താന്‍ അന്ന് കോളേജില്‍ വച്ച് പാടിയ കവിത ഒരിക്കല്‍ കൂടി ഒന്ന് കേള്‍ക്കണം.
ഇപ്പോള്‍ ഞാനുമൊരു കവിതാ പ്രേമി ആയെടോ....എന്താടോ താന്‍ ഒന്നും മിണ്ടാത്തത്?"
കഴിഞ്ഞതെല്ലാം അവള്‍ മറന്നുവോ?എന്നോട് ക്ഷമിച്ചുവോ?
"മീരേ....."
"എന്തോ?......."
"എന്നോട് എന്തിനാടോ ഇത്രയും സ്നേഹം... ?" പരാജയപ്പെട്ടവന്റെ ദീന രോദനം
"എന്തിനാണന്നറിയാമോ .."
ഞാന്‍ മിണ്ടിയില്ല .അവള്‍ തുടര്‍ന്നു.
"ഞാനൊരു കൂട്ടം പറഞ്ഞാല്‍ താന്‍ എന്നെ തെറ്റിദ്ധരിക്കുമോ?"അവളുടെ സ്വരം ഗൗരവമുള്ളതായി തീര്‍ന്നു.
"എന്ത്"..? എനിക്ക് ജിജ്ഞാസ ആയി
അങ്ങേ തലക്കല്‍ ഞാന്‍ പാടിയ വയലാറിന്റെ  ഈരടികള്‍ ....
"ആര്യ വംശത്തിന്നടിയറ വയ്ക്കുമോ?
സൂര്യ വംശത്തിന്റെ സ്വര്‍ണ്ണ സിംഹാസനം ...."
അവള്‍ അടക്കിപ്പിടിച്ചു കരയുന്നുണ്ടോ?അങ്ങനെ എത്ര നേരം.....
സൌഹൃദത്തിന്റെ ചങ്ങല പൊട്ടി കിടന്നാടുന്നു.താടക രാജകുമാരിയുടെ അഴിച്ചിട്ട കാര്‍ക്കൂന്തല്‍ പോലെ  പെട്ടെന്ന് ഒരു ഇരുട്ട് .ആരാണ് ശരി ?ആരാണ് തെറ്റ്?
"മീരേ......"
ഒരു തേങ്ങല്‍ മാത്രം മറുപടി.പളുങ്ക് പോലെ സൂക്ഷിച്ച സൌഹൃദം വീണുടയുകയാണോ?
ഞാന്‍ -എന്റെ ഭാര്യ-മക്കള്‍ ....
നീണ്ട നിശബ്ദതക്ക് ശേഷം വീണ്ടും അവള്‍ കവിതയിലേക്ക് .
"അങ്ങേ കൊമ്പത്തെ പൊന്നിലെ കൂട്ടിലേ-
ക്കെന്നേം കൂടി വിളിക്കാമോ.....?...
താനെന്തേ  മറുപടി ഒന്നും പറഞ്ഞില്ല.ഞാന്‍ ആലോചിച്ചിട്ട് തന്നെ ആണ് ." അവള്‍ കട്ട് ചെയ്തു.

മകളെ ശ്രീക്കുട്ടി എന്ന് പേരിടട്ടെ എന്ന് മീര എന്നോട് വിളിച്ചു ചോദിച്ചു.ഒപ്പം ഒരു അഭ്യര്‍ഥനയും .ഒരു അവകാശ വാദവുമായി ഒരിക്കലും വരരുത്.ഞാന്‍ സമ്മതവും മൂളി.
മീര ശ്രീക്കുട്ടിയോടു പറഞ്ഞിരിക്കുമോ ...?
പറഞ്ഞെങ്കില്‍ തന്നെ അഞ്ചു വയസ്സുള്ള ശ്രീക്കുട്ടിക്ക്‌.......

"പ്രാണനില്‍ ശരമേറ്റ പൈങ്കിളിയുടെ
മിഴിക്കോണിലെ ശോകത്തിന്റെ നീരുവ ഒപ്പും മുന്‍പേ.....കവിത പോലെ  മീര ,ആരെയും കാത്തു നില്‍ക്കാതെ... ശാന്തമായ ഒരു കടന്നു പോകല്‍ .ശ്രീക്കുട്ടിക്ക്‌ അഞ്ചു വയസ്സുള്ളപ്പോള്‍ ആയിരുന്നു അത്.
 
വിവാഹ വേദിയില്‍ ഒരന്യനെ പോലെ ഇപ്പോള്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒന്ന് മാത്രം...മകളെ നീ എവിടെ ആയിരുന്നാലും അച്ഛന്റെ മനസ്സു നിന്നോടൊപ്പമുണ്ട്.

(29.7.2007 -ല്‍ എഴുതിയ ഈ കഥ ഒരു മാറ്റവും കൂടാതെ സമര്‍പ്പിക്കുന്നു.)

Saturday, November 9, 2013

കരുതിയിരിക്കണം കരുത്താര്‍ജ്ജിക്കണം..

പുതു മണ്ണിന്‍ ഗന്ധം
ഋതു മതിതന്‍ സുഗന്ധം പോല്‍
ഒരു വേനലില്‍ ഒലി ച്ചു പോയ്‌
അവളുടെ മാനം ചുട്ടുരുകി

അവളെ തേടി എത്തി ഒരു മഴക്കാമുകന്‍
നഖക്ഷതങ്ങള്‍ വിണ്ടു കീറിയ മാറില്‍
കുളിരുള്ള നനവായ് അലിഞ്ഞു ചേര്‍ന്നു

മണ്ണ്  തരളിതയായ് ,അതുകണ്ട്
വിണ്ണ്  ചിരി തൂകി നിന്നു.
ഗര്‍ഭത്തില്‍ ഒരു കുഞ്ഞു ചെടി
മുളച്ചു -അവള്‍ പൂര്‍ണ്ണയായ്‌ 

തളിര്‍ പല്ല് കാട്ടുമ്പോള്‍
കാറ്റത്തു പിച്ച വയ്ക്കുമ്പോള്‍
അവളില്‍ മാതൃത്വം പുതു ഗന്ധം പരത്തി

ചെടി വളര്‍ന്നു പുഷ്പിണിയായ്
ഒരു മരമായ്‌ ഒരു തണുവായ്
ഒരു വിലാസവതിയായ്

മഴുമുനകള്‍ അവള്‍ക്കു ചുറ്റും
കാമ വെറി  പൂണ്ടു  തിമിര്‍ത്തുറഞ്ഞു
ചുണ്ടുകള്‍ പറിച്ചെടുത്തു.
കോടാലി ചുണ്ടില്‍ നിണം
ഇറ്റിറ്റു വീഴുന്ന മാറിടം പിടക്കുന്നു !

നിസ്സഹായയായ്  നിലംപരിശായ്
കിടക്കും അവളിലൊരു തേങ്ങല്‍
അലിഞ്ഞലിഞ്ഞു തീരുന്നു

"മരം ഒരു വരമെന്നു"പഠിപ്പിച്ച നിയതി
അവളെ നോക്കി പല്ലിളിക്കുന്നു.
ഇതു  ഞങ്ങള്‍ തീര്‍ത്ത  നിയമ കുടീരങ്ങള്‍
ഇത് തകര്‍ക്കാന്‍ ഉടമയും  ഞങ്ങള്‍
അതുപറഞ്ഞു പരിഹസിക്കുന്നു അവളെ
നിയമ നിര്‍മ്മാണ മേലാള വര്ഗ്ഗങ്ങള്‍

വരും അവന്റെ പിന്‍ഗാമികള്‍
മൂര്‍ച്ച കൂട്ടിയ പല്ലുമായ്
കരുതിയിരിക്കണം കരുത്താര്‍ജ്ജിക്കണം
അവനു നന്മ തോന്നണമേ എന്നു പ്രാര്ഥിക്കുക....  
ആ പുണ്യ തീരത്ത്‌ ഒരിക്കല്‍ കൂടി......


അടുത്ത പ്രാവശ്യം വരുമ്പോള്‍ ഒരു ദിവസം ഒപ്പം താമസ്സിച്ചിട്ടു മാത്രമേ പോകൂ എന്ന ഉറപ്പിലാണ് കഴിഞ്ഞ പ്രാവശ്യം ഞാന്‍ പുണ്യാളന്റെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞത്.ആ രാത്രിയില്‍ അവിടുന്ന് പോകുന്നതില്‍ വല്ലാത്ത വിഷമം അവനിലും അമ്മയിലും കണ്ടു.പക്ഷെ എനിക്ക് നില്‍ക്കാന്‍ നിവര്‍ത്തി ഇല്ലാത്തതിനാല്‍ പോരേണ്ടി വന്നു.ഉറപ്പായും അടുത്ത ലീവിന് ഒരു ദിവസം അവനോടൊപ്പം കഴിച്ചു കൂട്ടും എന്നു മനസ്സില്‍ ഉറച്ചാണ് യാത്ര പറഞ്ഞതും.മട്ടുപ്പാവില്‍ നിന്ന് എന്നെ കൈ വീശി യാത്ര ആക്കുമ്പോള്‍ ആ രാത്രിയില്‍ യാത്ര ആക്കുന്നതിന്റെ വിഷമം കാണാന്‍ കഴിയുമായിരുന്നു.ഇപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ വളരെ എണ്ണി ചുട്ട അപ്പം പോലെ വളരെ കുറച്ചു ലീവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.മീറ്റും കറക്കവും കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് ലീവ് തീര്‍ന്നു.പിന്നെ വീട് മാറ്റത്തിന്റെ തിരക്കിലും.ഇനി നാളെ ഒരു ദിവസം മാത്രം ബാക്കി.

സമയം വൈകുന്നേരം 4 മണി .ചെയ്തു തീര്‍ക്കാന്‍ ഒത്തിരി ജോലി നില്‍ക്കെ കഴിഞ്ഞ പ്രാവശ്യം പോലെ തന്നെ സന്ധ്യയുടെ നിര്‍ബന്ധം പുണ്യന്റെ വീട്ടില്‍ പോകണം.അമ്മയുമായി അത്രയ്ക്ക് സുഹൃത്തുക്കള്‍ ആയി കഴിഞ്ഞു സന്ധ്യ.എങ്ങും പോയില്ലങ്കിലും പുണ്യന്റെ വീട്ടില്‍ പോകണം.നാളെ എനിക്ക് യാത്ര ആകുകയും വേണം.ഞങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട് ഒരുങ്ങി.ഇറങ്ങുന്നതിനു മുന്നേ അമ്മയെ ഒന്ന് അറിയിക്കാം എന്ന് വച്ച് ഫോണ്‍ വിളിച്ചു.അമ്മയും പുണ്യന്‍റെ ചേട്ടനും കൂടി ഗുരുവായൂര്‍ക്ക് പോയിരിക്കുന്നു !.മടങ്ങി വന്നു കൊണ്ടിരിക്കുക ആണ് .എല്ലാ പ്രതീക്ഷയും പെട്ടെന്ന് അസ്തമിച്ചു.ഇനി അടുത്ത പ്രാവശ്യം കാണാം എന്ന് മനസ്സില്‍ വിചാരിച്ചു.പക്ഷെ അമ്മ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു.ഞങ്ങള്‍ തിരുവനന്തപുരത്തു എത്തുമ്പോഴേക്കും അവര്‍ അവിടെ എത്തും എന്ന് ഉറപ്പിച്ചു പറയുന്നു.പക്ഷെ എങ്ങനെ...?എന്ത് ചെയ്യണമെന്നു അറിയാതെ കുഴങ്ങി നില്‍ക്കുമ്പോള്‍ വീണ്ടും അമ്മയുടെ വിളി.വരണം.ഞാന്‍ കാത്തിരിക്കും.എന്തും വരട്ടെ എന്ന് ഉറപ്പിച്ചു ഞങ്ങള്‍ യാത്ര തിരിച്ചു.

കഴിഞ്ഞ പ്രാവശ്യം മഴ തുടര്‍ച്ചയായി പെയ്തത് യാത്രക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.എന്നാല്‍ ഇന്ന് തെളിഞ്ഞ ആകാശം .മഴ ഒരിക്കലും പെയ്യാന്‍ സാധ്യത ഇല്ല.ആ ഉറപ്പില്‍ ഞങ്ങള്‍ നാല് പേരും യാത്ര ആയി.വണ്ടി കൊട്ടിയത്ത് വച്ച് ബസ്സില്‍ പോകാം എന്ന് ആണ് ആദ്യം വിചാരിച്ചത് .എന്നാല്‍ ബൈക്കില്‍ തന്നെ പോകാം എന്ന് ഒടുക്കം തീരുമാനിച്ചു.നല്ല സ്പീഡില്‍ ആയിരുന്നു യാത്ര.കല്ലമ്പലം കഴിഞ്ഞപ്പോള്‍ അവിടെ ഒക്കെ മഴ പെയ്തിരിക്കുന്നു​!!​

മഴ ചതിക്കുമോ എന്നാ ആശങ്കയില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു​ .കൃത്യം രണ്ടു​ മണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ പേരൂര്‍ക്കടയില്‍ എത്തി ചേര്‍ന്നു.അമ്മയെ ഫോണ്‍ വിളിച്ചു എത്തിയോ ഇല്ലയോ എന്നറിയാന്‍.അവര്‍ എത്തി ചേര്‍ന്നിരിക്കുന്നു.!!ട്രെയിനില്‍ നിന്ന് ഇറങ്ങി അവര്‍ കാറില്‍ പെട്ടെന്ന് എത്തി ചേര്ന്നുവത്രേ!!കഴിഞ്ഞ പ്രാവശ്യത്തെ പോലെ അമ്മ ഗേറ്റില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
മട്ടുപ്പാവില്‍ പുഞ്ചിരി തൂകി പുണ്യന്‍ മാത്രം ഉണ്ടായിരുന്നില്ല..!!

വന്ന ഉടനെ തന്നെ അച്ചൂട്ടി പുണ്യാളന്‍ മാമന്റെ റൂമിലേക്ക്‌ ഓടി കയറി ..അവിടെ അവന്റെ പുണ്യാളന്‍ മാമന്‍ ഉണ്ടായിരുന്നില്ല. വേറൊരു മാമന്‍ അവിടെ കിടക്കുന്നു എന്ന്.(പുണ്യന്റെ ജ്യേഷ്ടന്‍ ആയിരുന്നു അത്).അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.പുണ്യന്റെ വേര്‍പാട് അമ്മയെ വല്ലാതെ മാറ്റം വരുത്തിയിരിക്കുന്നു.അല്പം കുശലാന്വേഷണത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കഴിച്ചു...ഇടയ്ക്കിടയ്ക്ക് അമ്മ പറയുന്നുണ്ട്.എന്റെ മോന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് സന്തോഷമായിരുന്നെനെ അവന്...ഒരു ഗദ്ഗദമായി ആ വാക്കുകള്‍ അവിടെ അലയടിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ വാക്കുകള്‍ കേട്ടതായി ഭാവിച്ചില്ല..എന്റെ മനസ്സു വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.
ഭക്ഷണത്തിനു ശേഷം സന്ധ്യ ആയിരുന്നു പുണ്യന്റെ റൂമില്‍ ആദ്യം പോയത്.പേടിച്ചു വിറച്ചുകൊണ്ട് അവള്‍ തിരിച്ചു വന്നു എന്നെ വിളിക്കുന്നു.ഞാന്‍ ഓടി ചെന്ന്.റൂമില്‍ ചെന്ന് തുറന്നു നോക്കിയതും പുണ്യന്റെ വലിയൊരു ചിത്രം കണ്ണും തുറിച്ചു സൂക്ഷിച്ചു നോക്കുന്ന ഒന്ന്.അത് കണ്ടു ആണ് അവള്‍ പേടിച്ചത്. 

അവന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും കിടക്കയും എല്ലാം എല്ലാം അവന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.അവന്റെ നിശ്വാസം എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു...അവിടെ വച്ച് ഡാവിഞ്ചി സുരേഷ്ജി വരച്ച ചിത്രം ഞാന്‍ അമ്മക്ക് കൈമാറി.ഫ്രയിം ചെയ്തു കൊടുക്കണമെന്നായിരുന്നു ആഗ്രഹം .ഒടുക്കത്തെ തിരക്ക് കൊണ്ട് അത് സാധിച്ചില്ല.ആ മുറിയിലെ ഓരോ വസ്തുക്കളും എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഇപ്രാവശ്യം വരുമ്പോള്‍ പുണ്യന്‍ മാമന് പാടി കൊടുക്കാം എന്ന് പറഞ്ഞ പാട്ട് അച്ചൂട്ടി മീറ്റില്‍ പാടിയിട്ടുണ്ട് എന്ന് ഞാന്‍ പുണ്യനോടു സ്വകാര്യമായി പറഞ്ഞു.പക്ഷെ ഇപ്രാവശ്യവും എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല പുണ്യാ ..ഒരു ദിവസം നില്‍ക്കണം എന്ന നിന്റെ ആഗ്രഹം. അതിനി സാധിക്കില്ല ......നീയില്ലാതെ ...വയ്യടോ.....

അമ്മ നിര്‍ബന്ധിച്ചു എങ്കിലും ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി .കഴിഞ്ഞ പ്രാവശ്യം മട്ടുപ്പാവില്‍ നിന്ന് യാത്ര ആക്കാന്‍ അവനുണ്ടായിരുന്നു....ഞാന്‍ തലയര്‍ത്തി മട്ടുപ്പാവിലേക്ക്‌ നോക്കി. അവിടം ശൂന്യമായിരിക്കുന്നു...അമ്മ ഗേറ്റില്‍ നിന്ന് കൊണ്ട് ടാറ്റ പറഞ്ഞു...അപ്പോള്‍ ഒന്ന് രണ്ടു മിനിട്ട് നേരത്തേക്ക് മാത്രം ഉണ്ടായിരുന്ന ചെറിയൊരു ചാറ്റല്‍ മഴ എവിടുന്നോ കടന്നു വന്നു ഞങ്ങളെ കുളിരണിയിക്കുന്നുണ്ടായിരുന്നു.....
ഇതിനോടൊപ്പം ഈ രണ്ടു കുറിപ്പുകളും കമന്റുകളും കൂടി വായിക്കുമ്പോള്‍ മാത്രമേ
ഇതിനു ഒരു പൂര്‍ണ്ണത ഉള്ളൂ ..

Saturday, September 29, 2012

ഒരു സ്വപ്നത്തിന്‍ ചിറകില്‍.....

അത്ര ഒന്നും വേഗത്തിലല്ലായിരുന്നു അവന്‍  ബൈക്ക് ഓടിച്ചിരുന്നത് .രുക്കുവും മക്കളും ചേര്‍ന്നൊരു യാത്ര വളരെ നാള്‍ ആഗ്രഹിക്കുക ആയിരുന്നു അവന്‍ .ഇന്നാണ് അത് നടന്നത്...തിരക്കായിരുന്നു.വന്ന അന്ന് മുതല്‍ ...
ഹൂ ...പറയാന്‍ കൂടി കൊള്ളില്ല ...
യാത്ര ,വിവാഹങ്ങള്‍,പിന്നെ അസുഖങ്ങള്‍...വീട്ടിലെ  ഓരോരുത്തര്‍ക്കായി...
എല്ലാവര്ക്കും പരാതി ആയിരുന്നു വന്നിട്ട് ഒന്നും കൊടുത്തില്ല എന്ന് ...സത്യത്തില്‍ അവന്റെ  മക്കള്‍ക്ക്‌ പോലും ഒരു തുണി എടുത്തില്ലാ എന്ന് ആരോട് പറഞ്ഞാല്‍ വിശ്വസിക്കും .ഒരു ഗള്‍ഫുകാരന്‍ അങ്ങനെ പറഞ്ഞാല്‍ തന്നെ നാണക്കേടല്ലേ.അതുകൊണ്ട് ആരോടും പറയാന്‍ പോയില്ല.നാട്ടില്‍ വന്നിട്ടാണ് എല്ലാവര്ക്കും ഡ്രസ്സ് വാങ്ങി കൊടുത്തത്.

നല്ല തിരക്കുണ്ട്‌ റോഡില്‍.....നാട്ടില്‍ വരുന്നതിനു മുന്നേ മക്കളെ ഒരു പാട് പറഞ്ഞു മോഹിപ്പിച്ചിരുന്നു പലയിടത്തും കൊണ്ട് പോകാം എന്നും പറഞ്ഞു ..എവിടെ ..അലക്കൊഴിഞ്ഞിട്ടു രാമേശ്വരത്തിനു പോകാന്‍ പറ്റാത്ത അവസ്ഥയാ പ്രവാസിക്ക്.മക്കളും രുക്കുവും  വല്യ സന്തോഷത്തിലാണ്...അവന്‍ അല്പം സ്പീഡ്‌ കൂട്ടി... പെട്ടെന്ന് നിയന്ത്രണം വിട്ട ഒരു കാര്‍ ബൈക്കില്‍ വന്നു ഇടിച്ചു കയറി...രുക്കുവും മക്കളും തെറിച്ചു പോയി....അവനും  ബൈക്കും അടുത്തുള്ള കെട്ടിടത്തില്‍ ഇടിച്ചു മറിഞ്ഞു.തലയില്‍ സാരമായ പരിക്ക് പറ്റിയ അവന്‍ ബോധരഹിതനായി.ചോരയില്‍ കുളിച്ച രുക്കൂ  അവനെ പിടിച്ചു കുലുക്കി അലറി വിളിച്ചു.....
"ഇച്ചാ......ഇച്ചാ,...................." അതൊരു അലര്‍ച്ചയായിരുന്നു....

അവന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നു.തന്റെ അരികില്‍ രുക്കുവും മക്കളും സുഖമായി കിടന്നുറങ്ങുന്നുണ്ട്‌....
അവധി കഴിഞ്ഞു പോകാന്‍ നേരത്ത് എന്താ ഇങ്ങനെ ഒരു സ്വപ്നം...ഈശ്വരാ.....
അവന്‍ രുക്കുവിനേയും മക്കളെയും കെട്ടി പിടിച്ചു കിടന്നു....

ഒരു ഞെട്ടലോടെ ആണ് അവന്‍ ആ സത്യം തിരിച്ചറിഞ്ഞത്.
അവധി എല്ലാം കഴിഞ്ഞിരിക്കുന്നു.
അവനു പോകാന്‍ സമയം ആയി.....
ഒരു മടങ്ങി പോക്ക് മുന്നേയും ഉണ്ടായിരുന്നതാണ്.എന്നാല്‍ അന്ന്  അത്രയും വേദനിപ്പിച്ചില്ലായിരുന്നു ...
നാലുമാസം നിന്നു നാട്ടില്‍ ..ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍....ഓമനിക്കാന്‍....ഓര്‍ത്തുവക്കാന്‍...ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ ...
മക്കള്‍ ആയിരുന്നു ഇന്നത്തെ അവന്റെ  ദുഃഖം...മുന്നേ പോയപ്പോള്‍ അവര്‍ക്ക് അത്രക്കൊന്നും  തിരിച്ചറിയാന്‍ ആവില്ലായിരുന്നു...
പക്ഷെ ഇന്ന്...
അവര്‍ സ്നേഹം കൊണ്ട് മൂടുന്നു...
പുറത്തു പോകുമ്പോള്‍ കൂടെ വരാന്‍ നിര്‍ബന്ധം പിടിക്കുന്നു...
കൂടെ കിടക്കാന്‍ വാശി കാട്ടുന്നു..മത്സരിച്ച് കൂടുതല്‍ ഉമ്മ തരാന്‍ വെമ്പല്‍ കൊള്ളുന്നു...
എവിടെ നിന്നാലും ഒട്ടി നില്‍ക്കാന്‍ ,നെഞ്ചോട്‌ ചേര്‍ന്ന് കിടാക്കാന്‍ ..
അവന്റെ ചൂട് ഏറ്റു നില്ക്കാന്‍ അവര്‍ കൊതിക്കുന്നു...
പിന്നെ രുഗ്മിണി ...അവന്റെ പ്രിയ രുക്കുവിന്റെ അടക്കി പിടിച്ചുള്ള തേങ്ങലും അവനെ പിടിച്ചുലക്കുന്നു...

പ്രവാസിയുടെ അവധി ദിനങ്ങള്‍ എണ്ണി ചുട്ട അപ്പം പോലെ ആണ്..
എത്ര കിട്ടിയാലും ഒന്നിനും തികയുകയുമില്ല.ഒന്നും ചെയ്തു തീര്‍ക്കുകയുമില്ല ....
നാല് മാസം നാലായിരം വര്ഷം പോലെ സുന്ദരമായിരുന്നു.
അവന്റെ പാദങ്ങളില്‍ കെട്ടി പിടിച്ചു കിടക്കാന്‍ കൊതിക്കുന്ന രുക്കു....
ഒരിക്കല്‍ അവനോട്  ഒരാഗ്രഹം പറഞ്ഞു
"എന്നെ ഒന്ന് എടുത്തു കൊണ്ട് നടക്കുമോ..."
ഒരു കുഞ്ഞു ആകാന്‍ മോഹിക്കുന്ന അവളുടെ മനസ്സു അവനു നന്നേ ഇഷ്ടായി.

ഇന്ന് വെളുപ്പിനു കണ്ട സ്വപ്നം അവന്‍ എങ്ങനെ ആണ് രുക്കുവിനോട് പറയുക എന്ന് ആലോചിച്ചു വിഷമിച്ചു.പറഞ്ഞാല്‍ അവള്‍ക്കു ആകെ വിഷമം ആകും.കണ്ട സ്വപ്നം പറഞ്ഞാല്‍ ഫലിക്കില്ലന്നു
 പഴ മൊഴിയും..അവന്‍ വല്ലാതെ വിഷമിച്ചു.
പാറയാന്‍ തോന്നിയില്ല.മനസ്സു ആകെ കലങ്ങി മറിഞ്ഞാണ് ഫ്ലൈറ്റില്‍ കയറിയത്...
എന്തെങ്കിലും സംഭവിച്ചാല്‍ അനാഥമാകുന്നത്....
ഛെ .....കടിഞ്ഞാണില്ലാത്ത മനസ്സിനെ അവന്‍ സ്വയം ശപിച്ചു...
അസ്വസ്തതകളെ മറികടന്നു സുഖമായി അവന്‍ എത്തിച്ചേര്‍ന്നു....

കഴിഞ്ഞ വരവിനു ശേഷം മടങ്ങി പോകുമ്പോള്‍ അവള്‍ പൊട്ടി കരഞ്ഞിരുന്നു...യാത്ര അയക്കാന്‍ അതുകൊണ്ട് തന്നെ വന്നില്ല. ഇത്തവണ അവനും  രുക്കുവും ഉറപ്പിച്ചിരുന്നു കരയരുതെന്ന് .
മക്കളോടൊപ്പം അവനെ  യാത്ര ആക്കാന്‍ അവളും വന്നു.റ്റാറ്റ പറഞ്ഞു അകത്തു കേറാന്‍ തുടങ്ങുമ്പോള്‍ രുക്കുവിന്റെ കണ്ണുകള്‍ നിറഞ്ഞു നിന്നിരുന്നു.വന്നിട്ട്  ഫോണ്‍ വിളിച്ചപ്പോള്‍ മക്കള്‍ പറയുന്നു ..
"അമ്മ വണ്ടിയിലിരുന്നു കരഞ്ഞു അച്ഛാ..."

Sunday, April 22, 2012

ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ത് ?എങ്ങനെ ?


കളികൂട്ടുകാരും ആത്മാര്‍ത്ഥ സുഹുര്‍ത്തുക്കളും നമ്മുടെജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ വക ജീവികള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍ പെടുത്താന്‍ സമയം ആയി എന്നുതോന്നുന്നു.അത് ഇന്ന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഇന്റര്‍നെറ്റ്‌ സൌഹൃദങ്ങളില്‍ വന്നു നില്‍ക്കുന്നു .ഇന്ന് ആരോടും,നിരന്തരം സഹകരിക്കുന്ന പത്തു പേരുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ അതില്‍ ഏഴുപേരും ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച കൂട്ടുകാരായിരിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.അവിടെ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെപ്രാധാന്യത്തെ നാം നോക്കി കാണേണ്ടത്.

കാണാമറയത്തെ സുഹുര്‍ത്തുക്കളുടെ ഷെയറിംഗ് ആണ് ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ കൊണ്ട് ഉദേശിക്കുന്നത് .ഒരു സുഹുര്‍ത്തിനോടു പറയാന്‍ ഉള്ളത് കൂട്ടുകാരോടും മറ്റും പങ്കുവയ്ക്കല്‍ - അത് നമ്മുടെ ആശയങ്ങള്‍ (ideas),പ്രവര്‍ത്തനങ്ങള്‍(activities),വിശേഷങ്ങള്‍(events), അഭിരുചികള്‍(interests) തുടങ്ങിയവ ഒക്കെ ആകാം.ഇതില്‍ രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക, സാംസ്കാരികവിഷയങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.ഈനിലയ്ക്കാണ് ഫേസ്‌ ബുക്ക്‌ ,ഗൂഗിള്‍ പ്ലസ്‌ ,ട്വിറ്റെര്‍,ഓര്‍ക്കുട്ട് തുടങ്ങിയ ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം.സാങ്കേതിക വിദ്യകളുടെ പുരോഗമനത്തോട്‌ കൂടി ഓരോ ഭാഷയിലേക്കും ഇതു വളര്‍ന്നു.അങ്ങനെആണ് ഇത്തരം കൂട്ടായ്മകള്‍ മലയാളത്തിലും രൂപാന്തരം പ്രാപിക്കുന്നത്.

നിംഗ്.കോം,വേര്‍ഡ്‌പ്രസ് ആണ് ആദ്യം മലയാള കൂട്ടായ്മക്ക് ഉല്പ്രേരകവും വഴികാട്ടിയും ആയിത്തീര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രമായും കൂട്ടായ്മകള്‍ ചെയ്തു വരുന്നു.മലയാളത്തിലെ ആദ്യത്തെ കൂട്ടായ്മയില്‍ നിന്നു ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ ചിലവസ്തുതകള്‍ കാണാതിരുന്നു കൂടാ.ഭൂരിഭാഗം കൂട്ടായ്മകള്‍ ഉണ്ടായിരിക്കുന്നത് പടല പിണക്കത്തില്‍ നിന്നും വാശിയിലും വൈരാഗ്യത്തില്‍ നിന്നുമാണ് എന്നു കാണാം.ഒരുകൂട്ടായ്മയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവര്‍ തങ്ങള്‍ക്കു യോജിക്കാന്‍ കഴിയാത്തകാരണത്താല്‍ പുതിയ ഒരു കൂട്ടായ്മ തുടങ്ങുക ,അതില്‍ പഴയ കൂട്ടായ്മയില്‍ ഉള്ള കൂട്ടുകാരെ കൊണ്ട് വരിക,പരസ്പരം ചെളിവാരി എറിഞ്ഞു നടക്കുക എന്നിങ്ങനെ പോകുന്നു അതിലെ കോലാഹലങ്ങള്‍ .!!കേരള രാഷ്ട്രീയത്തെ പോലും ലജ്ജിപ്പിക്കുന്ന നാലാംകിട നാറിത്തരങ്ങളായി ഇത്തരം കൂട്ടായ്മകള്‍ അധ:പതിച്ചു പോകുന്നത് ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ്.

എന്നിട്ടും ഇതൊരു സൌഹൃദ കൂട്ടായ്മ ആണന്നും ഇതൊരു കുടുംബം ആണന്നുമൊക്കെയാണ് ഇക്കൂട്ടര്‍ പറഞ്ഞു നടക്കുന്നതും അവകാശപ്പെടുന്നതും.!അപ്പോള്‍ എന്താണ് സൌഹൃദം ?എന്താണ് കുടുംബം? എന്നുള്ളത് തീരെ നിശ്ചയമില്ലാതെ പോയിരിക്കുന്നു എന്നര്‍ത്ഥം.പിണക്കങ്ങളും ഇണക്കങ്ങളും വഴക്കും സ്നേഹവും എല്ലാം ഒരു സൌഹൃദത്തില്‍ എന്നപോലെ കുടുംബത്തിലും ഉണ്ടാകാറുണ്ട്.അങ്ങനെ ഉണ്ടാവുകതന്നെ വേണം.അപ്പോഴാണ്‌ സ്നേഹം ഊട്ടി ഉറപ്പിക്കാന്‍ ഉപോല്‍ബലകമായ പലതും ഉണ്ടായിതീരുന്നത്.

ചിലവഴികാട്ടലുകള്‍ക്കും സൌകര്യങ്ങള്‍ക്കും വേണ്ടിയാണ് അഡ്മിന്‍ എന്ന ഒരു സങ്കല്‍പം ഉണ്ടാക്കിയിരിക്കുന്നത്.എന്നാല്‍ ഇതു ഏതോ'സുപ്പെര്‍പവര്‍' ആയും മാടമ്പിത്തരങ്ങള്‍ക്കുമായും വിനിയോഗിക്കുമ്പോള്‍ നഷ്ടമാകുന്നത് നല്ലൊരുകൂട്ടായ്മ ആണ് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാ കൂട്ടായ്മയുടെയും പ്രശ്നം എന്നും ഈ മാടമ്പികളാണ് എന്ന സത്യം നാം മറന്നു കൂടാ.

ഇംഗ്ലീഷ് എഴുത്തുകാരനായ എ.ജി.ഗാര്‍ഡിനര്‍ ഒരു ലേഖനത്തില്‍ സ്വാതന്ത്ര്യത്തെ വിവരിക്കാന്‍ എടുത്തു കാട്ടുന്ന ഒരു ഉദാഹരണം ഒരു കൂട്ടായ്മയിലെ അഡ്മിനും അംഗങ്ങളും എങ്ങനെ ആയിരിക്കണം എന്നു പറയാന്‍ ഉത്തമ ഉദാഹരണം ആണന്നു തോന്നുന്നു.ലേഖനത്തില്‍ ഇങ്ങനെ വിവരിക്കുന്നു,"ഒരാള്‍ക്ക്‌ റോഡില്‍ കൂടി വാഹനം ഓടിച്ചു കൊണ്ട് പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്.എന്നാല്‍ വഴിയില്‍ നിന്നു കൈകാണിച്ചു നിയന്ത്രിക്കുന്ന ട്രാഫിക് പോലീസ് അയ്യാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല,മറിച്ചു അവന്റെ സുഗമമായ യാത്രക്കുള്ള നിയന്ത്രണങ്ങള്‍ ആണ്." സ്വാതന്ത്ര്യം ഉണ്ട് എന്നു കരുതി റോഡില്‍ കൂടി തനിക്കു തോന്നുന്നത് പോലെ വാഹനം ഓടിക്കുന്നത് അപകടകരമായ പോക്കാണ്.അതിനു വേണ്ടി ആണ് അഡ്മിന്‍ എന്ന ട്രാഫിക് പോലീസ് .അഡ്മിന്‍ ഒരു സൂപ്പര്‍പവര്‍ ആയി കാണുമ്പോഴാണ് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി സകല പരിശോധനക്ക് ശേഷവും ഒരു കുറ്റവും കണ്ടില്ല എങ്കില്‍ വാഹനം ഓടിച്ചവന്റെ മീശ ചുരുട്ടി മേലോട്ട് വച്ചു എന്ന കാരണത്താല്‍ പിഴ എഴുതി നല്‍കുന്നത്. നിയമം തെറ്റിക്കാതെ യാത്രചെയ്യുന്നവനെ "ഇന്നലെ തന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്നില്ല " എന്നകാരണത്താല്‍ ശിക്ഷാ വിധി തനിക്കു തോന്നും പോലെ നടപ്പാക്കുന്നതിനല്ല അഡ്മിന്‍ സൂപ്പര്‍ പവര്‍ പ്രയോഗിക്കേണ്ടത്.അതൊരു ശരിയായ കീഴ്വഴക്കവും അല്ല.

തിരിച്ചടിക്കാന്‍ കഴിയാത്ത ഒരുവനെ ഒരു ആരോഗ്യവാനു എത്ര വേണമെങ്കിലും തല്ലാം.അത് ആണത്തമല്ല.തുല്യ ആരോഗ്യം ഉള്ളവര്‍ തമ്മില്‍ പൊരുതി ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് അന്തസാണ്.ഇതു പോലെ തന്നെ ആണ് അഡ്മിന്റെകാര്യത്തിലും.ഒരു അംഗം മാന്യമായി പറയുന്നത് തനിക്കു ഇഷ്ടമില്ലാ എങ്കില്‍,പറയുന്നവരെ നീക്കം ചെയ്യുകയും അവരുടെ കമന്റുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നതും ആണത്തമായി ഏതെങ്കിലും അഡ്മിന്‍ ദേഹങ്ങള്‍ കരുതുന്നുണ്ടങ്കില്‍ അത് ഭീരുത്വം ആണ്.ഇതു അവരുടെ വിജയം ആണ് എന്നു കരുന്നുവെങ്കില്‍ വെറും മൂഡസ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്നും തിരിച്ചറിയേണ്ടതാണ് .


ഒരിക്കല്‍ ഒരു കൂട്ടായ്മയിലെ അഡ്മിന്‍ സുഹൃത്ത് സൂചിപ്പിച്ചത് ഞാനോര്‍ക്കുന്നു.ഒരാളുടെ സ്വന്തം പൈസ ചിലവഴിച്ചു ഒരു കൂട്ടായ്മ ഉണ്ടാക്കിയാല്‍ അയ്യാള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അത് നിയന്ത്രിക്കുകയും ഇഷ്ടമില്ലാത്ത കമന്റുകളും ഡിലീറ്റ് ചെയ്യുകയും ഇഷ്ടം ഇല്ലാത്തവരെ നീക്കം ചെയ്യുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം അയ്യാള്‍ക്കുണ്ട് എന്നു.ഇതൊരു വഴിപിഴച്ച ചിന്ത ആണ്.കുടുംബം ,സൌഹൃദ കൂട്ടായ്മ എന്നൊക്കെ വീമ്പു പറഞ്ഞുനടക്കുകയും മാടമ്പിത്തരം കാട്ടുകയും ചെയ്യുന്നതിനെ എങ്ങനെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നു വിളിക്കാന്‍ കഴിയും?അപ്പോള്‍ സൌഹൃദത്തെക്കാള്‍ മറ്റെന്തൊക്കെയോ ആണ് ലക്ഷ്യമിടുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ചില ആഗ്രഹങ്ങള്‍ നടപ്പില്‍വരുന്നതിനു വിഘാതങ്ങള്‍ ആകുന്നവ വെട്ടിമാറ്റുകയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

പിണക്കവും ഇണക്കവും കളിയാക്കലും വിമര്‍ശനവും ഒക്കെ ചേര്‍ന്നതാണ് സൌഹൃദം.അവിടെ രാജാവും പ്രജയുമില്ല.ആജ്ഞാപിക്കാനോ പഞ്ചപുച്ഛമടക്കി നിശബ്ദരായിനില്‍ക്കുന്നവരോ ഇല്ല.എല്ലാവരും സമന്മാരാണ്.കാശ് ചിലവഴിച്ചു എന്ന കാരണത്താല്‍ സൌഹൃദത്തിന്റെ മടികുത്തില്‍ പിടിച്ചു മാനത്തിനു വിലപറയാന്‍ വന്നാല്‍ ചാരിറ്റി എന്നു ബോര്‍ഡ്‌ വച്ചിട്ട് വ്യഭിചാരം നടത്തുന്നത് പോലെ ആകും.അവിടെ മാനത്തിനുവില ചോദിച്ചാല്‍ പ്രതികരിക്കുന്നവരുണ്ടാകും.അല്ലാത്തവര്‍'മുതലാളിമാരുടെ' തലോടല്‍ സുഖമുള്ള അനുഭവം ആക്കിമാറ്റും.അതുമല്ലങ്കില്‍ വിധിയെ പഴിച്ചു ആത്മഹത്യക്ക് തുല്യമായ ജീവിതം നയിക്കേണ്ടിയും വരും.ഇതില്‍ ഏത് വിഭാഗത്തില്‍ ആണ് ഓരോ അംഗങ്ങളും എന്നു സ്വയം വിലയിരുത്തുക.


ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിനു ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം.ഒരു ലക്ഷ്യമുണ്ടായിരിക്കണം.അത് വ്യക്തിപരമായ ഹിഡന്‍അജണ്ടയില്‍ കെട്ടിപടുത്തതായിരിക്കരുത്.ഒരു കൂട്ടായ്മ മധുരമൂറുന്ന ചാറ്റിങ്ങിലോ ആത്മാര്‍ഥത ഇല്ലാത്ത പുകഴ്ത്തലുകളോ കാക്കയുടെയും പൂച്ചയുടെയും പേര് പറഞ്ഞുകളിക്കലോ അക്ഷരം മാറ്റി കളിക്കലോ കുറച്ചു ബ്ലോഗുകളിലോ മാത്രമായി ഒതുങ്ങി പോകരുത്.അതിനോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കാലിക പ്രാധാന്യം ഉള്ളവിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങള്‍ പറയാനും ഇടപെടാനും അതില്‍ വേറിട്ട സംഭാനകള്‍ചെയ്യാനും കഴിയണം.(ഈ അടുത്ത സമയത്ത് ഒരു കൂട്ടായ്മയില്‍ ഒരു അഡ്മിന്‍ പറഞ്ഞത്കേട്ടു ചിരിച്ചു പോയി.ഇനി രാഷ്ട്രീയ ഡിസ്കഷനുകള്‍ ഇട്ടാല്‍ മുന്നറിയിപ്പ് കൂടാതെ ഡിലീറ്റ് ചെയ്യുമന്ന്!! ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് നടത്താന്‍ യാതൊരു യോഗ്യതയും ഇയ്യാള്‍ക്കില്ല എന്നു ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ.)അപ്പോഴാണ്‌ കൂട്ടായ്മക്ക് ഒരു അര്‍ഥം ഉണ്ടാകുന്നത്.നിര്‍ഭാഗ്യം എന്നു പറയട്ടെ മലയാളത്തിലെ ഭൂരിഭാഗം കൂട്ടായ്മകളും ഇത്തരത്തില്‍ അല്ല എന്നതാണ് സത്യം.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരമ്മക്ക് മകനെ നഷ്ടപ്പെട്ടപ്പോള്‍ തിരിച്ചു കിട്ടിയതും,ഈ അടുത്ത കാലത്ത് നിരാലംബനായ ഒരാളെ രക്ഷാകേന്ദ്രത്തില്‍ എത്തിച്ചതും,ഇപ്പോള്‍ നടന്നു വരുന്ന നഴ്സുമാരുടെ സമരവും എല്ലാം സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സംഭാവനകള്‍ ആണ്.ഇത്തരത്തില്‍ നാടിന്റെ ശബ്ദവും സംഭാവനയും ആകണംസോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ .


അംഗങ്ങളുടെ കഴിവിനെ കൂട്ടായ്മക്ക് എങ്ങനെ ഗുണകരമായി പ്രയോജനപ്പെടുത്താം എന്നതായിരിക്കണം അഡ്മിന്റെ കടമ.പല കൂട്ടായ്മകളുടെയും പരാജയവും ഇത് തന്നെ എന്നതാണ്.അഡ്മിന്‍ തമ്മില്‍ എത്ര സൗഹൃദമായിരുന്നാലും അത് പെരുപ്പിച്ചു കാട്ടി മറ്റു സൌഹൃദങ്ങള്‍ക്ക് കോട്ടം തട്ടത്തക്ക രീതി കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും.കാരണം സൌഹൃദത്തില്‍ ഒരിക്കലും ഗ്രൂപ്പ് കളി ഇല്ല എന്നത് തന്നെ ആണ്.

അംഗങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിപറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.ഒരു ചര്‍ച്ച ഇടുമ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ ഉള്ള മിനിമം സ്വാതന്ത്ര്യം ചര്‍ച്ച നയിക്കുന്ന ആള്‍ നിര്‍ബന്ധമായും മറ്റുള്ളവര്‍ക്ക് നല്‍കേണ്ടതാണ്.ഈ ചര്‍ച്ചയില്‍ വിമര്‍ശിക്കാന്‍ പാടില്ല.ആര്‍ക്കു വേണമെങ്കിലും പുകഴ്തി പറയാം എന്ന ഒരു കാഴ്ചപാട് സ്വയം പരിഹാസ്യപാത്ര ആകുന്നതിനു തുല്യം ആണ് എന്നു അറിയേണ്ടതാണ്.പ്രൊഫൈല്‍ പേജുകള്‍ പൂട്ടി വയ്ക്കുന്നത് (moderate )ഒരു നല്ല സൗഹൃദത്തില്‍ ഒട്ടും ചേര്‍ന്നതല്ല .എങ്കിലും ക്ഷമിക്കാവുന്നത് തന്നെ.കാരണം പൂട്ടി വയ്ക്കുന്നവര്‍ക്ക് മറ്റെന്തോ രഹസ്യമായി വയ്ക്കാന്‍ ഉണ്ട് എന്നത് തീര്‍ച്ച .അത് ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് എന്നതുകൊണ്ട്‌ വിട്ടേക്കാം.എന്നാല്‍ ബ്ലോഗുകളും ചര്‍ച്ചകളും ഇടുമ്പോള്‍ കമന്റുകള്‍ പൂട്ടി വയ്ക്കുന്നത് അത്യന്തം ഖേദകരം എന്നു പറയാതെ തരമില്ല.അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെടുകയും മോഡറേറ്റ് ചെയ്യുന്നതിലെ വിരോധാഭാസവും ഒട്ടും ആത്മാഭിമാനം ഉള്ള ഒരാള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല.(വിരുന്നുകാരന്‍ വീട്ടില്‍ വരുമ്പോള്‍ വാതില്‍ അടച്ചിടുന്നത് പോലെ ആണിത്.)അഭിപ്രായം ഇടുന്നവരോട് കാട്ടുന്ന അപമര്യാദ ആണ് അത് ,എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും.വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല.വഴിതെറ്റിക്കുന്ന പുകഴ്ത്തലുകളേക്കാള്‍ ക്രീയാത്മകവും ശക്തമായ വിമര്‍ശനങ്ങള്‍ ആണ് ഗുണകരം എന്ന ബോധവും ഉണ്ടാകേണ്ടതാണ്.ഒരു കൂട്ടായ്മ എന്നത് അഡ്മിന്റെ ധാര്‍ഷ്ട്യവും ഒരംഗത്തിന്റെ തെമ്മാടിത്തവും കാട്ടാനുള്ള വേദിയല്ല.പ്രതിപക്ഷ ബഹുമാനത്തില്‍ പരസ്പരം ശക്തവും വ്യക്തവുമായ ഭാഷയില്‍ സംവദിക്കാവുന്നതാണ്‌ .ഒരു കൂട്ടായ്മയുടെ വളര്‍ച്ച അവിടെ നിന്നാണ് തുടങ്ങുന്നതും.ചുരുക്കത്തില്‍ ഒരു കൂട്ടായ്മയില്‍ ഞാനോ ഞങ്ങളോ ഇല്ല.നമ്മള്‍ മാത്രം.അതല്ലാ എങ്കില്‍ ഓരോ പ്രവര്‍ത്തനങ്ങളും ആ കൂട്ടായ്മയുടെ ശവപ്പെട്ടിക്ക് അടിക്കുന്ന ആണികള്‍ ആയി തീരും എന്ന് ഓര്‍ത്താല്‍ നന്ന്.

Saturday, January 21, 2012

ഒരാഗ്രഹം ബാക്കി ആക്കി യാത്രയായി ...


ഒരു വെള്ള പ്രിമിയര്‍ കാര്‍ വന്നു നിന്നു.നല്ല പൊക്കമുള്ള സുന്ദരമായ ഒരുരൂപം ഒരു വെള്ളരിപ്രാവിനെ പോലെ നടന്നടുക്കുന്നു,സ്ത്രൈണലാവണ്യത്തോടെ ......പ്രസന്ന വദനന്‍ ആയി കുട്ടികളെ ഒട്ടാകെ ഒന്ന്നോക്കി ഒന്ന് പുഞ്ചിരിക്കുന്നു.ആ പുഞ്ചിരിയിലൂടെ ക്ലാസ് നിശബ്ദമാകുന്നു.എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ആ വ്യക്തി പ്രഭാവത്തിന് മുന്നില്‍ അടിയറവുവയ്ക്കുകയും ചെയ്യുന്നു.വളരെ പതിയെ ...അല്ല ,അതിലും പതിയെയുള്ളവാക്കുകള്‍ ....വളരെ കൂര്‍ത്ത കാതുകള്‍ കൊണ്ട് മാത്രം ശ്രദ്ധിച്ചാല്‍ മാത്രംകേള്‍ക്കുന്ന മുത്തു മണികള്‍ ആയിരുന്നു അവ.എന്നാല്‍ പഠിപ്പിക്കുമ്പോള്‍ ഒരുനടന്‍ എന്ന പോലെ മുഖത്തെ ഭാ പല കഥാപാത്രങ്ങളുംമിന്നി മറഞ്ഞു പോകുന്നുണ്ടായിരിക്കും.രണ്ടു മണിക്കൂറിനു ശേഷം ക്ലാസ്അവസാനിപ്പിച്ചു യാത്ര ആകുമ്പോള്‍ വിദ്യാര്‍ഥികളുടെ മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രമായിരുന്നു. ഇത്ര പെട്ടെന്ന് ക്ലാസ് അവസാനിച്ചുവോ?അത് മറ്റാരുമായിരുന്നില്ല എന്റെ പ്രിയ ഗുരുനാഥന്‍,ഞാന്‍ ആരാധനയോടെ എന്നും ബഹുമാനിക്കുന്ന മലയാള സാഹിത്യത്തിലെ ആധുനിക കാലഘട്ടത്തിലെയും ഉത്തരാധുനിക കാലഘട്ടത്തിലെയും ഏറ്റവും വലിയ വിമര്‍ശകന്‍,നിരൂപകന്‍ ശ്രീ .കെ.പി.അപ്പന്‍ ആയിരുന്നു.
സ്വതവേ അന്തര്‍മുഖന്‍ ആയ അദ്ദേഹം "എന്റെ ഉള്ളിലിരുന്നു ആരോ എന്നെ നിശ്ശബ്ദനാക്കുന്നു " എന്നു ഒരിക്കല്‍ പറയുകയുണ്ടായി.അതുകൊണ്ട് തന്നെ മറ്റു ചെറുകിട സാഹിത്യ വിമര്‍ശകര്‍ക്കുള്ള പ്രശസ്തി ഇദേഹത്തിനു ഇല്ലാതെ പോയി.അത് ആഗ്രഹിച്ചിട്ടില്ല എന്നു പറഞ്ഞതാകും കുറച്ചു കൂടി ശരി.ഇന്‍റര്‍നെറ്റില്‍ പരിശോധിച്ചാല്‍ പോലും കൂടുതല്‍ വിവരങ്ങള്‍ സാറിനെ കുറിച്ച് ലഭ്യമല്ല എന്നതാണ് സത്യം.എന്നാല്‍ അദ്ദേഹത്തിനെ വാക്കുകള്‍ക്കായി സാഹിത്യ ലോകം ഉറ്റു നോക്കി കൊണ്ടിരുന്നു.!

പാശ്ചാത്യ സാഹിത്യത്തെ കുറിച്ച് ഇത്രമാത്രം അഗാധമായ പാണ്ഡിത്യം ഉള്ള മലയാള നിരൂപകര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.ഏതെങ്കിലും ഒരു ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ പെട്ടവര്‍ ഇദ്ദേഹത്തെ പോലെ ബൈബിള്‍ നോക്കി കണ്ടതായി അറിവില്ല.മലയാളത്തിലെ ഒരു നിരൂപകന്‍ അദ്ദേഹത്തെ അതുകൊണ്ട് തന്നെ ""ക്രിസ്തീയബിംബങ്ങളുടെ തടവുകാരന്‍ " എന്നു വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു."ബൈബിള്‍ വെളിച്ചത്തിന്റെ കവചം ","മധുരം നിന്റെ ജീവിതം" എന്ന പുസ്തകങ്ങള്‍ ഒരു ക്രിസ്ത്യാനി മാത്രമല്ല വായിക്കേണ്ടത് ഏത് സാഹിത്യ കുതികികള്‍ക്കും അമൂല്യമായ വായന നല്‍കുന്നതാണ്.കഫ്കെ ,കാമ്യൂ,സാര്‍ത്ര് ,നീത്ഷെ തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരെ കുറിച്ച് മലയാള സാഹിത്യത്തില്‍ ആധികാരികമായി പറഞ്ഞ നിരൂപകനും മറ്റാരുമായിരുന്നില്ല.മലയാളത്തില്‍ ആധുനികതക്ക് ശേഷം ആധുനികോത്തര (ഉത്തരാധുനിക ) പ്രസ്ഥാനം അവതരിപ്പിച്ച സാഹിത്യകാരന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം അറിയപെടുന്നത്.

ദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഓരോ കവിതകള്‍ ആയിരുന്നു.ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു "ഇത്ര മനോഹരമായ ഒരു ശയ്യാ ഗുണം (diction ) ഉള്ള സാര്‍ എന്ത് കൊണ്ട് കവിത എഴുതിയില്ല."ചിരിച്ചുകൊണ്ട്മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു."എന്റെ ഭാഷ എന്റെ വായനയില്‍ നിന്നു രൂപപ്പെടുത്തി എടുത്തതാണ്.പിന്നെ എന്റെ വേഷം എന്നത് ഒരു നിരൂപകന്റെതാണ്."അവാര്‍ഡുകളോട് അദ്ദേഹത്തിന് വിരക്തി ആയിരുന്നു.ഒരിക്കല്‍ ഞാന്‍ ഇതു സൂചിപ്പിച്ചപ്പോള്‍ അവാര്‍ഡുകളില്‍ എനിക്ക് വിശ്വാസമില്ല എന്നായിരുന്നു മറുപടി.അത് കൊണ്ട് തന്നെ ഒരു അവാര്‍ഡിനും അദ്ദേഹം വഴങ്ങിയിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ എടുത്തു കാട്ടുന്നതായിരുന്നു.എന്നാല്‍ എക്കാലവും കെ.പി.അപ്പന്‍ എന്ന സാഹിത്യ നിരൂപകന്റെ വാക്കുകള്‍ക്കു കാതോര്‍ത്തു നില്‍ക്കുന്ന മലയാള സാഹിത്യത്തെ നമുക്ക് കാണാന്‍ കഴിയുമായിരുന്നു.

രു മാഗസീന് വേണ്ടി ഒരിക്കല്‍ അദ്ദേഹത്തെ അഭിമുഖം ചെയ്യാനുള്ള ഒരു മഹാ ഭാഗ്യം എനിക്കുണ്ടായി.അതൊരു അനുഭവം തന്നെ ആയിരുന്നു.അവസരം ലഭിച്ചാല്‍ പിന്നീടൊരിക്കല്‍ അത് പറയാം .പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പല ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വസതി "കാര്‍ത്തിക" യില്‍ പോകുമായിരുന്നു.എന്ത് കൊണ്ട് "കാര്‍ത്തിക " എന്നു വീടിനു പേര് നല്‍കി എന്നു ചോദിച്ചപ്പോള്‍, "അത് ഭാര്യയുടെ നക്ഷത്രമാണ് .എന്റെ നക്ഷത്രം വീടിനു ഇടാന്‍ കൊള്ളില്ല."ഭരണി"ആണ്.ഞാന്‍ പെട്ടെന്ന് പൊട്ടി ചിരിച്ചു പോയി.ഒപ്പം സാറിന്റെ സ്വതസിദ്ധമായ പുഞ്ചിരിയും.പിന്നീടു ഒരു ഇന്റെര്‍വ്യൂ യിലും സാര്‍ ഇതു പറഞ്ഞിരുന്നു.

സാറിന്റെ പഴയ കുറിപ്പുകള്‍ കുറെ പകര്‍ത്തി എഴുതി കൊടുക്കാന്‍ എന്നോട് ആവശ്യപെട്ടപ്പോള്‍ എഴുതാന്‍ വളരെ മടി ആയിരുന്ന എനിക്ക് അതൊരു അംഗീകാരം പോലെ തോന്നി.ഒരിക്കല്‍ ക്ലാസ്സില്‍ വച്ചു എന്നോടൊരു ചോദ്യം ."രാജേഷിനു ഇഷ്ടപെടാത്ത കവി ആരാണ്." ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഒന്ന് പകച്ചു.ഞാന്‍ നിശബ്ദനായി നിന്നു.അദ്ദേഹം തുടര്‍ന്നു."ഏറ്റവും ഇഷ്ടപ്പെടുന്ന കവി ആര് എന്നു പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്.എനിക്ക് വേണ്ടത് ആ ഉത്തരമല്ല.നാളെ എഴുതി കൊണ്ടുവരൂ..."എനിക്ക് സമാധാനമായി.ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്ന കവികളില്‍ ഒരാളായ കുമാരനാശാനെതന്നെ ഞാന്‍ ഇഷ്ടപെടാത്ത കവിയായി അവതരിപ്പിച്ചു.അത് വായിച്ചു ഒന്ന് ചിരിക്കുക മാത്രം ചെയ്തു.ചോദിക്കാന്‍ ഉള്ള ധൈര്യം ഇല്ലാത്തതിനാല്‍ ഞാന്‍ അഭിപ്രായം ചോദിച്ചതും ഇല്ല.പഠനകാലം കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ് ഓട്ടോഗ്രാഫിയില്‍ അദ്ദേഹം എന്റെ കൂട്ടുകാര്‍ക്ക് എഴുതി കൊടുത്തതില്‍ നിന്നു വ്യത്യസ്തമായി എനിക്ക് എഴുതി തന്നത് ഇന്നും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.W.B.Yeats ന്റെ "The best is yet to be..എന്ന വാചകം ആയിരുന്നു കുറിച്ച് തന്നത്.ആ വാക്കുകള്‍ എന്നെ പല ഘട്ടത്തിലും പ്രചോദനമേകിയിരുന്നു.അദ്ദേഹത്തെ കുറിച്ച് ഓര്‍മ്മിക്കാന്‍ എനിക്ക് ഒരുപാട് മധുര സ്മരണകള്‍ ഇനിയുമുണ്ട് ധാരാളം.
പൊതു വേദികളില്‍ നിന്നു അദ്ദേഹം ഒഴിവായി നിന്നു.എന്നാല്‍ കൊല്ലം നീരാവിലെ വായനശാലയില്‍ എല്ലാകൊല്ലവും അദ്ദേഹംകുട്ടികളെ എഴുത്തിനിരുത്തിയിരുന്നു."അനേകം കൈകളുള്ള ഒരു ഭീകര ജീവി പല വിധ വികാരങ്ങളോടെ ആഹരിക്കുന്നത് പോലെ ആണ് കല്യാണ സദ്യ "എന്നു പറഞ്ഞിട്ടും ,വരില്ല എന്നറിയാവുന്നത് കൊണ്ടും എന്റെ വിവാഹത്തിനു അദേഹത്തെ ക്ഷണിച്ചിരുന്നില്ല.വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും എന്റെ ഭാര്യയും മൂത്ത മകനും കൂടി അദ്ദേഹത്തെ കാണാന്‍ ചെന്നു."ങാ...രാജേഷ് ,എന്തുണ്ട് വിശേഷങ്ങള്‍.....വരൂ" എന്നു ചോദിച്ചുകൊണ്ടാണ് വരവേറ്റത്.അപ്പോഴും എന്റെ പേര് അദേഹത്തിന് ഓര്‍മ്മയുണ്ട് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അല്പം അഹങ്കരിച്ചു പോയില്ലേ എന്നു തോന്നി.പിന്നീടു എന്റെ ആദ്യ മകന് ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ചതും അദ്ദേഹം ആയിരുന്നു.


2008 ഡിസംബര്‍ 16 നു ആയിരുന്നു അദ്ദേഹം ശാന്തമായി കടന്നു പോയത് നമ്മളില്‍ നിന്ന്‌.ഒരാഗ്രഹം എനിക്കുണ്ടായിരുന്നു.എന്റെ ഒരു കഥ അദേഹത്തിന് വായിക്കാന്‍ നല്‍കി അഭിപ്രായം അറിയണമെന്ന്....കഴിഞ്ഞില്ല...കൊടുക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല....എന്റെ പൊട്ടകഥകള്‍ വായിക്കാന്‍ കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ ഞാനൊരു പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാള്‍ ആകുമായിരുന്നില്ല.പകരം ഈ ലേഖനം അദ്ദേഹത്തിനായി സമര്‍പ്പിക്കുന്നു....ഇതു എന്റെ ഗുരു പൂജ....സ്വീകരിച്ചാലും....
"വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്.".....
K.P.APPAN - ക്ഷോഭിക്കുന്നവരുടെ സുവിശേഷം

Wednesday, November 23, 2011

അവള്‍ കാത്തിരിക്കുകയാണ്

അവള്‍ കാത്തിരിക്കുകയാണ് ....

അജിത്‌ വരുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു.ഒരു ദിവസത്തില്‍ കൂടുതല്‍ മിണ്ടാതിരിക്കാന്‍ അവന് കഴിയില്ല.
എന്നാല്‍ ഇന്ന് ഒരാഴ്ച ആയിരിക്കുന്നു! ഇന്റെര്‍നെറ്റിലൂടെ മാത്രമേ അജിത്തിനെ അവള്‍ക്കു പരിചയം ഉള്ളൂ.ചാറ്റിലൂടെ വാചാലനായി സംസാരിക്കുന്ന അവന്റെ നിഷ്കളങ്കമായ കുസൃതിയിലും അവള്‍ നല്ല ഒരു സുഹുര്‍ത്തിനെ കണ്ടെത്തുക ആയിരുന്നു.പലപ്പോഴും അവള്‍ മറുപടി ടൈപ്പാന്‍ വൈകുമ്പോള്‍ അജിത്ത് വല്ലാതെ ദേഷ്യം പിടിക്കുന്നത്‌ ആദ്യമൊക്കെ അവള്‍ക്കു അരോചകം ആയിരുന്നു.പിന്നീടു അവന്റെ മറുപടിയും വൈകുമ്പോള്‍ അവളും അക്ഷമ കാണിക്കാന്‍ തുടങ്ങി.

"നിന്നെ ഞാന്‍ വല്ലാതെ വിശ്വസിക്കുന്നു."ഒരിക്കല്‍ അവള്‍ അവനോടു പറഞ്ഞു.
"എന്നെ വിശ്വസിക്കരുത്.ഞാന്‍ നിന്നെ ചതിക്കും .അദൃശ്യമായ ഈ കാണാ ലോകത്ത് എന്നെ എന്നല്ല ആരെയും വിശ്വസിക്കരുത്. " എന്നായിരുന്നു അവന്റെ മറുപടി.
"ഇല്ല. നിനക്കെന്നെ ചതിക്കാന്‍ കഴിയില്ല." അവള്‍ ബലമായി വിശ്വസിച്ചു.
അപ്പോള്‍ അവന്‍ ചാറ്റിലൂടെ പൊട്ടിച്ചിരിച്ചത് അവള്‍ക്കു കേള്‍ക്കാമായിരുന്നു.
"പോടാ....." അവള്‍ക്കു ദേഷ്യം വന്നു.
അപ്പോഴും അവന്റെ പൊട്ടിച്ചിരി.

ആ സൌഹൃദം കാട്ടുതീ പോലെ ആയിരുന്നു! ഇന്റര്‍നെറ്റ്‌ ലോകത്തിന്റെ കാപട്യത്തിന് ഒരു മറുപടി ആയിരുന്നു അ സൌഹൃദം .
"നീ ഏന്തേ എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചില്ല ഇതുവരെ ?"അവളായിരുന്നു അജിത്തിനോട് ചോദിച്ചത് .
"വേണ്ട.എനിക്ക് വേണ്ട." അവന്‍ നിരസിച്ചു .
"അതെന്താ"?!!! അവള്‍ അത്ഭുതത്തോടെ ചോദിച്ചു.
അതിനു വ്യക്തമായ മറുപടി അവന് ഉണ്ടായിരുന്നു.
"ചാറ്റില്‍ സംസാരിക്കുന്നത് പോലെ എനിക്ക് ഫോണില്‍ സംസാരിക്കാന്‍ കഴിയില്ല.പരസ്പരം കാണാതെ,പരസ്പരം കേള്‍ക്കാതെ ഉള്ള ഈ കൂട്ട് മതി.ഇങ്ങനെ കാണാതെ,കേള്‍ക്കാതെ ഉള്ള കൂട്ടുകെട്ടിന് പറഞ്ഞറിയിക്കാന്‍ കഴിയാതെ ഉള്ള ഒരു സുഖം ഉണ്ട്."
"ഉം" അവള്‍ മറുപടി ഒരു മൂളലില്‍ ഒതുക്കി.

ഒരാഴ്ച മുന്‍പ് അവന്‍ വല്ലാതെ അകലം പാലിച്ചു കണ്ടു.ഒറ്റ വാക്കില്‍ ഉത്തരങ്ങള്‍...
"എന്താടാ നീ എന്നോട് മിണ്ടാത്തത്...." അവള്‍ക്കു വല്ലാത്ത വിഷമം ഉണ്ടായിരുന്നു.
പെട്ടെന്നായിരുന്നു അവന്റെ മറുപടി....
"ഞാന്‍ നിന്നെ ചതിച്ചു......."
പിന്നെ ഒരു നീണ്ട മൌനം ......
"നമുക്ക് ഇനി മിണ്ടാതിരിക്കാം..." അജിത്‌ .
"എന്തിനു....എന്തിനു നമ്മള്‍ മിണ്ടാതിരിക്കണം ...." അവള്‍ വിതുംബിയോ...?
"വെറുതെ......വെറുതെ....." അവന്‍ പുലമ്പിക്കൊണ്ടിരുന്നു...
"വേണ്ടടാ....നമുക്ക് മിണ്ടാതെ ഇരിക്കണ്ട....നിനക്ക് കഴിയുമോ അങ്ങനെ ആകാന്‍......?"....അവള്‍.
"കഴിയണം......" അവന്‍ തീരുമാനിച്ചു കഴിഞ്ഞു....
"ബൈ ....." അവന്‍ ചാറ്റ് കട്ട്‌ ചെയ്തു......
അവള്‍ വല്ലാതെ കേണു പോയി......
എല്ലാ ദിവസവും അവള്‍ വന്നു വിളിക്കും....ഒന്ന് മിണ്ടാടാ... എന്നു കേണു പറയും...
പക്ഷെ അവന്‍ പ്രതികരിച്ചിരുന്നില്ല..! മരണം മനുഷ്യരെ ചിലപ്പോള്‍ വില്ലാനായി എത്തി വല്ലാതെ അകറ്റും..ബസ്സിന്റെ രൂപത്തില്‍ കോരി ചൊരിയുന്ന ആ മഴ അവന്റെ ജീവന്‍ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നത്‌ അറിയാതെ ഇന്നും അവള്‍ വന്നു വിളിച്ചു....
"ഹലോ...."
"ഹലോ...."
................
"ഇനി ഞാന്‍ വരില്ല.....നീ വന്നു വിളിക്കാതെ...."

അവള്‍ വന്നു നിത്യവും വന്നു വിളിക്കുന്നത്‌ അജിത്‌ കാണുന്നുണ്ട് മറ്റൊരു അദൃശ്യ ലോകത്ത് നിന്നും.
എന്നിട്ടും അവള്‍ കാത്തിരുന്നു..അവന്‍ വരുമെന്ന പ്രതീക്ഷയില്‍.......!!

Sunday, August 21, 2011

സാന്ത്വനം

"ഉണ്ണി വരില്ലേ?"
ലക്ഷ്മിയമ്മ തന്റെ കൈയ്യിലെ പൊതി ,കുഞ്ഞിനെ എന്നപോലെ മാറോട് ചേര്‍ത്തു പിടിച്ചു.കുറെനാളായി ലക്ഷ്മിയമ്മക്ക് അറിയേണ്ടതായി ഇതൊന്നു മാത്രമേ ഉള്ളൂ.കാണുന്നവരോടെല്ലാം അന്വേഷണ കുതികി ആയ വിദ്യാര്‍ത്ഥി പോലെ...
"മോളെ ഉണ്ണി വരില്ലേ?"
"വരും അമ്മച്ചീ ,നാളെ വരുമെന്നല്ലേ പറഞ്ഞത്...?"
ചായ കൊണ്ട് വന്ന പെണ്‍കുട്ടി വെറുതെ സമാധാനിപ്പിച്ചു.

ഓര്‍മ്മയുടെ സ്വര്‍ണ്ണനൂല്‍ കാലത്തിന്റെ ചര്‍ക്കയില്‍ ലക്ഷ്മിയമ്മ ചുറ്റുകയാണ്.
അഞ്ചു വര്‍ഷം ഒരു കുഞ്ഞിനു വേണ്ടി ലക്ഷ്മിയമ്മക്ക് കാത്തിരിക്കേണ്ടി വന്നു.പ്രസവിച്ചു, ആദ്യമായി മുലയൂട്ടിയത് ഓര്‍ക്കുമ്പോള്‍ അവരില്‍ ഒരു വൈദ്യുത തരംഗം കടന്നു പോകാറുണ്ട്.മാറോട് ചേര്‍ത്ത് അമ്മയുടെ മാറിലെ അമൃത വാഹിനി അവനിലേക്ക്‌ ചൊരിഞ്ഞപ്പോള്‍ ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം ഹൃദയ രക്തത്തില്‍ കുറിക്കപെട്ടു.ഒരു സ്ത്രീയുടെ ജീവിതത്തിന്റെ പൂര്‍ണ്ണത....അവന്റെ ആയുസ്സിന്റെ ജീവജലത്തിന്റെ ഉറവ പൊട്ടല്‍....
"ഉണ്ണി വരില്ലേ.....?"
ലക്ഷ്മിയമ്മ ആരോടോ ചോദിക്കുന്നു.....

"പഠിപ്പിച്ചു വലിയവന്‍ ആക്കണം ഇവനെ"
ഉണ്ണിയുടെ അച്ഛന്‍ ലക്ഷ്മിയമ്മയേ മിക്കപ്പോഴും ഓര്‍മ്മിപ്പിച്ചു.അദ്ദേഹം ജോലി കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ എന്നും ഉണ്ണി ഉറങ്ങി കഴിഞ്ഞിരിക്കും."ടക്ക്രൂസ് ഉറങ്ങിയോ?" എന്നു ചോദിച്ചു കൊണ്ടാണ് കയറി വരുന്നത് തന്നെ.അങ്ങനെ ആണ്അദ്ദേഹം സ്നേഹത്തോടെ അവനെ വിളിച്ചിരുന്നത്‌. തൊട്ടിലില്‍ ഉറങ്ങി കിടക്കുന്ന ഉണ്ണിയെ കാലിലും മൂക്കിലും ഉമ്മ കൊടുക്കാതെ ഒരിക്കലും അദ്ദേഹം ഉറങ്ങുമായിരുന്നില്ല.
"മോന്‍ നന്നായി പഠിക്കണം,അമ്മയെ നോക്കണം " മരിക്കുന്നതിനു മുന്‍പ് അച്ഛന്‍ ഉണ്ണിക്കു കൊടുത്ത ഉത്തരവാദിത്വങ്ങള്‍ ആയിരിന്നു അവ.പഠിക്കാന്‍ മിടുക്കന്‍ ആയിരുന്ന അവന്‍ ഇന്ന് വല്യ ഉദ്യോഗസ്ഥന്‍ ആണ്.അവന്റെ ജോലിക്ക് ഒത്ത ഒരു പെണ്ണിനെ വിവാഹവും കഴിച്ചു. ഓര്‍മ്മകളുടെ മാറാല നീക്കി ഈ വാക്കുകള്‍ പെറുക്കി എടുത്തപ്പോള്‍ ലക്ഷ്മി അമ്മയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു.
"ഉണ്ണി വരില്ലേ?"
ലക്ഷ്മിയമ്മയുടെ നോട്ടം വിദൂരതയില്‍ ചെന്നു നിന്നു.

കയ്യിലിരുന്ന, വന്നപ്പോള്‍ കരുതിയ ആ പൊതി ഒന്ന് കൂടി തന്നോട് ചേര്‍ത്തു പിടിച്ചു.
അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയപ്പോള്‍ മടിയിലിരുത്തി ലക്ഷ്മിയമ്മ പറഞ്ഞു കൊടുത്ത കഥകള്‍ ഉണ്ണി മറന്നിട്ടുണ്ടാകുമോ...?എന്തിനു വേറൊരു പാഠശാല .ആ മടിത്തട്ടല്ലേ ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാല.മക്കള്‍ മറന്നു പോയ വിശ്വവിദ്യാലയം....!!!
"ഉണ്ണി വരില്ലേ....?"

ഭക്ഷണം കൊണ്ട് വന്ന വൃദ്ധസദനത്തിലെ പെണ്‍കുട്ടിയോട് ലക്ഷ്മിയമ്മ ചോദിച്ചു.
"ഉണ്ണി കഴിച്ചിട്ടുണ്ടാകുമോ ആവോ?"
പെണ്‍കുട്ടി നൊമ്പരത്തില്‍ പൊതിഞ്ഞ ഒരു ചിരി സമ്മാനിച്ചു.കെട്ടി പിടിച്ചു കൊണ്ട് ചുളിവുകള്‍ വീണ അവരുടെ കവിളില്‍ ഉമ്മവച്ചു.

'ടക്ക്രൂസ്"എന്നു വിളിച്ചു വാരിപ്പുണര്‍ന്നു തെരു തെരെ ചുംബിച്ചിരുന്ന അച്ഛന്റെ വാക്കുകള്‍ കാണാതെ പോയ ഉണ്ണിയോട് ലക്ഷ്മിയമ്മക്ക് തെല്ലും പരിഭവമില്ല.ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി തന്നെ ഈ ചുമരുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു പോയതിലും ലക്ഷ്മിയമ്മക്ക് ദു:ഖമില്ല.അവരുടെ മുന്നില്‍ ആഹാരം എത്തുമ്പോള്‍ ഉണ്ണി കഴിച്ചോ എന്ന ആവലാതി ആണ് അവരുടെ ഉള്ളില്‍..അവന് നല്ലത് വരണം എന്ന പ്രാര്‍ത്ഥന മാത്രം...അവര്‍ കൂടുതല്‍ അവനെ സ്നേഹിച്ചതേ ഉള്ളൂ...! എങ്കിലും അവന്‍ വരും എന്നു ആ അമ്മ കാത്തിരുന്നു ഇതുവരെ.ഒടുവില്‍-

"ഉണ്ണി വരില്ലാ... അല്ലേ? അമ്മയുടെ കുട്ടി കുറുമ്പന്‍...."
അറിയാതെ അവരുടെ കണ്ണുകളില്‍ നിന്നു രണ്ടു തുള്ളി കണ്ണുനീര്‍ മാറോട് ചേര്‍ത്തു പിടിച്ചിരുന്ന പൊതിയില്‍ തെറിച്ചു വീണു.പൊതി അഴിച്ചു നോക്കി.ഉണ്ണിക്ക് ആദ്യ ശമ്പളം കിട്ടിയപ്പോള്‍ ലക്ഷ്മിയമ്മക്ക് വാങ്ങി കൊടുത്ത സാരി ആയിരുന്നു അതിനുള്ളില്‍ ...!!

( കണക്കു കൂട്ടലിന്റെയും ലാഭ നഷടങ്ങളുടെയും കൂട്ടി കിഴിക്കലില്‍ അച്ഛന്‍ അമ്മമാരുടെ സ്നേഹം എന്തെന്ന് പഠിപ്പിക്കാന്‍ ആവശ്യമായ ഒരു പാട്യ പദ്ധതി ഇന്ന് നമുക്കില്ല.മാറുന്ന ജീവിത സാഹചര്യത്തില്‍ പണവും സുഖവും തേടി പോകുന്ന മക്കള്‍ അറിഞ്ഞോ അറിയാതെയോ കാണാതെ പോകുന്ന മാതാ പിതാക്കള്‍ക്ക് വേണ്ടി ഈ കഥ സമര്‍പ്പിക്കുന്നു)

NB :12 .6 .2003 .ഇല്‍ എഴുതിയ കഥ ഈ അടുത്തകാലത്ത് വായിക്കാന്‍ ഇട ആയ പത്ര വാര്‍ത്തകളും കേട്ട പ്രസംഗങ്ങളും കഥ ഘടനയില്‍ അല്പം മാറ്റം വരുത്തിയിട്ടുണ്ട്.

Friday, July 15, 2011

ഒരു ഭര്‍ത്താവ് കാമുകന്‍ ആകുന്നു..

ഭുവന്‍ ഒരു പ്രേമലേഖനം എഴുതാന്‍ തീരുമാനിച്ചു.....
എന്താ നിങ്ങള്‍ക്ക് ചിരിവരുന്നുണ്ടോ....?

അപ്രതീക്ഷിതമായാണ് അവന്‍ കടലും കടന്നു ഈ മരുഭൂമിയില്‍ എത്തിയത്.മനസ്സുകൊണ്ട് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല .എല്ലാവരെയും പോലെ ആ 'വലിയവന്റെ ' തീരുമാനം അവനും അനുസരിക്കേണ്ടി വന്നു.
കുറച്ചു വസ്തു വാങ്ങണം,ഒരു കുഞ്ഞു വീട് വക്കണം മക്കളെ നന്നായി പഠിപ്പിക്കാന്‍ സാഹചര്യം ഉണ്ടാക്കണം .ഇതൊക്കെ തന്നെ ആണ് എല്ലാവരെയും പോലെ അവനും ആഗ്രഹിച്ചത്‌.യഥാര്‍ഥത്തില്‍ അവസാനത്തെ ആവശ്യത്തിനു വേണ്ടി ആണ് അവന്‍ ഇവിടെ വന്നത്.ആദ്യത്തെ രണ്ടും അവന്റെ ഭാര്യയുടെതാണ്.
ഒരു ദിവസത്തില്‍ കൂടുതല്‍ അവനെ കാണാതിരിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല.കുട്ടികളോടും അങ്ങനെ തന്നെ.ഗര്‍ഭിണി ആയിരുന്നപ്പോള്‍ ചടങ്ങ് പ്രകാരം അവളെ അവളുടെ വീട്ടില്‍ കൊണ്ട് നിര്‍ത്തിയ ആ ദിവസം ഭുവന്‍ ഇന്നും ഓര്‍ക്കുന്നു.പിറ്റേന്ന് ഒരു ഫോണ്‍ കാള്‍..അവളാണ്..
"ഇന്ന് വരുമോ" അങ്ങനെ ആയിരുന്നു അവള്‍ തുടങ്ങിയത്.
"എന്തിനു" അവന് അവളുടെ വര്‍ത്തമാനത്തില്‍ കുസൃതി തോന്നി.
"വരണം" അതൊരു കല്പന ആയിരുന്നു.
"അത് മോശമല്ലേ......" ഭുവന്‍ ഒന്ന് മടിച്ചു.
മൌനം സംസാരിച്ചു തുടങ്ങി.ഒടുവില്‍...
"ഇന്ന് വന്നെ പറ്റൂ......." അവള്‍ക്കു ഒന്നേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ...അവള്‍ ഫോണ്‍ വച്ചു കഴിഞ്ഞു.

ശരിക്കും ബുദ്ധി മുട്ടിയത്‌ അവന്‍ ആയിരുന്നു.ചടങ്ങ് പ്രകാരം കൊണ്ട് പോയ പെണ്ണിനെ കാണാന്‍ ചെന്നാല്‍.... കുറെ കാരണവന്‍മാര്‍ ഉണ്ട് അവിടെ .സഭ കൂടി ഇതു സംസാര വിഷയമാക്കും.എന്തും വരട്ടെ എന്ന നിലയില്‍ രാത്രിയില്‍ ഒരു പതിനൊന്നരയോടെ അവന്‍ അവിടെ എത്തി.കാരണവന്‍മാരുടെ കണ്ണില്‍
പൊടി ഇടാന്‍ ആയിരുന്നു ആ സമയം തീരുമാനിച്ചത്.താമസിച്ചതിലുള്ള അക്ഷമ അവളുടെ മുഖത്തുണ്ടായിരുന്നു.മുറിയിലേക്ക് കയറിയതും മുഖമടച്ചു ഒറ്റ അടി........!എന്നിട്ട് എന്റെ നെഞ്ചിലേക്ക് അവള്‍ വീഴുക ആയിരുന്നു.തേങ്ങി കരച്ചിലിനിടയില്‍ അവളുടെ വയര്‍ എന്നില്‍ വന്നു തട്ടുന്നുണ്ടായിരുന്നു.എന്തെങ്കിലും പ്രശ്നം ഉണ്ടാകാം ഇവിടെ .എങ്കില്‍ നാളെ തന്നെ വിളിച്ചു കൊണ്ട് പോകണം...അങ്ങനെ ആയിരുന്നു ഭുവന്‍ ചിന്തിച്ചത്.
"എന്ത് പറ്റിയെടാ"...കാരണം അറിയാന്‍ അവന് തിടുക്കമായി.
അവള്‍ വിതുമ്പുക മാത്രം ചെയ്തു.കാര്‍മേഘം ഒഴിയട്ടെ.അല്പം കഴിഞ്ഞു അവള്‍ കണ്ണീര്‍ തുടച്ചു ഒരു പുഞ്ചിരിയോടെ അവനെ നോക്കി കൊഞ്ഞനം കാട്ടി.അവന് ചിരി അടക്കാന്‍ കഴിഞ്ഞില്ല.അവന്‍ --
"ഉം ...തീര്‍ന്നോ...?"
എന്റെ കവിളില്‍ നുള്ളികൊണ്ട്‌ അവള്‍ --
"തീര്‍ന്നു"
"കൊരങ്ങച്ചി......."അവന്‍ വീണ്ടും ചിരിച്ചു.
"ഇന്നലെ ഇച്ചായനെ കാണാതിരുന്നത് കൊണ്ട് എനിക്കുറങ്ങാന്‍ പറ്റിയില്ല.മനസ്സു വല്ലാതെ വിങ്ങുന്നു.അതാ ഞാന്‍ ഫോണ്‍ വിളിച്ചത്....."
ഭുവന്‍ ശരിക്കും പൊട്ടി ചിരിച്ചു പോയി.എന്നെ അടിക്കാന്‍ ഭാവിച്ചതിനു ശേഷം അവള്‍ പിണങ്ങി ഇരുന്നു.
"എനിക്ക് ഇച്ചായന്റെ കൈയില്‍ തല വച്ചു ഉറങ്ങണം എന്നും." ഒരു കൊച്ചു കുട്ടിയെ പോലെ അവള്‍ ചിണുങ്ങി.
"കല്യാണം കഴിക്കുന്നതിനു മുന്‍പ് എങ്ങനെ...? അവന്‍ കളിയാക്കി.
"അതെനിക്കറിയില്ല..." അവള്‍ക്കു ഉത്തരമില്ലായിരുന്നു.
ഞാന്‍ ഇന്നലെ എന്തെ അങ്ങനെ ചിന്തിച്ചില്ല.നന്നായി ഇന്നലെ ഉറങ്ങിയല്ലോ...ഞാന്‍ അവളെ സ്നേഹിക്കുന്നില്ലേ?അതായിരുന്നു ഭുവന്റെ ചിന്ത.അവന്‍ കവിളില്‍ പതിയെ തലോടി.....നന്നായി വേദനിക്കുന്നു.അന്ന് മുതല്‍ അവന്‍ എന്നും രാത്രിയില്‍ അവളുടെ വീട്ടില്‍ പോകും ആദ്യത്തെ ബസ്സിനു തിരിച്ചു പോരികയും ചെയ്യും .


എം.
ടി.വാസുദേവന്‍ നായരും അവന്റെ ആദ്യ രാത്രിയും തമ്മില്‍ നല്ല ബന്ധമുണ്ട്.കല്യാണം കഴിഞ്ഞ ആദ്യ ദിവസം രാത്രി സംസാരത്തിന്റെ 'സ്ടാര്ട്ടിംഗ് ട്രബിള്‍ " ഒഴിവാക്കാന്‍ വേണ്ടി സമ്മാന പൊതികള്‍ ഓരോന്നായി അഴിച്ചു നോക്കി കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു കിടക്കുക ആയിരുന്നു.കുറെ നേരം കഴിഞ്ഞു അവന്‍ നോക്കുമ്പോള്‍ അവള്‍ നല്ല ഉറക്കത്തില്‍ ........
അവന്റെ ബോറന്‍ വര്‍ത്തമാന കേട്ടിട്ടാകുമോ......?
ഇന്നലത്തെ ക്ഷീണം കൊണ്ടായിരിക്കുമോ?
അതോ സുരക്ഷിത വലയത്തില്‍ എത്തി ചേര്‍ന്ന മാന്കുട്ടി ആയതിനാലോ.....?
അവന്‍വിളിച്ചുണര്‍ത്തിയതും ഇല്ല.
അവനാണങ്കില്‍ ഉറക്കം വരുന്നതുമില്ല.തൊട്ടടുത്ത്‌ ഒരു പെണ്‍കുട്ടി.ഉറങ്ങാതെ അവനും.....അന്ന് രാത്രി എം.ടി.യുടെ "മഞ്ഞു"ഒരിക്കല്‍ കൂടി വായിച്ചു തീര്‍ത്തു.
എന്നും എന്നെ കാണണം എന്നു നിര്‍ബന്ധമുളള അവള്‍....അവന്റെ കൈകളില്‍ ഉറങ്ങാന്‍ ആഗ്രഹിച്ച അവള്‍......ഇപ്പോള്‍ എന്ത് ചെയ്യുക ആകും.?.എല്ലാ ദിവസവും ഒരു മിനിറ്റ് എങ്കിലും സംസാരിക്കണമെന്ന് പറഞ്ഞ മണ്ടി..അവള്‍ എത്ര നിസാരമായിട്ടാണ് അത് പറഞ്ഞത്.അവന്റെ തുച്ചമായ ശമ്പളത്തില്‍ എങ്ങനെ അത് സാധിക്കും...അവന്‍ അവളെ കളിയാക്കി.ഒടുവില്‍ എല്ലാദിവസവും ഒരു മിസ്‌ കോളില്‍ ഭുവന്‍ ഒതുക്കി.അവന് അവളോട്‌ സ്നേഹം കൂടിയതേ ഉള്ളൂ..
അവന്‍ എഴുതി --
"ജീവിതത്തിന്റെ യാഥാര്ധ്യത്തിലേക്ക് തിരിച്ചു വരൂ..നീ സീതയെ പോലെ ആകാതെ ഊര്‍മ്മിളയെ പോലെ ആകൂ.."
അവള്‍ തിരിച്ചെഴുതി --
"അങ്ങനെ ആകാന്‍ ശ്രമിക്കുക ആണ്....." ആ കത്തിലെ ചില അക്ഷരങ്ങള്‍ വെള്ള തുള്ളികള്‍ വീണു പടര്‍ന്നിരുന്നു.
എല്ലാം ഉപേക്ഷിച്ചു മടങ്ങി പോയാലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..പക്ഷെ എങ്ങനെ...?രാത്രി രണ്ടും മൂന്നും മണിയാകും ഉറങ്ങാന്‍...പഴയ ജീവിതം തന്നെ മതിയായിരുന്നു...കുഞ്ഞു കുഞ്ഞു പരിഭവങ്ങളും..കൊച്ചു കൊച്ചു കഷ്ടപാടുകളും...അതൊക്കെ എത്ര സുന്ദരമായിരുന്നു....ഈ ചിന്തയുടെ ഒടുവില്‍ ആണന്നു തോന്നുന്നു അവന് അവളോട് പ്രേമം തോന്നി തുടങ്ങിയത്.ഒരിക്കല്‍ അവളോട്‌ ഫോണില്‍ ചോദിച്ചു --
"നമുക്ക് പ്രേമിക്കാം....."
"ഈ വയസാം കാലത്തോ..." അവള്‍ അവ
നെ കളിയാക്കി.
"പ്രേമത്തിനു വയസ്സുണ്ടോ...?" അവന്റെ സംശയം
"ഇല്ലേ......"അവള്‍ ഉറപ്പു വരുത്തി.
"ഇപ്പോള്‍ ഒരു തോന്നല്‍......" അവന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തി.
അവളുടെ ചിരി അവന് പച്ച കോടി കാട്ടി.
എങ്കില്‍ പിന്നെ എന്തുകൊണ്ട് ഒരു പ്രേമ ലേഖനം എഴുതിക്കൂടാ...?എങ്ങനെ എഴുതണം....?ഇതുവരെ അങ്ങനെ ഒരു പരിശ്രമം നടത്തിയിട്ടില്ല.മനസ്സില്‍ ആരോടൊക്കെയോ സ്നേഹം തോന്നിയിട്ടുണ്ട്.ഒന്നും ചോദിച്ചു വാങ്ങിക്കാന്‍ അറിയാത്തതിനാല്‍ പ്രത്യേകിച്ചു ഒന്നും സംഭവിച്ചതുമില്ല.സ്നേഹം തോന്നിയപ്പോള്‍ വാങ്ങി കൂട്ടിയ ഗ്രീറ്റിങ്ങ്സ് കാര്‍ഡുകള്‍ എല്ലാം ഭുവന്‍ ഒരിക്കല്‍ അവളെ കാട്ടി കൊടുത്തു പറഞ്ഞു....
"ഇതെല്ലാം ഞാന്‍ പ്രേമിക്കു
ന്നവര്‍ക്ക് കൊടുക്കാന്‍ വേണ്ടി വാങ്ങിയതാണ്..."
"പിന്നെ എന്തെ കൊടുക്കാതിരുന്നത്.....?"...അവള്‍.
എല്ലാം ഭുവന്‍ അവളുടെ കയ്യില്‍ കൊടുത്തു.കൊടുക്കാന്‍ ആയി ഒരാളില്ലായിരുന്നു എന്നത് അവള്‍ വിശ്വസിക്കുമോ?അവളും ഒരാളെ സ്നേഹിച്ചിരുന്നു എന്നു അവനോടു പറഞ്ഞു.അവള്‍ പ്രേമ ലേഖനം കൊടുത്തിട്ടുണ്ടോ കാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടോ എന്നും അവന്‍ ചോദിച്ചില്ല.ഉണ്ടെങ്കില്‍ ഭാഗ്യവതി തന്നെ....

ഇങ്ങോട്ട് പോകാന്‍ നേരം ഭുവന്‍ ഏറ്റവും ഒടുവില്‍ യാത്ര ചോദിച്ചത് അവളോടായിരുന്നു.മുറിയില്‍ കയറി ഒട്ടി ചേര്‍ന്ന് നിന്നു അവന്റെ സങ്കടം നിയന്ത്രിക്കാന്‍ കഴിയാതിരുന്നപ്പോള്‍ .......മറ്റുള്ളവര്‍ ഗദ്ഗതം കേള്‍ക്കാതിരിക്കാന്‍ അവന്റെ വായ്‌ പൊത്തിയത് അവളായിരുന്നു.! ഭുവന്‍ അത്ഭുതപ്പെട്ടു......അവന്‍ കരുതിയിരുന്നത് അവനായിരിക്കും അവളെ ആശ്വസിപ്പിക്കുന്നത് എന്നു....പക്ഷെ......


അവന്‍ പേപ്പറും പേനയുമെടുത്ത്‌ എഴുതി തുടങ്ങി....
"എന്റെ പ്രിയപ്പെട്ട കൊരങ്ങച്ചിക്ക്............"


(
11.09.2007 -ല്‍ എഴുതിയത് ആണ് ഈ കഥ .വെട്ടി ചുരുക്കിയും അല്പം മാറ്റം വരുത്തിയും പ്രസിദ്ധീകരിക്കുന്നു.)

Monday, May 16, 2011

ആദ്യത്തെ പ്രണയ ലേഖനം


ഞാന്‍ എത്ര തവണ വായിച്ചു........
ഒരെത്തും പിടിയും കിട്ടുന്നില്ല.ആരാണു ഈ കത്തെഴുതിയത്..?ഓര്‍മ്മയില്‍ ഓരോ മുഖങ്ങള്‍ യാത്ര പറഞ്ഞു പോയി.അവയിലൊന്നും മനസ്സുടക്കിയില്ല.ഒരിക്കലും അവര്‍ ആയിരിക്കില്ല എന്നു എനിക്കുറപ്പുണ്ട്.കത്തില്‍ ഒരു വരി മാത്രമേ എഴുതിയിട്ടുണ്ടായിരുന്നു-ഇപ്രകാരം .
ഫെബ്രുവരി 14
"കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ ........രാധ."
ഈ പ്രസിദ്ധ കീര്‍ത്തനം സ്വാതിതിരുനാളിന്റെയോ അതോ ത്യാഗരാജ സ്വാമിയിടെയോ....?അല്ല ഇതു ഇരയിമ്മന്‍ തമ്പി യദുകുല കാമ്പോജിയില്‍ തീര്‍ത്തത് തന്നെ.എന്തെങ്കിലും ആയിക്കോട്ടെ ഇതു എനിക്കെഴുതിയത് ആരാണ്? എന്റെ മനസ്സ് അസ്വസ്ഥമായികൊണ്ടിരുന്നു.ശരിക്കും അന്നാണ് ആ ദിവസത്തിന്റെ പ്രാധാന്യം എന്താണെന്ന് സുഹൃത്തില്‍ നിന്നു അറിഞ്ഞത്.അതെന്റെ പുതിയ അറിവായിരുന്നു!

നല്ലൊരു അദ്ധ്യാപകന്‍ എന്ന പേര് മാത്രം സമ്പാദ്യമുളള എന്നെ സ്നേഹിക്കാനും എവിടെയോ ഒരു ഹൃദയം തുടിക്കുന്നു....!അവള്‍ ആരാണന്നരിയാന്‍ എനിക്കും ആകാംഷ ആയി...എപ്പോഴോ ആരോടെക്കെയോ മനസ്സില്‍ പ്രണയം തോന്നിയിട്ടുണ്ട്.ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പ്രണയിചിട്ടുള്ളതും ഞാനാകാം. ഒന്നും ആരോടും തുറന്നു പറയാന്‍ ധൈര്യം ഇല്ലായിരുന്നു എന്നു പറയുന്നതായിരിക്കും ശരി.സുഹൃത്തുക്കള്‍ പ്രണയിനികള്‍ക്കു ആശംസാ കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ടായിരുന്നു.പിന്നെ ആരും കാണാതെ ഒരെണ്ണം ഞാനും വാങ്ങി സൂക്ഷിക്കും.എന്നെങ്കിലും ഒരു പ്രണയിനി വരുമ്പോള്‍ കൊടുക്കാനായി.അങ്ങനെ ഒരു വലിയ ശേഖരം ഇന്നും എനിക്കുണ്ട്.അതില്‍ ഞാന്‍ എഴുതി വയ്ക്കും ഇങ്ങനെ-

"എവിടെയോ എന്നെ സ്നേഹിക്കാന്നായി ജനിച്ച
എന്റെ പ്രിയപ്പെട്ടവള്‍ക്ക്......."
ഇതു ആദ്യമായാണ് എനിക്ക് ഒരു കത്ത് കിട്ടുന്നത്.ഞാന്‍ ഒരു കടലാസില്‍ അവള്‍ക്കായി കുറിച്ച് വച്ചു,ഒരിക്കല്‍ കാണുമ്പോള്‍ അവള്‍ക്കേകാനായി-
"ഫെബ്രുവരി 19
ആരാണ് നീ.....
ഏതോ ലോകത്ത് നിന്നും ....
സ്നേഹത്തിന്റെ പനിനീര്‍ പുഷ്പം
എനിക്ക് നല്‍കാന്‍ മനസ്സ് കാട്ടിയതില്‍ നന്ദി .......!
ഒത്തിരി സ്നേഹത്തോടെ....."

എന്റെ രാധയെ തേടി ഞാന്‍ പുല്ലാംക്കുഴല്‍ ഊതി നടന്നു....എവിടെയോ ഇരുന്നു അവള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടാകാം.എന്റെ സ്നേഹം കൊതിക്കുന്നുണ്ടാകാം...

രണ്ടു മാസങ്ങള്‍ക്ക് ശേഷം പരീക്ഷ പേപ്പേര്‍ നോക്കി കൊണ്ടിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അതിലെ അക്ഷരങ്ങളില്‍ ഉടക്കി നിന്നു.അതെ........ഇതു തന്നെയല്ലേ......ആ കൈയ്യക്ഷരം......അങ്ങനെ ആകരുതേ എന്നു പ്രാര്‍ഥിച്ചു.ക്ലാസില്‍ നന്നായി പഠിക്കുന്ന സുന്ദരി ആയ ആ പെണ്‍കുട്ടിക്ക്........ഹോ....അവളുടെ കൈയ്യക്ഷരം തന്നെ ...അതെ കൈപ്പടതന്നെ എന്നു ഒന്നുകൂടി ഞാന്‍ ഉറപ്പു വരുത്തി...

മനസ്സ് വീണ്ടും അസ്വസ്തതക്ക് ചങ്ങാത്തം കൂടി.ഫെബ്രുവരി 14 എന്താണ് എന്ന അറിവ് പകര്‍ന്നു തന്ന പ്രിയ കുട്ടീ എനിക്ക് നീ ഗുരു.!...എന്നെങ്കിലും കാണുമ്പോള്‍ കൊടുക്കാന്‍ കരുതി വച്ച കടലാസ് തുണ്ട് എന്നെ നോക്കി പരിഹസിക്കുന്നു.ഞാന്‍ അത് പതിയെ പല തുണ്ടുകളാക്കി വലിച്ചെറിഞ്ഞു....അപ്പോഴും കണ്ണന്റെ കരുണക്കായി രാധ കാത്തിരുന്നു.....!