......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Friday, July 15, 2011

ഒരു ഭര്‍ത്താവ് കാമുകന്‍ ആകുന്നു..

ഭുവന്‍ ഒരു പ്രേമലേഖനം എഴുതാന്‍ തീരുമാനിച്ചു.....
എന്താ നിങ്ങള്‍ക്ക് ചിരിവരുന്നുണ്ടോ....?

അപ്രതീക്ഷിതമായാണ് അവന്‍ കടലും കടന്നു ഈ മരുഭൂമിയില്‍ എത്തിയത്.മനസ്സുകൊണ്ട് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല .എല്ലാവരെയും പോലെ ആ 'വലിയവന്റെ ' തീരുമാനം അവനും അനുസരിക്കേണ്ടി വന്നു.
കുറച്ചു വസ്തു വാങ്ങണം,ഒരു കുഞ്ഞു വീട് വക്കണം മക്കളെ നന്നായി പഠിപ്പിക്കാന്‍ സാഹചര്യം ഉണ്ടാക്കണം .ഇതൊക്കെ തന്നെ ആണ് എല്ലാവരെയും പോലെ അവനും ആഗ്രഹിച്ചത്‌.യഥാര്‍ഥത്തില്‍ അവസാനത്തെ ആവശ്യത്തിനു വേണ്ടി ആണ് അവന്‍ ഇവിടെ വന്നത്.ആദ്യത്തെ രണ്ടും അവന്റെ ഭാര്യയുടെതാണ്.
ഒരു ദിവസത്തില്‍ കൂടുതല്‍ അവനെ കാണാതിരിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല.കുട്ടികളോടും അങ്ങനെ തന്നെ.ഗര്‍ഭിണി ആയിരുന്നപ്പോള്‍ ചടങ്ങ് പ്രകാരം അവളെ അവളുടെ വീട്ടില്‍ കൊണ്ട് നിര്‍ത്തിയ ആ ദിവസം ഭുവന്‍ ഇന്നും ഓര്‍ക്കുന്നു.പിറ്റേന്ന് ഒരു ഫോണ്‍ കാള്‍..അവളാണ്..
"ഇന്ന് വരുമോ" അങ്ങനെ ആയിരുന്നു അവള്‍ തുടങ്ങിയത്.
"എന്തിനു" അവന് അവളുടെ വര്‍ത്തമാനത്തില്‍ കുസൃതി തോന്നി.
"വരണം" അതൊരു കല്പന ആയിരുന്നു.
"അത് മോശമല്ലേ......" ഭുവന്‍ ഒന്ന് മടിച്ചു.
മൌനം സംസാരിച്ചു തുടങ്ങി.ഒടുവില്‍...
"ഇന്ന് വന്നെ പറ്റൂ......." അവള്‍ക്കു ഒന്നേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ...അവള്‍ ഫോണ്‍ വച്ചു കഴിഞ്ഞു.

ശരിക്കും ബുദ്ധി മുട്ടിയത്‌ അവന്‍ ആയിരുന്നു.ചടങ്ങ് പ്രകാരം കൊണ്ട് പോയ പെണ്ണിനെ കാണാന്‍ ചെന്നാല്‍.... കുറെ കാരണവന്‍മാര്‍ ഉണ്ട് അവിടെ .സഭ കൂടി ഇതു സംസാര വിഷയമാക്കും.എന്തും വരട്ടെ എന്ന നിലയില്‍ രാത്രിയില്‍ ഒരു പതിനൊന്നരയോടെ അവന്‍ അവിടെ എത്തി.കാരണവന്‍മാരുടെ കണ്ണില്‍
പൊടി ഇടാന്‍ ആയിരുന്നു ആ സമയം തീരുമാനിച്ചത്.താമസിച്ചതിലുള്ള അക്ഷമ അവളുടെ മുഖത്തുണ്ടായിരുന്നു.മുറിയിലേക്ക് കയറിയതും മുഖമടച്ചു ഒറ്റ അടി........!എന്നിട്ട് എന്റെ നെഞ്ചിലേക്ക് അവള്‍ വീഴുക ആയിരുന്നു.തേങ്ങി കരച്ചിലിനിടയില്‍ അവളുടെ വയര്‍ എന്നില്‍ വന്നു തട്ടുന്നുണ്ടായിരുന്നു.എന്തെങ്കിലും പ്രശ്നം ഉണ്ടാകാം ഇവിടെ .എങ്കില്‍ നാളെ തന്നെ വിളിച്ചു കൊണ്ട് പോകണം...അങ്ങനെ ആയിരുന്നു ഭുവന്‍ ചിന്തിച്ചത്.
"എന്ത് പറ്റിയെടാ"...കാരണം അറിയാന്‍ അവന് തിടുക്കമായി.
അവള്‍ വിതുമ്പുക മാത്രം ചെയ്തു.കാര്‍മേഘം ഒഴിയട്ടെ.അല്പം കഴിഞ്ഞു അവള്‍ കണ്ണീര്‍ തുടച്ചു ഒരു പുഞ്ചിരിയോടെ അവനെ നോക്കി കൊഞ്ഞനം കാട്ടി.അവന് ചിരി അടക്കാന്‍ കഴിഞ്ഞില്ല.അവന്‍ --
"ഉം ...തീര്‍ന്നോ...?"
എന്റെ കവിളില്‍ നുള്ളികൊണ്ട്‌ അവള്‍ --
"തീര്‍ന്നു"
"കൊരങ്ങച്ചി......."അവന്‍ വീണ്ടും ചിരിച്ചു.
"ഇന്നലെ ഇച്ചായനെ കാണാതിരുന്നത് കൊണ്ട് എനിക്കുറങ്ങാന്‍ പറ്റിയില്ല.മനസ്സു വല്ലാതെ വിങ്ങുന്നു.അതാ ഞാന്‍ ഫോണ്‍ വിളിച്ചത്....."
ഭുവന്‍ ശരിക്കും പൊട്ടി ചിരിച്ചു പോയി.എന്നെ അടിക്കാന്‍ ഭാവിച്ചതിനു ശേഷം അവള്‍ പിണങ്ങി ഇരുന്നു.
"എനിക്ക് ഇച്ചായന്റെ കൈയില്‍ തല വച്ചു ഉറങ്ങണം എന്നും." ഒരു കൊച്ചു കുട്ടിയെ പോലെ അവള്‍ ചിണുങ്ങി.
"കല്യാണം കഴിക്കുന്നതിനു മുന്‍പ് എങ്ങനെ...? അവന്‍ കളിയാക്കി.
"അതെനിക്കറിയില്ല..." അവള്‍ക്കു ഉത്തരമില്ലായിരുന്നു.
ഞാന്‍ ഇന്നലെ എന്തെ അങ്ങനെ ചിന്തിച്ചില്ല.നന്നായി ഇന്നലെ ഉറങ്ങിയല്ലോ...ഞാന്‍ അവളെ സ്നേഹിക്കുന്നില്ലേ?അതായിരുന്നു ഭുവന്റെ ചിന്ത.അവന്‍ കവിളില്‍ പതിയെ തലോടി.....നന്നായി വേദനിക്കുന്നു.അന്ന് മുതല്‍ അവന്‍ എന്നും രാത്രിയില്‍ അവളുടെ വീട്ടില്‍ പോകും ആദ്യത്തെ ബസ്സിനു തിരിച്ചു പോരികയും ചെയ്യും .


എം.
ടി.വാസുദേവന്‍ നായരും അവന്റെ ആദ്യ രാത്രിയും തമ്മില്‍ നല്ല ബന്ധമുണ്ട്.കല്യാണം കഴിഞ്ഞ ആദ്യ ദിവസം രാത്രി സംസാരത്തിന്റെ 'സ്ടാര്ട്ടിംഗ് ട്രബിള്‍ " ഒഴിവാക്കാന്‍ വേണ്ടി സമ്മാന പൊതികള്‍ ഓരോന്നായി അഴിച്ചു നോക്കി കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു കിടക്കുക ആയിരുന്നു.കുറെ നേരം കഴിഞ്ഞു അവന്‍ നോക്കുമ്പോള്‍ അവള്‍ നല്ല ഉറക്കത്തില്‍ ........
അവന്റെ ബോറന്‍ വര്‍ത്തമാന കേട്ടിട്ടാകുമോ......?
ഇന്നലത്തെ ക്ഷീണം കൊണ്ടായിരിക്കുമോ?
അതോ സുരക്ഷിത വലയത്തില്‍ എത്തി ചേര്‍ന്ന മാന്കുട്ടി ആയതിനാലോ.....?
അവന്‍വിളിച്ചുണര്‍ത്തിയതും ഇല്ല.
അവനാണങ്കില്‍ ഉറക്കം വരുന്നതുമില്ല.തൊട്ടടുത്ത്‌ ഒരു പെണ്‍കുട്ടി.ഉറങ്ങാതെ അവനും.....അന്ന് രാത്രി എം.ടി.യുടെ "മഞ്ഞു"ഒരിക്കല്‍ കൂടി വായിച്ചു തീര്‍ത്തു.
എന്നും എന്നെ കാണണം എന്നു നിര്‍ബന്ധമുളള അവള്‍....അവന്റെ കൈകളില്‍ ഉറങ്ങാന്‍ ആഗ്രഹിച്ച അവള്‍......ഇപ്പോള്‍ എന്ത് ചെയ്യുക ആകും.?.എല്ലാ ദിവസവും ഒരു മിനിറ്റ് എങ്കിലും സംസാരിക്കണമെന്ന് പറഞ്ഞ മണ്ടി..അവള്‍ എത്ര നിസാരമായിട്ടാണ് അത് പറഞ്ഞത്.അവന്റെ തുച്ചമായ ശമ്പളത്തില്‍ എങ്ങനെ അത് സാധിക്കും...അവന്‍ അവളെ കളിയാക്കി.ഒടുവില്‍ എല്ലാദിവസവും ഒരു മിസ്‌ കോളില്‍ ഭുവന്‍ ഒതുക്കി.അവന് അവളോട്‌ സ്നേഹം കൂടിയതേ ഉള്ളൂ..
അവന്‍ എഴുതി --
"ജീവിതത്തിന്റെ യാഥാര്ധ്യത്തിലേക്ക് തിരിച്ചു വരൂ..നീ സീതയെ പോലെ ആകാതെ ഊര്‍മ്മിളയെ പോലെ ആകൂ.."
അവള്‍ തിരിച്ചെഴുതി --
"അങ്ങനെ ആകാന്‍ ശ്രമിക്കുക ആണ്....." ആ കത്തിലെ ചില അക്ഷരങ്ങള്‍ വെള്ള തുള്ളികള്‍ വീണു പടര്‍ന്നിരുന്നു.
എല്ലാം ഉപേക്ഷിച്ചു മടങ്ങി പോയാലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..പക്ഷെ എങ്ങനെ...?രാത്രി രണ്ടും മൂന്നും മണിയാകും ഉറങ്ങാന്‍...പഴയ ജീവിതം തന്നെ മതിയായിരുന്നു...കുഞ്ഞു കുഞ്ഞു പരിഭവങ്ങളും..കൊച്ചു കൊച്ചു കഷ്ടപാടുകളും...അതൊക്കെ എത്ര സുന്ദരമായിരുന്നു....ഈ ചിന്തയുടെ ഒടുവില്‍ ആണന്നു തോന്നുന്നു അവന് അവളോട് പ്രേമം തോന്നി തുടങ്ങിയത്.ഒരിക്കല്‍ അവളോട്‌ ഫോണില്‍ ചോദിച്ചു --
"നമുക്ക് പ്രേമിക്കാം....."
"ഈ വയസാം കാലത്തോ..." അവള്‍ അവ
നെ കളിയാക്കി.
"പ്രേമത്തിനു വയസ്സുണ്ടോ...?" അവന്റെ സംശയം
"ഇല്ലേ......"അവള്‍ ഉറപ്പു വരുത്തി.
"ഇപ്പോള്‍ ഒരു തോന്നല്‍......" അവന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തി.
അവളുടെ ചിരി അവന് പച്ച കോടി കാട്ടി.
എങ്കില്‍ പിന്നെ എന്തുകൊണ്ട് ഒരു പ്രേമ ലേഖനം എഴുതിക്കൂടാ...?എങ്ങനെ എഴുതണം....?ഇതുവരെ അങ്ങനെ ഒരു പരിശ്രമം നടത്തിയിട്ടില്ല.മനസ്സില്‍ ആരോടൊക്കെയോ സ്നേഹം തോന്നിയിട്ടുണ്ട്.ഒന്നും ചോദിച്ചു വാങ്ങിക്കാന്‍ അറിയാത്തതിനാല്‍ പ്രത്യേകിച്ചു ഒന്നും സംഭവിച്ചതുമില്ല.സ്നേഹം തോന്നിയപ്പോള്‍ വാങ്ങി കൂട്ടിയ ഗ്രീറ്റിങ്ങ്സ് കാര്‍ഡുകള്‍ എല്ലാം ഭുവന്‍ ഒരിക്കല്‍ അവളെ കാട്ടി കൊടുത്തു പറഞ്ഞു....
"ഇതെല്ലാം ഞാന്‍ പ്രേമിക്കു
ന്നവര്‍ക്ക് കൊടുക്കാന്‍ വേണ്ടി വാങ്ങിയതാണ്..."
"പിന്നെ എന്തെ കൊടുക്കാതിരുന്നത്.....?"...അവള്‍.
എല്ലാം ഭുവന്‍ അവളുടെ കയ്യില്‍ കൊടുത്തു.കൊടുക്കാന്‍ ആയി ഒരാളില്ലായിരുന്നു എന്നത് അവള്‍ വിശ്വസിക്കുമോ?അവളും ഒരാളെ സ്നേഹിച്ചിരുന്നു എന്നു അവനോടു പറഞ്ഞു.അവള്‍ പ്രേമ ലേഖനം കൊടുത്തിട്ടുണ്ടോ കാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടോ എന്നും അവന്‍ ചോദിച്ചില്ല.ഉണ്ടെങ്കില്‍ ഭാഗ്യവതി തന്നെ....

ഇങ്ങോട്ട് പോകാന്‍ നേരം ഭുവന്‍ ഏറ്റവും ഒടുവില്‍ യാത്ര ചോദിച്ചത് അവളോടായിരുന്നു.മുറിയില്‍ കയറി ഒട്ടി ചേര്‍ന്ന് നിന്നു അവന്റെ സങ്കടം നിയന്ത്രിക്കാന്‍ കഴിയാതിരുന്നപ്പോള്‍ .......മറ്റുള്ളവര്‍ ഗദ്ഗതം കേള്‍ക്കാതിരിക്കാന്‍ അവന്റെ വായ്‌ പൊത്തിയത് അവളായിരുന്നു.! ഭുവന്‍ അത്ഭുതപ്പെട്ടു......അവന്‍ കരുതിയിരുന്നത് അവനായിരിക്കും അവളെ ആശ്വസിപ്പിക്കുന്നത് എന്നു....പക്ഷെ......


അവന്‍ പേപ്പറും പേനയുമെടുത്ത്‌ എഴുതി തുടങ്ങി....
"എന്റെ പ്രിയപ്പെട്ട കൊരങ്ങച്ചിക്ക്............"


(
11.09.2007 -ല്‍ എഴുതിയത് ആണ് ഈ കഥ .വെട്ടി ചുരുക്കിയും അല്പം മാറ്റം വരുത്തിയും പ്രസിദ്ധീകരിക്കുന്നു.)

3 comments:

  1. Kurachhu confusion undakki. Nannayitundu..Ashasakal

    ReplyDelete
  2. കുറച്ചു പാടു പെട്ടല്ലോ സുഹുര്‍ത്തെ എഴുതി ഒപ്പിക്കാന്‍ നല്ല രസകരമായി തോന്നി

    ReplyDelete
  3. jeevithathil njaanum anubhavichathu thanne ithu.. nannayirikkunnu Rajesh..

    ReplyDelete