......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Monday, June 21, 2010

കുഞ്ഞോളങ്ങള്‍ -6

ആരോടും പറയാന്‍ കഴിയാതെ.........
"വൈദ്യരെ വൈദ്യരെ വൈകുംമ്പം വൈകുംമ്പം
വയറ്റിനകത്തൊരു വേദന "
ഇന്ന് അത് ഓര്‍ക്കുമ്പോള്‍ നെഞ്ഞിനകത്താണ് വേദന.വീടിനടുത്തുള്ള കട തിണ്ണയില്‍ എപ്പോഴും കാണാറുള്ള ഒരാള്‍ ഉണ്ടായിരുന്നു.എല്ലാവരും അദ്ദേഹത്തെ 'വൈദ്യര്‍' എന്നാണ് വിളിച്ചിരുന്നത് .ഞാനും അങ്ങനെ തന്നെ ആയിരുന്നു വിളിച്ചത്.അദ്ദേഹം വൈദ്യര്‍ ആണോ എന്നു ചോദിച്ചാല്‍ ഇന്നും എനിക്കതറിയില്ല.കാവി മുണ്ടും ജുബ്ബയും ധരിച്ചു വടിയും കുത്തി നടക്കുന്ന അദ്ദേഹത്തെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഒരു ടാഗോര്‍ ചിത്രത്തിലേത് പോലെ തോന്നും.ബന്ധുക്കള്‍ ഉണ്ടോ വീട് ഉണ്ടോ എന്നൊന്നും അറിയില്ല.എന്നാല്‍ നാട്ടുകാരെല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കളും വീട് ആ കടത്തിണ്ണയും ആയിരുന്നു.എന്നും വീടിനടുത്തുള്ള തോട്ടില്‍ അദ്ദേഹം കുളിക്കാന്‍ വരുമായിരുന്നു.ആ സമയത്താകും എന്റെ സ്കൂള്‍ യാത്ര.അപ്പോള്‍ ഈ പാട്ട് പാടി ഞാനദ്ദേഹത്തെ വരവേല്‍ക്കും.അദ്ദേഹം ചിരിച്ചു കൊണ്ട് എന്നെ ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി എന്റെ തല മുടിയിലൂടെ വിരല്‍ ഓടിക്കും..മിക്കപ്പോഴും ആ കൈയില്‍ നാരങ്ങ മിട്ടായി എനിക്കായ് കരുതിയിരിക്കും.ആരും കാണാതെ ഞാന്‍ വാങ്ങി പോക്കറ്റില്‍ ഇടും .പിന്നെ റ്റാറ്റാ പറഞ്ഞു യാത്ര ആക്കും.എന്നു ഇത് പതിവായിരുന്നു.

കുട്ടികളോട് അദ്ദേഹത്തിന് വളരെ സ്നേഹമായിരുന്നു.എന്നാല്‍ ചില കുട്ടികള്‍ക്ക് അദ്ധേഹത്തെ പേടി ആയിരുന്നു.ആ രൂപമാകാം കാരണം.ഒരു ദിവസം സ്കൂളില്‍ പോകുമ്പോള്‍ വൈദ്യരെ കണ്ടില്ല.എവിടെ പോയിരിക്കാം അദ്ദേഹം ......? ഞാന്‍ ഓടി കടത്തിണ്ണയില്‍ ചെന്നു.ആളുകള്‍ കൂടി നിന്ന് പിറുപിറുക്കുന്നു.കടത്തിണ്ണയില്‍ ചലനമറ്റു വൈദ്യര്‍ കിടക്കുന്നു.! തൊട്ടരികിലായ് അദ്ധേഹത്തിന്റെ ഊന്നു വടിയും ഒരു പൊതിയിമിരിപ്പുണ്ട്. എല്ലാവരുടെയും കണ്ണുകളില്‍ ശോക ഭാവം.മനസ്സ് വല്ലാതെ നീറുന്നു.മനസ്സില്ല മനസ്സോടെ ഞാന്‍ സ്കൂളില്‍ പോയി.ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ്സ് നിറയെ വൈദ്യരായിരുന്നു.നാളെ ഞാന്‍ ആരോടാണ് ഈ പാട്ട് പാടുക.....? നാളെ മുതല്‍ റ്റാറ്റാ പറഞ്ഞു യാത്ര ആക്കുന്നത് ആരാണ്........? എന്നെ തലമുടിയില്‍ തഴുകി നാരങ്ങ മിട്ടായി തരുന്നതാരാണ്‌......? ഒരു പക്ഷെ അദ്ദേഹത്തിന്റെ ഊന്നു വടിക്ക് അടുത്ത് ഉണ്ടായിരുന്ന പൊതിയില്‍ എനിക്കുള്ള നാരങ്ങ മിട്ടായി ആയിരിന്നിരിക്കുമോ .............?

1 comment:

  1. നന്നായിരിക്കുന്നു. പക്ഷേ വായനയോടൊപ്പം ശബ്ദം വേണമായിരുന്നോ?

    ReplyDelete