......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Sunday, August 21, 2011

സാന്ത്വനം

"ഉണ്ണി വരില്ലേ?"
ലക്ഷ്മിയമ്മ തന്റെ കൈയ്യിലെ പൊതി ,കുഞ്ഞിനെ എന്നപോലെ മാറോട് ചേര്‍ത്തു പിടിച്ചു.കുറെനാളായി ലക്ഷ്മിയമ്മക്ക് അറിയേണ്ടതായി ഇതൊന്നു മാത്രമേ ഉള്ളൂ.കാണുന്നവരോടെല്ലാം അന്വേഷണ കുതികി ആയ വിദ്യാര്‍ത്ഥി പോലെ...
"മോളെ ഉണ്ണി വരില്ലേ?"
"വരും അമ്മച്ചീ ,നാളെ വരുമെന്നല്ലേ പറഞ്ഞത്...?"
ചായ കൊണ്ട് വന്ന പെണ്‍കുട്ടി വെറുതെ സമാധാനിപ്പിച്ചു.

ഓര്‍മ്മയുടെ സ്വര്‍ണ്ണനൂല്‍ കാലത്തിന്റെ ചര്‍ക്കയില്‍ ലക്ഷ്മിയമ്മ ചുറ്റുകയാണ്.
അഞ്ചു വര്‍ഷം ഒരു കുഞ്ഞിനു വേണ്ടി ലക്ഷ്മിയമ്മക്ക് കാത്തിരിക്കേണ്ടി വന്നു.പ്രസവിച്ചു, ആദ്യമായി മുലയൂട്ടിയത് ഓര്‍ക്കുമ്പോള്‍ അവരില്‍ ഒരു വൈദ്യുത തരംഗം കടന്നു പോകാറുണ്ട്.മാറോട് ചേര്‍ത്ത് അമ്മയുടെ മാറിലെ അമൃത വാഹിനി അവനിലേക്ക്‌ ചൊരിഞ്ഞപ്പോള്‍ ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം ഹൃദയ രക്തത്തില്‍ കുറിക്കപെട്ടു.ഒരു സ്ത്രീയുടെ ജീവിതത്തിന്റെ പൂര്‍ണ്ണത....അവന്റെ ആയുസ്സിന്റെ ജീവജലത്തിന്റെ ഉറവ പൊട്ടല്‍....
"ഉണ്ണി വരില്ലേ.....?"
ലക്ഷ്മിയമ്മ ആരോടോ ചോദിക്കുന്നു.....

"പഠിപ്പിച്ചു വലിയവന്‍ ആക്കണം ഇവനെ"
ഉണ്ണിയുടെ അച്ഛന്‍ ലക്ഷ്മിയമ്മയേ മിക്കപ്പോഴും ഓര്‍മ്മിപ്പിച്ചു.അദ്ദേഹം ജോലി കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ എന്നും ഉണ്ണി ഉറങ്ങി കഴിഞ്ഞിരിക്കും."ടക്ക്രൂസ് ഉറങ്ങിയോ?" എന്നു ചോദിച്ചു കൊണ്ടാണ് കയറി വരുന്നത് തന്നെ.അങ്ങനെ ആണ്അദ്ദേഹം സ്നേഹത്തോടെ അവനെ വിളിച്ചിരുന്നത്‌. തൊട്ടിലില്‍ ഉറങ്ങി കിടക്കുന്ന ഉണ്ണിയെ കാലിലും മൂക്കിലും ഉമ്മ കൊടുക്കാതെ ഒരിക്കലും അദ്ദേഹം ഉറങ്ങുമായിരുന്നില്ല.
"മോന്‍ നന്നായി പഠിക്കണം,അമ്മയെ നോക്കണം " മരിക്കുന്നതിനു മുന്‍പ് അച്ഛന്‍ ഉണ്ണിക്കു കൊടുത്ത ഉത്തരവാദിത്വങ്ങള്‍ ആയിരിന്നു അവ.പഠിക്കാന്‍ മിടുക്കന്‍ ആയിരുന്ന അവന്‍ ഇന്ന് വല്യ ഉദ്യോഗസ്ഥന്‍ ആണ്.അവന്റെ ജോലിക്ക് ഒത്ത ഒരു പെണ്ണിനെ വിവാഹവും കഴിച്ചു. ഓര്‍മ്മകളുടെ മാറാല നീക്കി ഈ വാക്കുകള്‍ പെറുക്കി എടുത്തപ്പോള്‍ ലക്ഷ്മി അമ്മയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു.
"ഉണ്ണി വരില്ലേ?"
ലക്ഷ്മിയമ്മയുടെ നോട്ടം വിദൂരതയില്‍ ചെന്നു നിന്നു.

കയ്യിലിരുന്ന, വന്നപ്പോള്‍ കരുതിയ ആ പൊതി ഒന്ന് കൂടി തന്നോട് ചേര്‍ത്തു പിടിച്ചു.
അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയപ്പോള്‍ മടിയിലിരുത്തി ലക്ഷ്മിയമ്മ പറഞ്ഞു കൊടുത്ത കഥകള്‍ ഉണ്ണി മറന്നിട്ടുണ്ടാകുമോ...?എന്തിനു വേറൊരു പാഠശാല .ആ മടിത്തട്ടല്ലേ ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാല.മക്കള്‍ മറന്നു പോയ വിശ്വവിദ്യാലയം....!!!
"ഉണ്ണി വരില്ലേ....?"

ഭക്ഷണം കൊണ്ട് വന്ന വൃദ്ധസദനത്തിലെ പെണ്‍കുട്ടിയോട് ലക്ഷ്മിയമ്മ ചോദിച്ചു.
"ഉണ്ണി കഴിച്ചിട്ടുണ്ടാകുമോ ആവോ?"
പെണ്‍കുട്ടി നൊമ്പരത്തില്‍ പൊതിഞ്ഞ ഒരു ചിരി സമ്മാനിച്ചു.കെട്ടി പിടിച്ചു കൊണ്ട് ചുളിവുകള്‍ വീണ അവരുടെ കവിളില്‍ ഉമ്മവച്ചു.

'ടക്ക്രൂസ്"എന്നു വിളിച്ചു വാരിപ്പുണര്‍ന്നു തെരു തെരെ ചുംബിച്ചിരുന്ന അച്ഛന്റെ വാക്കുകള്‍ കാണാതെ പോയ ഉണ്ണിയോട് ലക്ഷ്മിയമ്മക്ക് തെല്ലും പരിഭവമില്ല.ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി തന്നെ ഈ ചുമരുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു പോയതിലും ലക്ഷ്മിയമ്മക്ക് ദു:ഖമില്ല.അവരുടെ മുന്നില്‍ ആഹാരം എത്തുമ്പോള്‍ ഉണ്ണി കഴിച്ചോ എന്ന ആവലാതി ആണ് അവരുടെ ഉള്ളില്‍..അവന് നല്ലത് വരണം എന്ന പ്രാര്‍ത്ഥന മാത്രം...അവര്‍ കൂടുതല്‍ അവനെ സ്നേഹിച്ചതേ ഉള്ളൂ...! എങ്കിലും അവന്‍ വരും എന്നു ആ അമ്മ കാത്തിരുന്നു ഇതുവരെ.ഒടുവില്‍-

"ഉണ്ണി വരില്ലാ... അല്ലേ? അമ്മയുടെ കുട്ടി കുറുമ്പന്‍...."
അറിയാതെ അവരുടെ കണ്ണുകളില്‍ നിന്നു രണ്ടു തുള്ളി കണ്ണുനീര്‍ മാറോട് ചേര്‍ത്തു പിടിച്ചിരുന്ന പൊതിയില്‍ തെറിച്ചു വീണു.പൊതി അഴിച്ചു നോക്കി.ഉണ്ണിക്ക് ആദ്യ ശമ്പളം കിട്ടിയപ്പോള്‍ ലക്ഷ്മിയമ്മക്ക് വാങ്ങി കൊടുത്ത സാരി ആയിരുന്നു അതിനുള്ളില്‍ ...!!

( കണക്കു കൂട്ടലിന്റെയും ലാഭ നഷടങ്ങളുടെയും കൂട്ടി കിഴിക്കലില്‍ അച്ഛന്‍ അമ്മമാരുടെ സ്നേഹം എന്തെന്ന് പഠിപ്പിക്കാന്‍ ആവശ്യമായ ഒരു പാട്യ പദ്ധതി ഇന്ന് നമുക്കില്ല.മാറുന്ന ജീവിത സാഹചര്യത്തില്‍ പണവും സുഖവും തേടി പോകുന്ന മക്കള്‍ അറിഞ്ഞോ അറിയാതെയോ കാണാതെ പോകുന്ന മാതാ പിതാക്കള്‍ക്ക് വേണ്ടി ഈ കഥ സമര്‍പ്പിക്കുന്നു)

NB :12 .6 .2003 .ഇല്‍ എഴുതിയ കഥ ഈ അടുത്തകാലത്ത് വായിക്കാന്‍ ഇട ആയ പത്ര വാര്‍ത്തകളും കേട്ട പ്രസംഗങ്ങളും കഥ ഘടനയില്‍ അല്പം മാറ്റം വരുത്തിയിട്ടുണ്ട്.

5 comments:

 1. നല്ല ബ്ലോഗ്‌...അഭിനന്ദനങ്ങള്‍

  www.ettavattam.blogspot.com

  ReplyDelete
 2. touching ........

  ReplyDelete
 3. വളരെ നല്ല എഴുത്തുശൈലി . ഹൃദ്രയസ്പര്ശിയായി കഥ പറയാന്‍ കഴിഞ്ഞിരിക്കുന്നു . ഇനിയും ഒരു പാട് രാജേഷിന്റെ തൂലികയില്‍ നിന്നും പ്രതീക്ഷിക്കാം എന്ന് തോന്നുന്നു . ആശംസകളോടെ .

  ReplyDelete
 4. ഈ കഥ മുമ്പും വായിച്ചു നല്ല പരിചയം ആളെ പിടി കിട്ടുനില്ല ......... ആശംസകള്‍

  ReplyDelete