......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Thursday, June 17, 2010

കുഞ്ഞോളങ്ങള്‍ -4

കുഞ്ഞിക്കണ്ണുകള്‍ ഈറനണിഞ്ഞപ്പോള്‍...

ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ബാര്‍ട്ടര്‍ സമ്പ്രദായം ഉണ്ടായിരുന്നു.സ്ലേറ്റു പെന്‍സിലിനു വേണ്ടിയും ബുക്ക്‌ പെന്‍സിലിനു വേണ്ടിയും മറ്റെന്തെങ്കിലും സാധനങ്ങള്‍ കൈമാറുക എന്നതാണ് അത്.എന്റെ വീടിന്റെ പരിസര പ്രദേശങ്ങളില്‍ ധാരാളം കനമുള്ള വെള്ളിതണ്ട് (മഷിതണ്ട്)ഉണ്ടായിരുന്നു. സ്ലേറ്റു വൃത്തിയാക്കാന്‍ അന്ന് വെള്ളിതണ്ട് ആണ് ഉപയോഗിച്ചിരുന്നത്.(അന്യം നിന്ന് പോകലിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ഇത്.സ്ലേറ്റു തന്നെ ഇന്ന് പല സ്കൂളിലും വേണ്ടാതായിരിക്കുന്നു) കനമുള്ളതു കൊണ്ട് നല്ല ഡിമാണ്ട് ആണ് അതിന് കുട്ടികള്‍ക്കിടയില്‍.അങ്ങനെ എന്റെ കൈവശം പെട്ടിനിറച്ചും സ്ലേറ്റു പെന്‍സിലിന്റെ ഒരു നല്ല ശേഖരം തന്നെ ഉണ്ടായിരുന്നു.

മിക്ക കുട്ടികളില്‍ നിന്നും പെന്‍സിലിന്റെ നീളം കണക്കാക്കി വെള്ളിതണ്ട് കൊടുക്കുമ്പോള്‍ അവളില്‍ നിന്ന് മാത്രം ഞാന്‍ സ്ലേറ്റു പെന്‍സില്‍ വാങ്ങിക്കുമായിരുന്നില്ല.മാത്രമല്ല എന്റെ വീട്ടില്‍ വലിയ ഒരു ജാമ്പ മരം ഉണ്ടായിരുന്നു.ആ പ്രദേശത്ത് വീട്ടില്‍ മാത്രമേ ഒരു ജാമ്പ മരം ഇത്ര വലുതായൊന്നുണ്ടായിരുന്നുള്ളൂ.ജാമ്പ പൂവും കായും മൊട്ടും എല്ലാം തിന്നാന്‍ വളരെ രുചിയുള്ളതാണ്. ജാമ്പ പൂക്കുമ്പോള്‍ പൂവും കായും മൊട്ടും എല്ലാം വെള്ളിതണ്ടിനു പകരമായി ഞാന്‍ കൊടുക്കുമായിരുന്നു.എന്നാല്‍ അവള്‍ക്കായ് വാടാത്ത നല്ല പൂവ് ഞാന്‍ പ്രത്യേകം കരുതിയിരുന്നു.അവധി ദിവസം അവളുടെ വീടിന്റെ അരികിലൂടെ ഞാന്‍ പോകുമ്പോള്‍ ഓടി വന്നു അവള്‍ എനിക്കായ് കണ്ണിമാങ്ങകള്‍ പെറുക്കി റോഡിലേക്ക് എറിഞ്ഞു തരുമായിരുന്നു.കണ്ണിമാങ്ങയിലൂടെയും ജാമ്പ പൂവിലൂടെയും ,പൂവന്‍ പഴത്തിലൂടെയും വളര്‍ന്ന ഞങ്ങളുടെ സൌഹൃദം "വലിയ പരീക്ഷ"(final exam) കഴിഞ്ഞതോടെ അവസാനിച്ചു.പിന്നീടു ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല.ഒടുവില്‍ ടി.സി. വാങ്ങാന്‍ പോകുന്ന ദിവസം കാണാം എന്ന എന്റെ പ്രതീക്ഷയും തകര്‍ന്നു പോയി.അധ്യാപകര്‍ക്ക് നാരങ്ങയും കൊടുത്തു വിടവാങ്ങുന്നതിനു മുന്‍പെങ്കിലും അവള്‍ എത്തി ചേരണമേ എന്ന് പ്രാര്‍ത്ഥിച്ചു.ഇല്ല ...അവള്‍ വന്നില്ല...വിങ്ങുന്ന മനസ്സോടെ പടിയിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി പിന്‍ തിരിഞ്ഞു നോക്കി .....എവിടെ എങ്കിലും.......?ഒന്ന് കണ്ടാല്‍ മതിയായിരുന്നു................പോകാനായി അച്ഛന്‍ ധൃതി പിടിക്കുന്നു........എന്റെ കുഞ്ഞികണ്ണുകള്‍ ഈറനണിഞ്ഞു..........

1 comment: