......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........
Showing posts with label ബാല്യം. Show all posts
Showing posts with label ബാല്യം. Show all posts

Wednesday, January 26, 2011

കുഞ്ഞോളങ്ങള്‍ -9


രണ്ടു ശിക്ഷയോടുള്ള കടപ്പാട്.

വീട്ടില്‍ നാല് ചുറ്റും പറങ്കി മാവുകളും അടക്കയും ആയിരുന്നു.അത് പൂത്തു കുലച്ചു കിടക്കുന്നത് കാണാന്‍തന്നെ വളരെ രസമായിരുന്നു.ഇന്ന് ഒരു പറങ്കി മാമ്പഴം കാണാന്‍ തന്നെകൊതിക്കാറുണ്ട്. അച്ഛന്റെ അമ്മ ,ഞങ്ങളുടെ ഉപയോഗത്തിന് ശേഷമുള്ള അടക്കയും കശുവണ്ടിയും വിറ്റ് കാശാക്കുമായിരുന്നു.അന്ന് അതിനു നല്ല വിലയും ഉണ്ടായിരുന്നു.
ഒരിക്കല്‍ അച്ഛന്റെ അമ്മ എന്നോട് ഒരു ചെറിയ അടക്ക മരത്തില്‍ കയറി ഒരു അടക്ക പിച്ചി നല്‍കാന്‍ പറ്റുമോ എന്നു ചോദിച്ചു.കേട്ട പാതി കേള്‍ക്കാത്തപാതി ഞാന്‍ അത് സാധിച്ചു കൊടുത്തു.തിരിച്ചിറങ്ങുംവഴി നെഞ്ചില്‍ ഇരട്ട വരയുമല്ല നാല് , വരയുമല്ല അതിലും അനേകം നേര്‍ രേഖകള്‍ വരഞ്ഞു കൊണ്ട് വല്ല വിധേനയും താഴെ എത്തി.പിറ്റേന്നു രാവിലെ അമ്മയുടെ തലയിണ മന്ത്രത്തിന്റെശക്തിയില്‍,അച്ഛന്‍ വളരെ സ്നേഹപൂര്‍വ്വം അരികില്‍ വിളിച്ചു വരുത്തി എന്നോട് പറഞ്ഞു.
"അച്ഛന് വെറ്റില മുറുക്കാന്‍ പാക്കില്ലല്ലോ മോനെ.എന്ത് ചെയ്യും?"

"ഞാന്‍ പറിച്ചു നല്‍കാം . എത്രെണ്ണം വേണം അച്ഛന്.?"
ഞാന്‍ അച്ഛന്റെ ഉത്തരവാദിത്വം ഉള്ള രക്ഷാകര്‍ത്താവായി മാറി!
"തല്‍ക്കാലം രണ്ടു മൂന്നെണ്ണം മതി."
അച്ഛന്‍ വിനീത വിധേയന്റെ വേഷം അണിഞ്ഞു.
ഞാന്‍ ചാടി അടക്കയില്‍ കയറി .രണ്ടാമത്തെ സ്റ്റെപ് വയ്ക്കുന്നതിനു മുന്‍പ് തന്നെ അച്ഛന്റെ പിറകില്‍ഒളിപ്പിച്ചു വച്ചിരുന്ന വടി എന്റെ പൃഷ്ടത്തില്‍ വീണു കഴിഞ്ഞു.ന്യൂട്ടന്‍ തിയറിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഞാന്‍ കയറിയ വേഗത്തില്‍ താഴെ എത്തി.കൂട്ടത്തില്‍ ഒരു ചോദ്യവും.
"ഇനി നീ മരത്തില്‍ കയറുമോ...? "
"ഇല്ല........."
അടുത്ത അടി അടിക്കുന്നതിനു മുന്‍പേ ഞാന്‍ ഉത്തരവും നല്‍കി.കൈകള്‍ രണ്ടും പിന്‍ഭാഗത്ത് അമര്‍ത്തി തിരുമ്മി കൊണ്ട് ഞാന്‍ വീട്ടിന്നുള്ളിലേക്ക് ഓടി കയറി.അമ്മ അപ്പുറത്ത് നിന്ന് ഇതുകണ്ട്ചിരിക്കുന്നുണ്ടായിരുന്നു.!
മറ്റൊരിക്കല്‍ രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഞാനും സഹോദരനുമായി പഠിക്കാന്‍ഇരുന്നപ്പോള്‍ സ്കൂളില്‍ വച്ച് എന്റെ സുഹൃത്ത് പറഞ്ഞു തന്ന തന്ത്രം പരീക്ഷിക്കാന്‍തീരുമാനിച്ചു.ബുക്കില്‍ നിന്ന് പേപ്പര്‍ വലിച്ചു കീറി ബീഡിയുടെ ആകൃതിയില്‍ ചുരുട്ടി കത്തിച്ചു വലിക്കുകഎന്നതായിരുന്നു ആ വിദ്യ.അങ്ങനെ ഞങ്ങള്‍ രണ്ടും കൂടി കത്തിച്ചു പുക വിട്ടു കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒളിച്ചു നിന്ന് ഇതെല്ലാം കണ്ടു നിന്ന അച്ഛനെ ഞങ്ങള്‍ കണ്ടില്ലായിരുന്നു.അന്നുംകണക്കിന് ശകാരവും അടിയും കിട്ടി.
പിന്നീടൊരിക്കലും ഞാന്‍ മരത്തില്‍ കയറുകയോ പുകവലിക്കുകയോ ശീലമാക്കിയിട്ടില്ല.

Tuesday, July 6, 2010

കുഞ്ഞോളങ്ങള്‍ -8

എന്റെ വീടിന്റെ തൊട്ടപ്പുറത്ത് ഒരു കാളവണ്ടി ഉണ്ടായിരുന്നു.'ബാബു'ആയിരുന്നു അതോടിച്ചിരുന്നത്.കാളവണ്ടി ഓടിക്കാന്‍ ഒരു പ്രത്യേക വൈദഗ്ധ്യം തന്നെ പുള്ളിക്കരനുണ്ട്.മോട്ടോര്‍ വണ്ടി എന്നപോലെ ആണ് വണ്ടി റിവേഴ്സ് എടുക്കുന്നതും വണ്ടി ഓടിക്കുന്നതും.അതുകൊണ്ട് തന്നെ ഇന്നത്തെ പോര്ഷ്,ബെന്‍സ്,ലാന്‍ഡ്‌ ക്രുയിസര്‍ , ബി. എം.ഡബ്ലിയു ഒക്കെ ഓടിക്കുന്ന ഗമ ആയിരുന്നു ബാബുവിന്.വണ്ടി കാണുമ്പോള്‍ തന്നെ ഞങ്ങള്‍ അതിന്റെ പിറകിലായി വലിയ ഗമയില്‍ നടക്കും,പോര്ഷ് വണ്ടിയില്‍ ചാരി നില്‍ക്കുന്നത് പോലെ..............! പുസ്തകമെല്ലാം വണ്ടിയുടെ പിറകിലായ്‌ വയ്ക്കും .അതും ബാബു അനുവാദം തന്നാല്‍ മാത്രം.പിന്നെ ഞങ്ങള്‍ കെഞ്ചും ' ഞങ്ങള്‍ വണ്ടിയില്‍ കയറട്ടെ?' 'മാറി നിക്കടാ' ചിലപ്പോള്‍ ഇത്തരം ആക്രോശം ആയിരിക്കും മറുപടി.ചിലപ്പോള്‍ "ട് ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍..........." എന്ന് താളത്തില്‍ ശബ്ദമിട്ടു കൊണ്ട് "കേറാന്‍ പറ്റുന്നവരെല്ലാം കേറിക്കോ" പറഞ്ഞു കൊണ്ട് വണ്ടി വേഗത്തില്‍ തെളിച്ചു വിടും.ഞങ്ങള്‍ ചാടി കേറാന്‍ ശ്രമിച്ചു കൊണ്ട് പിറകെ ഓടും .......എവിടുന്നു കിട്ടാന്‍.....! 

മറ്റു ചിലപ്പോള്‍ " എല്ലാവരും കേറിയാട്ടെ " അപ്പോള്‍ ഞങ്ങള്‍ സന്തോഷത്തോടെ ചാടി കേറും.വണ്ടിയില്‍ ഇരുന്നു കൊണ്ട്.സ്കൂളില്‍ പഠിക്കുന്ന മറ്റു കുട്ടികളോട് ഗമയില്‍ കൈയെടുത്ത് വീശി കാട്ടും.സ്കൂളിന്റെ പടിക്കല്‍ വന്നിറങ്ങിയിട്ട്‌, ഗമയില്‍ അവിടെ നില്‍ക്കുന്ന കൂട്ടുകാരോട് ഉറക്കെ വിളിച്ചു കാര്യങ്ങള്‍ ചോദിക്കും.പിന്നെ സ്കൂളിന്റെ പടികള്‍ കയറി ഒറ്റ പോക്കാണ്.ഇന്ന് ബാബു ഒരു പ്രൈവറ്റ് ബസ്സിലെ 'കിളി' ആണ് .ഇന്നും അത് പോലെ തന്നെ ആണ്.ബാബു ബെല്ലടിക്കുന്നത് കണ്ടാല്‍ തന്റെ വിരല്‍ തുമ്പിലെ ചരടിലാണ് ആ വണ്ടി ഓടുന്നത് എന്നാണ്....

Saturday, July 3, 2010

കുഞ്ഞോളങ്ങള്‍-7

'കാക്കപ്പഴം' തേടി ഒരു യാത്ര .............

ഞങ്ങളുടെ പ്രദേശത്തോട് തൊട്ടടുത്ത്‌ കിടക്കുന്ന സ്ഥലമാണ് പേരയം.പേടിപ്പെടുത്തുന്ന ഒട്ടനവധി കഥകള്‍ സഹോദരിമാരില്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.കുട്ടികളെ ചാക്കിട്ടു പിടിക്കുന്നിടം ,ആളുകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റാത്ത സ്ഥലം,പെണ്‍കുട്ടികള്‍ പോകാന്‍ ഭയക്കുന്ന സ്ഥലം,കുത്തും വെട്ടും നടക്കുന്നിടം ഇങ്ങനെ ഒക്കെയുള്ള കഥകളാല്‍ സമ്പന്നമാണ് അവിടം.എന്നെ പേടിപ്പിച്ചിരുന്നത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സ്ഥലം എന്ന് പറഞ്ഞിട്ടാണ്.അതുകൊണ്ട് പേരയം ഭാഗത്ത്‌ പോയിട്ടില്ലങ്കിലും എന്റെ പേടി സ്വപ്നമായിരുന്നു അവിടം അന്ന്.അല്പസ്വല്പം ശരിആയിരുന്നെങ്കിലും ഏറയും കെട്ടുകഥകള്‍ ആയിരുന്നു.


എന്നാല്‍ ആഭാഗത്ത്‌ നിന്ന് ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു നാലാം ക്ലാസ്സില്‍ എന്നോടൊപ്പം.അവര്‍ 'കാക്കപഴം' കൊണ്ട് വരുമായിരുന്നു.എനിക്ക് ഈ 'കാക്കപഴം' വളരെ ഇഷ്ടമായിരുന്നു.ഈ 'കാക്കപഴത്തിന്റെ ഉറവിടം പേരയം എന്‍.എസ്.എസ്.ഹൈസ്കൂളിനടുത്ത് റോഡ്‌ സൈഡിലായി ഒരു വലിയ മരം നില്‍പ്പുണ്ട്.(ഇന്നും ആ മരം അവിടെ ഉണ്ട്.അതാണ്‌ അന്നത്തെയും ഇന്നത്തെയും ബസ് സ്റ്റോപ്പ്‌.)ആ മരത്തിലെ കായ ആണ് ഈ കാക്കപഴം.വാളന്‍ പുളിയുടെ ആകൃതിയില്‍ ഉള്ള ഇതിനു കാക്കപഴം എന്ന് പേര് വരാന്‍ കാരണം എന്താണന്നു എനിക്കറിയില്ല.കുട്ടികളെല്ലാം കാക്കപഴം എന്നാണ് പറഞ്ഞിരുന്നത്,ഞാനും.തിരികെ സ്കൂളിനടുത്ത്‌ കൊണ്ടാക്കാം എന്ന കരാറില്‍ ഞാന്‍ ഒരു ദിവസം അവരോടൊപ്പം എന്റെ പേടി സ്വപ്നമായ പേരയത്തു പോയി!കൂട്ടുകാരുടെ ധൈര്യത്തിലാണ് ഞാന്‍ പോയത്.സ്കൂള്‍ വിട്ടതിനു ശേഷം ഞാന്‍ അപരിചിതമായ വഴിയിലൂടെ ഒടുവില്‍ കാക്കപഴത്തിന്റെ കേദാര ഭൂവില്‍ എത്തിച്ചേര്‍ന്നു !റോഡ്‌നിറയെ കാക്കപ്പഴം വീണു കിടക്കുന്നു ..........ഹോ....ഞാന്‍ കൈ നിറയെ പെറുക്കി എടുത്തു.ഇനിയും എടുക്കണമെന്നുണ്ട് .പക്ഷെ കുഞ്ഞിക്കൈയ് നിറഞ്ഞിരിക്കുന്നു .....ഒരു ജേതാവിനെപ്പോലെ "ശരി പോകാം"."ഞങ്ങള്‍ വരുന്നില്ല നീ തനിയെ പൊയ്ക്കോ" വീട്ടില്‍ അറിഞ്ഞാല്‍ അടിക്കും"അവര്‍ കാലു മാറി.അവര്‍ നടന്നകന്നു. ഞാനാകെ തകര്‍ന്നു പോയ്‌ .നാടീ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു.ഞാന്‍ എങ്ങനെ പോകും.....?വഴി അറിയില്ല.കാക്കപ്പഴം എന്റെ കൈയ്യില്‍ നിന്ന് താഴെ പോയത് അറിഞ്ഞില്ല .ചേച്ചിമാര്‍ പറഞ്ഞുതന്ന കഥകള്‍ എന്നെ അലട്ടാന്‍ തുടങ്ങി.ഞാന്‍ അവിടെ നിന്ന് കണ്ണീര്‍ ഒഴുക്കി. റോഡിനരുകിലായ് അന്നൊരു ഏര്‍മാടക്കട ഉണ്ടായിരുന്നു.അയ്യാളോട് വഴി പറഞ്ഞു കൊടുക്കാനും എനിക്ക് അറിയില്ല.ആരെങ്കിലും ചാക്കുമായ് വരുന്നുണ്ടോ ?

എന്റെ നിയന്ത്രണം വിട്ടു എങ്ങോട്ടെന്നില്ലാതെ ഞാന്‍ ഓടി ....പിന്നില്‍ നിന്ന് ആ കടക്കാരന്‍ പറയുന്നത് കേട്ടു 'അത് കുണ്ടറക്കുള്ള വഴിയാ'.പേപ്പട്ടിയെ പോലെ ഞാന്‍ ഓടി.അപരിചിതമായ വഴികള്‍.......പെട്ടെന്ന് പേരയം മീന്‍ചന്ത എന്റെ കണ്ണില്‍ പെട്ടു.ഹോ ..എന്റെ ജീവന്‍ വീണു.ചേച്ചിമാരോടൊപ്പം ചന്തയില്‍ മുന്‍പ് വന്നിരുന്നു........! ഈശ്വര...............എന്നെ നീ രക്ഷിച്ചു.ഇനിയുള്ള വഴി അറിയാം...പിന്നെ ഒരു ഓട്ടമായിരുന്നു...നിന്നത് വീട്ടിലും.....കാക്കപഴത്തിനോടുള്ള ആഗ്രഹം അതോടു കഴിഞ്ഞു എന്നുതന്നെപരയാം. ....പിന്നീടു പേരയം എന്‍.എസ്.എസ്. ഹൈസ്കൂളില്‍ ആയിരുന്നു എന്റെ ഉപരി പഠനം.ആ മരം കാണുമ്പോള്‍ ഇന്നും എന്റെ നൊസ്റ്റാള്‍ജിയ ഉണരും...

Monday, June 21, 2010

കുഞ്ഞോളങ്ങള്‍ -6

ആരോടും പറയാന്‍ കഴിയാതെ.........
"വൈദ്യരെ വൈദ്യരെ വൈകുംമ്പം വൈകുംമ്പം
വയറ്റിനകത്തൊരു വേദന "
ഇന്ന് അത് ഓര്‍ക്കുമ്പോള്‍ നെഞ്ഞിനകത്താണ് വേദന.വീടിനടുത്തുള്ള കട തിണ്ണയില്‍ എപ്പോഴും കാണാറുള്ള ഒരാള്‍ ഉണ്ടായിരുന്നു.എല്ലാവരും അദ്ദേഹത്തെ 'വൈദ്യര്‍' എന്നാണ് വിളിച്ചിരുന്നത് .ഞാനും അങ്ങനെ തന്നെ ആയിരുന്നു വിളിച്ചത്.അദ്ദേഹം വൈദ്യര്‍ ആണോ എന്നു ചോദിച്ചാല്‍ ഇന്നും എനിക്കതറിയില്ല.കാവി മുണ്ടും ജുബ്ബയും ധരിച്ചു വടിയും കുത്തി നടക്കുന്ന അദ്ദേഹത്തെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഒരു ടാഗോര്‍ ചിത്രത്തിലേത് പോലെ തോന്നും.ബന്ധുക്കള്‍ ഉണ്ടോ വീട് ഉണ്ടോ എന്നൊന്നും അറിയില്ല.എന്നാല്‍ നാട്ടുകാരെല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കളും വീട് ആ കടത്തിണ്ണയും ആയിരുന്നു.എന്നും വീടിനടുത്തുള്ള തോട്ടില്‍ അദ്ദേഹം കുളിക്കാന്‍ വരുമായിരുന്നു.ആ സമയത്താകും എന്റെ സ്കൂള്‍ യാത്ര.അപ്പോള്‍ ഈ പാട്ട് പാടി ഞാനദ്ദേഹത്തെ വരവേല്‍ക്കും.അദ്ദേഹം ചിരിച്ചു കൊണ്ട് എന്നെ ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി എന്റെ തല മുടിയിലൂടെ വിരല്‍ ഓടിക്കും..മിക്കപ്പോഴും ആ കൈയില്‍ നാരങ്ങ മിട്ടായി എനിക്കായ് കരുതിയിരിക്കും.ആരും കാണാതെ ഞാന്‍ വാങ്ങി പോക്കറ്റില്‍ ഇടും .പിന്നെ റ്റാറ്റാ പറഞ്ഞു യാത്ര ആക്കും.എന്നു ഇത് പതിവായിരുന്നു.

കുട്ടികളോട് അദ്ദേഹത്തിന് വളരെ സ്നേഹമായിരുന്നു.എന്നാല്‍ ചില കുട്ടികള്‍ക്ക് അദ്ധേഹത്തെ പേടി ആയിരുന്നു.ആ രൂപമാകാം കാരണം.ഒരു ദിവസം സ്കൂളില്‍ പോകുമ്പോള്‍ വൈദ്യരെ കണ്ടില്ല.എവിടെ പോയിരിക്കാം അദ്ദേഹം ......? ഞാന്‍ ഓടി കടത്തിണ്ണയില്‍ ചെന്നു.ആളുകള്‍ കൂടി നിന്ന് പിറുപിറുക്കുന്നു.കടത്തിണ്ണയില്‍ ചലനമറ്റു വൈദ്യര്‍ കിടക്കുന്നു.! തൊട്ടരികിലായ് അദ്ധേഹത്തിന്റെ ഊന്നു വടിയും ഒരു പൊതിയിമിരിപ്പുണ്ട്. എല്ലാവരുടെയും കണ്ണുകളില്‍ ശോക ഭാവം.മനസ്സ് വല്ലാതെ നീറുന്നു.മനസ്സില്ല മനസ്സോടെ ഞാന്‍ സ്കൂളില്‍ പോയി.ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ്സ് നിറയെ വൈദ്യരായിരുന്നു.നാളെ ഞാന്‍ ആരോടാണ് ഈ പാട്ട് പാടുക.....? നാളെ മുതല്‍ റ്റാറ്റാ പറഞ്ഞു യാത്ര ആക്കുന്നത് ആരാണ്........? എന്നെ തലമുടിയില്‍ തഴുകി നാരങ്ങ മിട്ടായി തരുന്നതാരാണ്‌......? ഒരു പക്ഷെ അദ്ദേഹത്തിന്റെ ഊന്നു വടിക്ക് അടുത്ത് ഉണ്ടായിരുന്ന പൊതിയില്‍ എനിക്കുള്ള നാരങ്ങ മിട്ടായി ആയിരിന്നിരിക്കുമോ .............?

Thursday, June 17, 2010

കുഞ്ഞോളങ്ങള്‍ -5

ഒടുവില്‍ ഒരു ദിവസം .....
പിന്നീടു ഞാന്‍ പുതുതായി എത്തിയ സ്കൂളില്‍ അവള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.ഇല്ല എന്റെ പുതിയ കൂട്ടുകാര്‍ക്കിടയില്‍ അവള്‍ മാത്രമുണ്ടായിരുന്നില്ല.!എല്ലാ ദിവസവും മുന്‍പ് പഠിച്ച സ്കൂളിനരികിലൂടെ പോകുമ്പോള്‍ എന്റെ കണ്ണുകള്‍ അവള്‍ക്കായ്‌ തേടുകയായിരുന്നു.മനസ് നിറയെ വിങ്ങലായിരുന്നു.യാത്രപോലും ചോദിക്കാതിരുന്ന നൊമ്പരം.....ഒരു പക്ഷെ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലായിരിക്കാം അവള്‍.പരിഭവമില്ല,എന്നെ മറക്കാതിരുന്നാല്‍ മതിയായിരുന്നു.അത് മാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന.മലയാളം പാഠാവലിയിലെ "ആദാമിന്റെ മകന്‍ അബു" എന്ന പാഠഭാഗത്ത്‌ പെറ്റു പെരുകുമെന്നു മോഹിച്ചു മാനം കാണിക്കാതെ സൂക്ഷിച്ചു കൊണ്ട് നടന്ന മയില്‍‌പ്പീലി തുണ്ട് ഒരു ദിവസം കാണാതായപ്പോഴായിരുന്നു ഇത്ര വലിയ ഒരു വേദന ഉണ്ടായത്.വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും ഇന്നും ഞാന്‍ ആഗ്രഹിക്കുന്നു എവിടെയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കില്‍ ആ നാലാം ക്ലാസ്സുകാരായി ഒരിക്കല്‍ കൂടി മാറാമായിരുന്നു! അവളും ഇതുപോലെ ആഗ്രഹിച്ചിട്ടുണ്ടാകുമോ...?
എന്റെ പ്രാര്‍ത്ഥന ഒടുവില്‍ ഫലിച്ചു.! ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ സുഹൃത്തിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി ചെന്നപ്പോള്‍ അകലെ നിന്ന്, ഭര്‍ത്താവിനോടൊപ്പം നടന്നു വരുന്ന അവളെ ഞാന്‍ കണ്ടു.! എന്റെ നെഞ്ഞിടിപ്പ്‌ വര്‍ധിച്ചു.വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കാണുമ്പോഴുള്ള സന്തോഷത്താല്‍ സൗഹൃദം പങ്കിടാന്‍ അരികിലെത്തുന്ന അവളെ സങ്കല്‍പ്പിച്ചുകൊണ്ട്‌ ഞാന്‍ അങ്ങനെ നില്‍ക്കെ....ഭര്‍ത്താവിനെ ചേര്ന്നുരുമി അനുസരണയുള്ള ഭാര്യയെപ്പോലെ ആ പൂമ്പാറ്റ - ഇല്ല കാലം അവളില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു....- നടന്നു വരുന്നു.എന്റെ കണ്മുന്നിലൂടെ അവള്‍ പതിയെ ഒരു അപരിചിതയെ പോലെ കടന്നു പോയി,ഒരു പുഞ്ചിരിപോലും തൂകാതെ ....! സങ്കല്പ്പകൊട്ടരം എന്റെ മുന്നില്‍ തകര്‍ന്നു വീണു ഒരു ചാര കൂമ്പാരമായി മാറി.ഒരുപക്ഷെ അന്നത്തെ നീണ്ടു മെലിഞ്ഞ പയ്യന്റെ ഇന്നത്തെ രൂപ മാറ്റം അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല എന്നു ഞാന്‍ ആശ്വസിച്ചു.
"അന്നെനിക്കൊട്ടും മനസുഖമില്ലെന്റെ
ചന്ദന പമ്പരം എങ്ങോ കളഞ്ഞു പോയ്‌ "

കുഞ്ഞോളങ്ങള്‍ -4

കുഞ്ഞിക്കണ്ണുകള്‍ ഈറനണിഞ്ഞപ്പോള്‍...

ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ബാര്‍ട്ടര്‍ സമ്പ്രദായം ഉണ്ടായിരുന്നു.സ്ലേറ്റു പെന്‍സിലിനു വേണ്ടിയും ബുക്ക്‌ പെന്‍സിലിനു വേണ്ടിയും മറ്റെന്തെങ്കിലും സാധനങ്ങള്‍ കൈമാറുക എന്നതാണ് അത്.എന്റെ വീടിന്റെ പരിസര പ്രദേശങ്ങളില്‍ ധാരാളം കനമുള്ള വെള്ളിതണ്ട് (മഷിതണ്ട്)ഉണ്ടായിരുന്നു. സ്ലേറ്റു വൃത്തിയാക്കാന്‍ അന്ന് വെള്ളിതണ്ട് ആണ് ഉപയോഗിച്ചിരുന്നത്.(അന്യം നിന്ന് പോകലിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ഇത്.സ്ലേറ്റു തന്നെ ഇന്ന് പല സ്കൂളിലും വേണ്ടാതായിരിക്കുന്നു) കനമുള്ളതു കൊണ്ട് നല്ല ഡിമാണ്ട് ആണ് അതിന് കുട്ടികള്‍ക്കിടയില്‍.അങ്ങനെ എന്റെ കൈവശം പെട്ടിനിറച്ചും സ്ലേറ്റു പെന്‍സിലിന്റെ ഒരു നല്ല ശേഖരം തന്നെ ഉണ്ടായിരുന്നു.

മിക്ക കുട്ടികളില്‍ നിന്നും പെന്‍സിലിന്റെ നീളം കണക്കാക്കി വെള്ളിതണ്ട് കൊടുക്കുമ്പോള്‍ അവളില്‍ നിന്ന് മാത്രം ഞാന്‍ സ്ലേറ്റു പെന്‍സില്‍ വാങ്ങിക്കുമായിരുന്നില്ല.മാത്രമല്ല എന്റെ വീട്ടില്‍ വലിയ ഒരു ജാമ്പ മരം ഉണ്ടായിരുന്നു.ആ പ്രദേശത്ത് വീട്ടില്‍ മാത്രമേ ഒരു ജാമ്പ മരം ഇത്ര വലുതായൊന്നുണ്ടായിരുന്നുള്ളൂ.ജാമ്പ പൂവും കായും മൊട്ടും എല്ലാം തിന്നാന്‍ വളരെ രുചിയുള്ളതാണ്. ജാമ്പ പൂക്കുമ്പോള്‍ പൂവും കായും മൊട്ടും എല്ലാം വെള്ളിതണ്ടിനു പകരമായി ഞാന്‍ കൊടുക്കുമായിരുന്നു.എന്നാല്‍ അവള്‍ക്കായ് വാടാത്ത നല്ല പൂവ് ഞാന്‍ പ്രത്യേകം കരുതിയിരുന്നു.അവധി ദിവസം അവളുടെ വീടിന്റെ അരികിലൂടെ ഞാന്‍ പോകുമ്പോള്‍ ഓടി വന്നു അവള്‍ എനിക്കായ് കണ്ണിമാങ്ങകള്‍ പെറുക്കി റോഡിലേക്ക് എറിഞ്ഞു തരുമായിരുന്നു.കണ്ണിമാങ്ങയിലൂടെയും ജാമ്പ പൂവിലൂടെയും ,പൂവന്‍ പഴത്തിലൂടെയും വളര്‍ന്ന ഞങ്ങളുടെ സൌഹൃദം "വലിയ പരീക്ഷ"(final exam) കഴിഞ്ഞതോടെ അവസാനിച്ചു.പിന്നീടു ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല.ഒടുവില്‍ ടി.സി. വാങ്ങാന്‍ പോകുന്ന ദിവസം കാണാം എന്ന എന്റെ പ്രതീക്ഷയും തകര്‍ന്നു പോയി.അധ്യാപകര്‍ക്ക് നാരങ്ങയും കൊടുത്തു വിടവാങ്ങുന്നതിനു മുന്‍പെങ്കിലും അവള്‍ എത്തി ചേരണമേ എന്ന് പ്രാര്‍ത്ഥിച്ചു.ഇല്ല ...അവള്‍ വന്നില്ല...വിങ്ങുന്ന മനസ്സോടെ പടിയിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി പിന്‍ തിരിഞ്ഞു നോക്കി .....എവിടെ എങ്കിലും.......?ഒന്ന് കണ്ടാല്‍ മതിയായിരുന്നു................പോകാനായി അച്ഛന്‍ ധൃതി പിടിക്കുന്നു........എന്റെ കുഞ്ഞികണ്ണുകള്‍ ഈറനണിഞ്ഞു..........

കുഞ്ഞോളങ്ങള്‍ -3

എന്നും എന്നെ നോക്കി പുഞ്ചിരിക്കുന്ന പൂമ്പാറ്റ

നാലാം ക്ലസ്സിലേതാണ് ഓര്‍മ്മയില്‍ ഏറയും.നിരവധി കൂട്ടുകാര്‍.....ആ ഓര്‍മ്മകള്‍ എന്നെ വാചാലനാക്കും .പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓര്‍മ്മകള്‍... എവിടെ നിന്ന് തുടങ്ങണം.....എന്‍റെ കൂട്ടുകാരിയില്‍ നിന്ന് തന്നെ ആകട്ടെ.സാവിത്രി - വിടര്‍ന്ന കണ്ണുകളും തിളങ്ങുന്ന ഫ്രാക്കുമായി പൂമ്പാറ്റയെ പോലെ എന്നും സ്കൂളില്‍ എത്തുന്ന അവളുടെ പ്രകൃതത്തില്‍ ആകര്‍ഷകമായ എന്തോ ഒന്ന് കുടികൊള്ളുന്നുണ്ട് എന്ന് തീര്‍ച്ച. ഞങ്ങള്‍ ക്ലാസിലെ മീറ്റിങ്ങിനാണ് ആദ്യമായി പരിചയപ്പെടുന്നത്.എല്ലാ ആഴ്ചയും വെള്ളിയാഴ്ച അവസാനത്തെ പീരീഡ്‌ മീറ്റിംഗ് ആണ് .മീറ്റിംഗ് എന്ന് പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ തെറ്റി ധരിക്കും.പാട്ട്,മിമിക്രി,നാടകം,ഉപന്യാസം,പ്രസംഗം എന്നുവേണ്ട എന്ത് പരിപാടികള്‍ വേണമെങ്കിലും കുട്ടികള്‍ക്ക് അവതരിപ്പിക്കാം.കുട്ടികള്‍ തന്നെ തയ്യാറാക്കി കുട്ടികള്‍ തന്നെ അവതരിപ്പിക്കുന്ന കലാപരിപാടികള്‍.ആ ദിവസം ഞങ്ങള്‍ക്ക് ഉത്സവമാണ്.ക്ലാസ് അലങ്കരിക്കുക,പരിപാടി തയ്യാറാക്കുക,അങ്ങനെ അങ്ങനെ ജോലി നിരവധി ആണ്.എല്ലാ ക്ലാസ്സുകളിലും ഒരേ സമയത്ത് മീറ്റിംഗ് നടക്കും.ആ ഒരു ദിവസം ഞങ്ങള്‍ക്ക് വളരെ സന്തോഷമാണ്.പഠിത്തത്തിലും ഞങ്ങള്‍ ഒട്ടും പിന്നില്‍ ആയിരുന്നില്ല.ഇങ്ങനെ ഒരു മീറ്റിംഗ് ഇന്നത്തെ കുട്ടികള്‍ക്ക് അപരിചിതമാണ്.മീറ്റിംഗില്‍ എന്റെ പ്രകടനങ്ങള്‍ ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.അത് മറ്റൊരു അവസരത്തില്‍ പറയാം .

ആ മീറ്റിംഗ് ദിവസം ചന്ദനത്തിരി കത്തിക്കാനായി അവള്‍ ആയിരുന്നു പഴം കൊണ്ട് വരുന്നത്.അതും പൂവന്‍ പഴം രണ്ടെണ്ണം.മീറ്റിംഗ് കഴിഞ്ഞാല്‍ ആ പഴം എനിക്കാണ്.ആദ്യമായി എനിക്ക് അത് സമ്മാനിച്ചത്‌ മുതല്‍ എന്നും എന്റെ അവകാശമായി മാറി.അങ്ങനെ അവള്‍ എന്റെ പ്രിയ കൂട്ടുകാരി ആയും മാറി.സുദൃടമായ ഒരു സൌഹൃദം അങ്ങനെ വളരുകയായിരുന്നു...ഒരു പുഞ്ചിരിക്കുന്ന പൂമ്പാറ്റ ആയി......ഇതിനു പകരമായി ഞാന്‍ അവള്‍ക്കു കരുതിയിരുന്നത് .................

കുഞ്ഞോളങ്ങള്‍ -2

മദര്‍ തെരേസയും ഫൂലന്‍ ദേവിയും മുഖാമുഖം

കോരിച്ചൊരിയുന്ന ആ മഴയത്ത് ആരുടെ കൈ പിടിച്ചാണ് ഞാന്‍ ആദ്യമായി സ്കൂളില്‍ പോയത് ?പക്ഷെ ഞാന്‍ സന്തോഷവാനായിരുന്നു ."പുത്തനുടുപ്പും പുതിയ ബുക്കും പുത്തന്‍ സ്ലേറ്റുമായി 'വിദ്യ'യെ കൈപിടിച്ച് കൊണ്ടുവരാന്‍ "ഞാനും മുളവന ഗവ.എല്‍ .പി.സ്കൂളിലേക്ക് .പുളിയും മാവും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മനോഹരമായ സ്കൂള്‍ മുറ്റം (ഇന്നും ആ മരങ്ങള്‍ അല്ലാതെ പുതുതായി ഒരു മരം പോലും നട്ട് പിടിപ്പിച്ചിട്ടില്ല!) മുറ്റം നിറയെ കുട്ടികള്‍ വിവിധ വികാരങ്ങളോടെ ........ചിലര്‍ കരയുന്നവര്‍ ... ...പുതിയ കൂട്ടുകാരെ കണ്ടു സന്തോഷിക്കുവര്‍ ,മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നവര്‍ ,കണ്ണീരൊഴിക്കി നില്‍ക്കുന്നവര്‍ ,തേങ്ങികരയുന്നവര്‍ .......അങ്ങനെ അങ്ങനെ......ഞങ്ങള്‍ കുറെ പേരെ വിളിച്ചു ഒരു ക്ലാസില്‍ കൊണ്ട് ചെന്നിരുത്തി .

അല്‍പ നേരത്തിനു ശേഷം കണ്ണട വച്ച വെളുത്തു തടിച്ച ,ഒറ്റനോട്ടത്തില്‍ തന്നെ കൃസ്ത്യാനി ആണന്നു തിരിച്ചറിയുന്ന രീതിയില്‍, ചട്ടയും നേര്യതും ധരിച്ചു അല്പം പ്രായമുള്ള ഒരു സ്ത്രീ ഞങ്ങളുടെ ക്ലാസില്‍ ഒരു ഹാജര്‍ ബുക്കുമായി വന്നു കയറി.നേര്യത്തില്‍ ഇടതു ഭാഗത്ത്‌ പിടിപ്പിച്ച സ്വര്‍ണ നിറത്തിലെ പൂവും പിന്നില്‍ ഞൊറിഞ്ഞു ഇട്ടിരിക്കുന്ന മുണ്ടിന്റെ അറ്റവും ഇന്നും ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്.(ഇന്ന് ആ വേഷം കേരളത്തില്‍ അന്യം നിന്ന് പോയിരിക്കുന്നു.അതു ഫാഷന്‍ ലോകം കൈയടക്കിരിക്കുന്നു!) . പിന്നീട് അറിഞ്ഞു അതാണ് അന്നമ്മ ടീച്ചര്‍ എന്ന് .വളരെ പതുക്കെ ഇരുവശങ്ങളിലേക്ക് ആടി ആടി വരുന്ന അന്നമ്മ ടീച്ചര്‍ ആണ് എന്റെ ആദ്യത്തെ സ്കൂള്‍ ടീച്ചര്‍.പെട്ടെന്ന് പുറത്തെ ഉച്ചത്തില്‍ ഉള്ള നിലവിളി കേട്ട് ഞങ്ങള്‍ കുട്ടികള്‍ വാതിലില്‍ വന്നു എത്തിനോക്കി .ഒരു പെണ്കുട്ടിയെ ഒരാള്‍ ശക്തിയായി ക്ലാസിലേക്ക് വലിച്ചു കൊണ്ട് വരുന്നതിന്റെ പ്രതിഷേധം ആണ് ഞങ്ങള്‍ കേട്ടത് .ടീച്ചര്‍ ഞങ്ങളെ വടി എടുത്തു വിരട്ടി.ഞങ്ങള്‍ സ്വസ്ഥാനങ്ങളില്‍.....ഞങ്ങളുടെ ക്ലാസിലെക്കാണ് ആ കുട്ടിയെ കൊണ്ട് വന്നത്.പഠിക്കാന്‍ വരാനുള്ള എതിര്‍പ്പാണ് കുട്ടിയും അയ്യാളും തമ്മിലുള്ള വടം വലിയുടെ രഹസ്യം എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു!."വിടടാ പട്ടി ........."പെണ്‍കുട്ടിയുടെ ആക്രോശം കേട്ട് ഞങ്ങള്‍ ചിരിച്ചു.വാതില്‍പടിയില്‍ ചവിട്ടി നിന്ന് കൊണ്ട് ഉറക്കെ കരഞ്ഞു കുട്ടി പിറകോട്ടു വലിക്കുന്നു.അയ്യാള്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നു.....എവിടെ..?ഒടുവില് ഒരു മാലാഖയെപ്പോലെ ടീച്ചര്‍ ഇടപെട്ടു."വാ,മോളെ ....ഇവിടെ നിന്റെ കൂട്ടുകാരാണ് ഇരിക്കുന്നത്." പോടീ....(നല്ല ഒരു തെറി)! "ഞങ്ങള്‍ കൂട്ട ചിരി.ടീച്ചറിന് മതിയായി.ഫൂലന്‍ ദേവിയുടെ മുന്നിലെ മദര്‍ തെരേസ ....! ആ കുട്ടി ഇവിടെ നിരപരാധി ആണ്.വീട്ടിലെ സംസാര ഭാഷ അതാണ്‌.ഒടുവില്‍ ആ കുട്ടി കുതറി മാറി ഒറ്റ ഓട്ടം...

പിന്നെ ഒരാഴ്ച കഴിഞ്ഞാണ് ആ കുട്ടിയെ ക്ലാസില്‍ കണ്ടത്.!പുതിയ കൂട്ടുകാര്‍......തോമസ്‌ കുട്ടി,ജോണ്‍സണ്‍ .കെ.ജോണ്‍,സണ്ണി ,സജി,ബിജു,...അങ്ങനെ എത്രപേര്‍ ....ഇന്നവര്‍ എവിടൊക്കെ ആയിരിക്കാം ......ആവോ?എങ്കിലും അവളെ മറക്കാന്‍ കഴിയുന്നില്ല എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ......ആ ഉണ്ടക്കണ്ണിയെ .........ഇന്നവള്‍ ഒരു സ്കൂള്‍ ടീച്ചര്‍ ആണ്.അവള്‍ എന്നെ ഓര്‍ക്കുന്നുവോ...........?

കുഞ്ഞോളങ്ങള്‍ 1

1 .ആദ്യാക്ഷരങ്ങള്‍ ...........
ഇത് ആത്മകഥ അല്ല. ആത്മകഥ എഴുതനായ് ഞാനൊരു മഹാനുമല്ല. കുത്തഴിഞ്ഞ എന്റെ ജീവിതത്തിന് എന്ത് ആത്മകഥ? ചില ബാല്യ കാല ഓര്‍മകള്‍ നിങ്ങളുമായ് പങ്കുവയ്ക്കുന്നു.സൗഹൃദം വെടി പറഞ്ഞിരിക്കുമ്പോള്‍ എനിക്കു പറയാനുള്ളതാണ് ഇതൊക്കെ……….
പലപ്പോഴും ആ സംഭവങ്ങള്‍ എന്റെ ജീവിതത്തിന്റെ നേര്‍ക്കുള്ള തിരിഞ്ഞു നോട്ടമായിരുന്നു. ഈ ഓര്‍മ്മകള്‍ എന്നെ നിരവധി തവണ അലട്ടിയിട്ടുണ്ടൂ.അതെന്നെ ഒരു കാല്പനികനാക്കി മാറ്റിയിട്ടുണ്ടായിരിന്നു എന്നു ഞാന്‍ തിരിച്ചറിയുന്നു.ചിലതു അവ്യക്തമായതാണ്.പക്ഷെ ഇന്നും അതിനു സ്വര്‍ണ്ണത്തിളക്കമാണ്.സുഗന്ധമുള്ള ആ ഓര്‍മ്മകളെ ഞാന്‍ ആരുമറിയാതെ പ്രേമിച്ചിരുന്നു,ലാളിച്ചിരുന്നു,ഓമനിച്ചിരുന്നു.എന്നെ കൊഞ്ഞനം കാട്ടി ചിരിക്കുന്ന അവയെ ഞാനിന്നും കുഞ്ഞികണ്ണാലെ അത്ഭുതത്തോടെ മാത്രമെ നോക്കി കാണാറുള്ളൂ.നിറമുള്ള ആ ഓര്‍മകള്‍ നിങ്ങള്‍ക്കായ് ഞാന്‍ പകര്‍ത്തുന്നു.ചിലപ്പോള്‍ ചിരി തോന്നിയേക്കാം ചിലപ്പോള്‍ നൊംബരപ്പെടുത്താം, ചിലപ്പോള്‍ എന്നോടൊപ്പം സഞ്ചരിച്ചേക്കാം……….
അച്ചന്റെ മടിയിലിരുന്നു ആദ്യാക്ഷരങ്ങള്‍ കുറിച്ചതു ഇന്നും ഞാന്‍ നന്നായി ഓര്‍ക്കുന്നു.എന്റെ ജീവിതത്തിന്റെ ആദ്യാക്ഷരങ്ങളും. എന്റെ വിദ്യാഭ്യാസ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ ഒളിമങ്ങാത്ത ആദ്യത്തെ ചിത്രവും അതു തന്നെ ആയിരുന്നു .പിന്നീടു നിലത്തെഴുത്തു പഠിക്കാന്‍ പോയതും,കൂട്ടുകാരോടൊത്തു പൂഴിമണ്ണു രുചിയോടെ തിന്നതും അക്ഷരമെഴുതി തെറ്റിയതിനു റ്റീച്ചര്‍ അടിച്ചതും ,അതു ചോദിക്കാനയി എന്റെ അചന്റെ അമ്മ (പ്രസവിച്ചതു അമ്മയാണങ്കിലും വളര്‍ത്തിയതു അച്ചന്റെ അമ്മയായിരുന്നു)എന്നേയും കൂട്ടി റ്റീച്ചറിനോടു വഴക്കിട്ടതും അത് എനിക്കു സന്തോഷം ഉണ്ടാക്കിയതും,അവിടുത്തെ പഠനം നിര്‍ത്തിയതും എല്ലം ഇന്നു ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.അക്കാലത്തു എന്റെ അച്ചന്റെ അമ്മയുടെ കൈവശം ധാരാളം “അമ്പിളി അമ്മാവന്‍ ” മാസിക ഉണ്ടായിരുന്നു. അതിലെ വിക്രമാദിത്യന്റേയും വേതാളത്തിന്റേയും കഥകള്‍ എനിക്കു വായിച്ചു തന്നതു അച്ചന്റെ അമ്മയായിരുന്നു. ആ കഥകള്‍ കേട്ട ബാലനാകാം പില്‍ക്കാലത്തു സാഹിത്യം ഇഷ്ട പെട്ടത്.പിന്നീടു എന്റെ പഠനം മുളവന ഗവ:എല്‍.പി എസ്സില്‍ ആയിരുന്നു. അവിടെ എന്റെ പുതിയ കൂട്ടുകാര്‍ .അധ്യാപകര്‍,ഓര്‍മ്മകള്‍………..പിന്നെ അവളും….ആ ഉണ്ടക്കണ്ണിയും…...