......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Thursday, March 24, 2011

'കിങ്ങിണി' ഒരോര്‍മ്മ കുറിപ്പ്

ഞാന്‍ എന്റെ കിങ്ങിണിയെ കൊന്നു.....!
മരണം നടന്നിട്ട് ഒരാഴ്ച ആയി..എന്തിനു വേണ്ടി ആണ് ഞാന്‍ കൊന്നത്.....?അവള്‍ എന്ത് മാത്രം എന്നെ സ്നേഹിച്ചിരുന്നു.എന്നിട്ടും
ഞാന്‍ .....കിങ്ങിണീ...ഞാനും നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.എങ്ങനെ അത് പറയണമെന്ന് എനിക്കറിയില്ല.നിന്റെ നിമ്നോന്നത മൃദുല മേനിയിലൂടെ വിരലോടിക്കുമ്പോള്‍ ഞാന്‍ എന്റെ സ്നേഹം നിനക്ക് കൈമാറുക ആയിരുന്നു.......നിന്റെ കണ്ണുകള്‍ നോക്കി എത്ര സമയം ഞാനിരിക്കുമായിരുന്നു.?ഇരുട്ടില്‍ പ്രകാശിക്കുന്ന നിന്റെ കണ്ണുകള്‍ നിന്റെ കണ്ണുകള്‍ എനിക്ക് എന്ത് ഹരമായിരുന്നു.നിന്റെ നിറമായിരുന്നു എന്നെ ഏറ്റവും ആകര്‍ഷിച്ചത്.നനുനനുത്ത മേല്‍മീശയും പമ്മി പമ്മിയുള്ള നിന്റെ നടത്തവും ഇടം കണ്ണിട്ടുള്ള നോട്ടവും ആര്‍ക്കാണ് കൊതി ഉണ്ടാക്കാത്തത്.ദേഷ്യം വരുമ്പോള്‍ അവളെ കാണാന്‍ എന്ത് ഭംഗി ആണ്!.മുഖമെല്ലാം ഒരു പ്രത്യേക രീതിയില്‍ കോടിച്ചു പല്ലുകള്‍ കാട്ടിയുള്ള നില്‍പ്പ് ഒന്ന് കാണേണ്ടത് തന്നെ.


മൃദുലമായ
അവളുടെ കരങ്ങള്‍ എന്റെ ശരീരത്തിലൂടെ ഓടി നടക്കുമ്പോള്‍ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ഒരു ശല്യമായിട്ടു തോന്നിയതെ ഇല്ല.എന്റെ മാറോട് ചേര്‍ന്ന് ഞങ്ങള്‍ പരസ്പരം ചൂട് നുകര്‍ന്ന് പുതപ്പിനടിയില്‍ മെയ്യോടു മെയ് ചേര്‍ന്ന് കിടക്കാന്‍ ,എത്ര തന്നെ വരാന്‍ താമസ്സിച്ചാലും അവള്‍ ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു. എന്റെ കൈയില്‍ നിന്ന് ഒരു ഉരുള വാങ്ങി കഴിക്കാതെയും ,എന്റെ ഒരു ശകാരം കേള്‍ക്കാതെയും അവള്‍ക്കു ഉറക്കം വരില്ല എന്നു അവളുടെ ഭാവം കണ്ടാല്‍ തോന്നും.


മിക്കപ്പോഴും
ഞാന്‍ താമസിച്ചായിരിക്കും വീട്ടില്‍ എത്താറു.എന്നെ പ്രതീക്ഷിച്ചു പടിപ്പുരയില്‍ അവള്‍ ഉണ്ടാകും.താമസ്സിച്ചതിലെ പ്രധിഷേധം മുഖത്ത് കാണാം, വന്നതിലെ സന്തോഷവും.അമ്മ ആണ് എനിക്ക് ചോറ് വിളമ്പി തരുന്നത്.അതാണ്‌ പണ്ട് മുതലേ ഉള്ള ശീലം.അവള്‍ അത് നോക്കി നില്‍ക്കും.അപ്പുറത്തേക്ക് അമ്മ പോകുമ്പോള്‍ അവള്‍ വായും പിളര്‍ത്തി വരും.ഒരു ഉരുളയും ഒരു ഉമ്മയും പതിവാണ്.ഒരു കള്ളാ ചിരിയും ചിരിച്ചു അവള്‍ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ മാറി നില്‍ക്കും.ഒരിക്കല്‍ അമ്മ കാണാന്‍ ഇടയായി !അന്ന് മൊത്തം പിറു പിറുക്കല്‍ ആയിരുന്നു.അമ്മായി അമ്മ ഭരണം ഇത്തിരി കൂടുതല്‍ ആണെന്ന് തോന്നി.എന്നിട്ടും ഞാന്‍ ഒന്നും മിണ്ടിയില്ല.അവരോടു പൊട്ടി തെറിക്കണം എന്നുണ്ട് ...എന്നാല്‍ ..നാവു പൊന്തിയില്ല.പക്ഷെ കിടക്കയില്‍ ഞങ്ങളെത്തുമ്പോള്‍ ഞാനവളെ തഴുകി ആശ്വസിക്കുമായിരുന്നു.


കിങ്ങിണിക്ക്
ഇറച്ചി വളരെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍ ആശ തീര്‍ക്കാന്‍ വേണ്ടി മാത്രം അവള്‍ക്കു വേണ്ടി മാത്രം ഞാന്‍ വാങ്ങി കൊണ്ട് വരുമായിരുന്നു.അവള്‍ കൊതിയോടെ തിന്നുമ്പോള്‍ അമ്മയും സഹോദരിയും അവളും ഞാനും കേള്‍ക്കെ തന്നെ അപ്പുറത്ത് താണ്ഡവം ആടും.എല്ലാവര്‍ക്കും വാങ്ങി കൊടുക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ.എന്റെ ധന സ്ഥിതി പലപ്പോഴും മോശമായിരിക്കും.ഒരിക്കല്‍ കിങ്ങിണിക്ക് പോലും വാങ്ങാന്‍ പറ്റില്ല.അത്യാവശ്യ സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്ന പൊതിയില്‍ അവള്‍ക്കുള്ളത്‌ ഇല്ലാന്ന് അറിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ കിടക്കയില്‍ ചെന്നു കിടന്നു.അത് കാണുമ്പോള്‍ എന്റെ അമ്മയ്ക്കും സഹോദരിക്കും വളരെ സന്തോഷമായിരിക്കും.അവരുടെ മുഖത്ത് "പറ്റിപോയ്‌"എന്ന വിചാരമാണ്.ഞാന്‍ ധര്‍മ്മ സങ്കടത്തിലും.എന്ത് പറഞ്ഞു ആസ്വസിപ്പിക്കണമെന്നു എനിക്കറിയില്ല.എന്റെ ആശ്വാസ വചനങ്ങള്‍ കിടക്കയില്‍ മാത്രമായിരുന്നു.എന്റെ സുരക്ഷിതമായ വളയതിനുള്ളിലെ താപോര്‍ജ്ജത്തില്‍ അവളുടെ പരിഭവം അലിഞ്ഞു പോകുമായിരുന്നു.


പിറ്റേന്ന്
പ്രഭാതത്തില്‍ പതിവ് പോലെ കൃത്യ സമയത്ത് തന്നെ അവള്‍ വിളിച്ചുണര്‍ത്തും.അത് അമ്മ ചായയുമായി വരുമ്പോഴാണ്.നേരംവെളുക്കുന്നത് വരെ ഇങ്ങനെ എന്നോടൊപ്പം അവള്‍ കിടക്കുന്നതിലുള്ള ദേഷ്യം അമ്മയുടെ മുഖത്ത് നിറഞ്ഞു നില്‍ക്കുണ്ടായിരിക്കും.ഒരു കുറ്റബോധം എനിക്കും ഉണ്ടാകാറുണ്ട്.ഞാനും കുറ്റക്കാരന്‍ ആണല്ലോ.എങ്ങനെ അവളോട്‌ പറയും എന്നാണ് ഞാന്‍ ചായ നൊട്ടി നുണയുമ്പോള്‍ എന്റെ ചിന്ത.അവള്‍ക്കു കൊടുക്കുന്ന ചായ അവള്‍ കുടിക്കാറില്ല.ഞാന്‍ കുടിച്ചതിന്റെ ബാക്കി തന്നെ അവള്‍ക്കു വേണമെന്ന് നിര്‍ബന്ധമുണ്ട്.പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് ,പല്ല് തേയ്ക്കാതെ വാപോലും കഴുകാതെ ഞാന്‍ കുടിച്ച ചായയുടെ ബാക്കി കുടിക്കാന്‍ ഇവള്‍ക്ക് എങ്ങനെ തോന്നുന്നു.ഞാന്‍ അവളെ നോക്കി പതിയെ ചിരിക്കും.അവള്‍ കണ്ണടച്ച് കാട്ടി അത്യധികം രുചിയോടെ അത് കുടിച്ചു തീര്‍ത്തിട്ടുണ്ടാകും.എന്നിട്ട് നാവു ചുഴറ്റി ചുണ്ട് തുടച്ചു എന്നെ നോക്കി പല്ലിളിച്ചു കാട്ടും.അപ്പോള്‍ അവളുടെ മയങ്ങിയ കണ്ണുകള്‍ നോക്കി ഇരിക്കും.അവള്‍ എന്റെ കര്‍ത്തവ്യ ബോധം ഓര്‍മ്മിപ്പിക്കും.ഞാന്‍ വേഗം കുളിച്ചൊരുങ്ങി ഇറങ്ങും.വ്യം


റോഡു
വരെ അവള്‍ എന്നെ അനുഗമിക്കും.ആദ്യമൊക്കെ ഞാന്‍ അവളെ വിലക്കുമായിരുന്നു.കാരണം പുറത്തു പലരും ഞങ്ങളെ നോക്കി അടക്കി സംസാരിക്കുമായിരുന്നു.പക്ഷെ അത് കണ്ടില്ലന്ന ഭാവമാണ് അവള്‍ക്കു.ഞാന്‍ മറയുന്നത് വരെ നില്‍പ്പ് അവള്‍ നില്‍ക്കും.
വായനയില്‍ ഞാന്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ രസം പിടിച്ചു വരുന്ന അവസരം ചിലപ്പോള്‍ അവളുടെ മൃദുകരങ്ങള്‍ എന്റെ തുടയില്‍ പതിയെ തലോടും.മറ്റു ചിലപ്പോള്‍ എന്റെ കാല്‍ വെള്ളയില്‍ നഖ ചിത്രങ്ങള്‍ ഉണ്ടാക്കും .ഞാന്‍ ദേഷ്യത്തോടെ നോക്കുമ്പോള്‍ എന്റെ നെഞ്ചോടു ഒട്ടിക്കിടന്ന് ഉറക്കം നടിച്ചു കിടക്കും.മിക്കപ്പോഴും ഞാനതിനു ശകാരിക്കും.എന്നാലെന്ത് അവള്‍ക്കൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു.എന്തൊരു ജന്മം......! എത്ര പറഞ്ഞാലും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുട്ടിക്കോത.നിന്റെ കുറുമ്പുകളിലൂടെ നിന്നെ കൂടുതല്‍ സ്നേഹിക്കുക ആയിരുന്നു ഞാന്‍.എന്നിട്ടും ഞാന്‍ നിന്നെ.................


കിങ്ങിണി
ഒരമ്മ ആയി.ഒരു കരിമാടിക്കുട്ടിയുടെ അമ്മ.നിറം എനിക്കിഷ്ടമായില്ല.അവള്‍ അമ്മ ആയതോടെ എന്നെ തീരെ ശ്രദ്ധിക്കാതെ ആയി.കുഞ്ഞിനു പാല്‍ കൊടുക്കുക,ഞാന്‍ തൊടുന്നത് പോലും അവള്‍ക്കിഷ്ടമല്ല.എന്റെ മാറിലെ ചൂട് പറ്റാനോ,എന്നെ ഇക്കിളി പെടുത്താനോ,ബാക്കി ചായകുടിക്കാന്‍ മെനക്കിടാതെ,ഇറച്ചിക്ക് വേണ്ടി ആശപ്പെടാതെ,എന്നോടൊപ്പം ആഹാരം കഴിക്കാതെ,എന്നെ യാത്ര ആക്കാന്‍ കഴിയാതെ....... അവള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇതെല്ലാം! എന്നോട് കാണിച്ച സ്നേഹം എല്ലാം നാട്ട്യമായിരുന്നോ.......?ഇത്രയ്ക്കു എന്നോട് കാണിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു......ഞാന്‍ അവളെ സ്നേഹിച്ചിട്ടെ ഉള്ളൂ......എന്നിട്ടും......ഇല്എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല....അങ്ങനെ ഞാനെന്റെ കിങ്ങിണി എന്ന വെളുത്ത പൂച്ചയെ കൊന്നു.......! കിങ്ങിണീ മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ഞാന്‍ ചെയ്തത്.എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല......എന്റെ ഓര്‍മ്മകളില്‍ നീ നിറഞ്ഞു നില്‍ക്കുന്നു...ഞാന്‍ നിന്നെ സ്വപ്നം കണ്ടു ഞെട്ടി ഉണരുന്നു......മുറ്റത്ത്‌ നിന്റെ മകള്‍ ഓടിക്കളിക്കുന്നു...ഇതൊന്നും അറിയാതെ...ഇനി നിന്റെ സുഗന്ധമുള്ള ഓര്‍മ്മകളുമായ് അവള്‍ ഇവിടെ....

(13.02.1998 -
ല്‍ എഴുതിയതാണ് കഥ.യാദൃശ്ചികമായി കിട്ടിയ ഇതു നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.)

6 comments:

 1. കാര്യം നിസ്സാരം പക്ഷെ പ്രശ്നം ഗുരുതരം മനുഷ്യനാണെന്നു തോന്നും പിന്നെ അത് പൂച്ചേ കുറിച്ചായി മാറും പരിണാമ ഗുപ്തി എന്ന് പറയും ഇങ്ങിനെ എഴുതുന്നതിനെ നല്ല വായന സുഖം പകരുന്നു

  ReplyDelete
 2. താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി കവിയൂര്‍ജി......

  ReplyDelete
 3. ജിജി ഭായ് .....താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി

  ReplyDelete
 4. VALARE ISHTAPETTU.....

  ReplyDelete