......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Wednesday, January 26, 2011

കുഞ്ഞോളങ്ങള്‍ -9


രണ്ടു ശിക്ഷയോടുള്ള കടപ്പാട്.

വീട്ടില്‍ നാല് ചുറ്റും പറങ്കി മാവുകളും അടക്കയും ആയിരുന്നു.അത് പൂത്തു കുലച്ചു കിടക്കുന്നത് കാണാന്‍തന്നെ വളരെ രസമായിരുന്നു.ഇന്ന് ഒരു പറങ്കി മാമ്പഴം കാണാന്‍ തന്നെകൊതിക്കാറുണ്ട്. അച്ഛന്റെ അമ്മ ,ഞങ്ങളുടെ ഉപയോഗത്തിന് ശേഷമുള്ള അടക്കയും കശുവണ്ടിയും വിറ്റ് കാശാക്കുമായിരുന്നു.അന്ന് അതിനു നല്ല വിലയും ഉണ്ടായിരുന്നു.
ഒരിക്കല്‍ അച്ഛന്റെ അമ്മ എന്നോട് ഒരു ചെറിയ അടക്ക മരത്തില്‍ കയറി ഒരു അടക്ക പിച്ചി നല്‍കാന്‍ പറ്റുമോ എന്നു ചോദിച്ചു.കേട്ട പാതി കേള്‍ക്കാത്തപാതി ഞാന്‍ അത് സാധിച്ചു കൊടുത്തു.തിരിച്ചിറങ്ങുംവഴി നെഞ്ചില്‍ ഇരട്ട വരയുമല്ല നാല് , വരയുമല്ല അതിലും അനേകം നേര്‍ രേഖകള്‍ വരഞ്ഞു കൊണ്ട് വല്ല വിധേനയും താഴെ എത്തി.പിറ്റേന്നു രാവിലെ അമ്മയുടെ തലയിണ മന്ത്രത്തിന്റെശക്തിയില്‍,അച്ഛന്‍ വളരെ സ്നേഹപൂര്‍വ്വം അരികില്‍ വിളിച്ചു വരുത്തി എന്നോട് പറഞ്ഞു.
"അച്ഛന് വെറ്റില മുറുക്കാന്‍ പാക്കില്ലല്ലോ മോനെ.എന്ത് ചെയ്യും?"

"ഞാന്‍ പറിച്ചു നല്‍കാം . എത്രെണ്ണം വേണം അച്ഛന്.?"
ഞാന്‍ അച്ഛന്റെ ഉത്തരവാദിത്വം ഉള്ള രക്ഷാകര്‍ത്താവായി മാറി!
"തല്‍ക്കാലം രണ്ടു മൂന്നെണ്ണം മതി."
അച്ഛന്‍ വിനീത വിധേയന്റെ വേഷം അണിഞ്ഞു.
ഞാന്‍ ചാടി അടക്കയില്‍ കയറി .രണ്ടാമത്തെ സ്റ്റെപ് വയ്ക്കുന്നതിനു മുന്‍പ് തന്നെ അച്ഛന്റെ പിറകില്‍ഒളിപ്പിച്ചു വച്ചിരുന്ന വടി എന്റെ പൃഷ്ടത്തില്‍ വീണു കഴിഞ്ഞു.ന്യൂട്ടന്‍ തിയറിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഞാന്‍ കയറിയ വേഗത്തില്‍ താഴെ എത്തി.കൂട്ടത്തില്‍ ഒരു ചോദ്യവും.
"ഇനി നീ മരത്തില്‍ കയറുമോ...? "
"ഇല്ല........."
അടുത്ത അടി അടിക്കുന്നതിനു മുന്‍പേ ഞാന്‍ ഉത്തരവും നല്‍കി.കൈകള്‍ രണ്ടും പിന്‍ഭാഗത്ത് അമര്‍ത്തി തിരുമ്മി കൊണ്ട് ഞാന്‍ വീട്ടിന്നുള്ളിലേക്ക് ഓടി കയറി.അമ്മ അപ്പുറത്ത് നിന്ന് ഇതുകണ്ട്ചിരിക്കുന്നുണ്ടായിരുന്നു.!
മറ്റൊരിക്കല്‍ രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഞാനും സഹോദരനുമായി പഠിക്കാന്‍ഇരുന്നപ്പോള്‍ സ്കൂളില്‍ വച്ച് എന്റെ സുഹൃത്ത് പറഞ്ഞു തന്ന തന്ത്രം പരീക്ഷിക്കാന്‍തീരുമാനിച്ചു.ബുക്കില്‍ നിന്ന് പേപ്പര്‍ വലിച്ചു കീറി ബീഡിയുടെ ആകൃതിയില്‍ ചുരുട്ടി കത്തിച്ചു വലിക്കുകഎന്നതായിരുന്നു ആ വിദ്യ.അങ്ങനെ ഞങ്ങള്‍ രണ്ടും കൂടി കത്തിച്ചു പുക വിട്ടു കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒളിച്ചു നിന്ന് ഇതെല്ലാം കണ്ടു നിന്ന അച്ഛനെ ഞങ്ങള്‍ കണ്ടില്ലായിരുന്നു.അന്നുംകണക്കിന് ശകാരവും അടിയും കിട്ടി.
പിന്നീടൊരിക്കലും ഞാന്‍ മരത്തില്‍ കയറുകയോ പുകവലിക്കുകയോ ശീലമാക്കിയിട്ടില്ല.

4 comments:

  1. ബാല്യത്തില്‍ നാം കാണിക്കുന്ന കുസൃതികള്‍ പിന്നീട് ഓര്‍ത്ത് 'അയവിറക്കാനുള്ള'നല്ല ഒരു ഉപാധി തന്നെ.
    പക്ഷെ അച്ഛന്റെ ശിക്ഷണരീതി ശരിയായില്ലെന്ന തോന്നലും ഇല്ലാതില്ല.
    അനുസരണക്കേട്‌ കാട്ടിയാല്‍ ശിക്ഷിക്കാം.പക്ഷെ അവര്‍ തന്നെ കല്പിച്ചു അവര്‍ തന്നെ ശിക്ഷിക്കുന്ന രീതി മോശമായി എന്ന് പറയാതെ വയ്യ.
    അടക്കമരം= കമുങ്ങ് അല്ലെ?

    ReplyDelete
  2. അഭിപ്രായം അറിയിച്ചതില്‍ നന്ദി.......അടക്കാ മരം കമുക് തന്നെ.അന്ന് അച്ഛന്റെ പ്രവര്‍ത്തികള്‍ തെറ്റായി തോന്നിയെങ്കിലും...ഇന്ന് അതോര്‍ക്കുമ്പോള്‍ ,ഒരു ദുശീലങ്ങളും ഇല്ലാത്ത അച്ഛനോട് എനിക്ക് കടപ്പാട് മാത്രമേ ഉള്ളൂ ........

    ReplyDelete
  3. അന്ന് അച്ഛന്റെ അടി കിട്ടിയത് കൊണ്ടല്ലേ ഇന്ന് ഒരു അപകടവും ഇല്ലാത്ത (പുകവലി വലിയ ഒരു അപകടം തന്നെയാണേ ) നല്ല കുട്ടിയായി ജീവിക്കാന്‍ കഴിഞ്ഞത്?
    ഓര്‍മ്മക്കുറിപ്പുകള്‍‍ നന്നായിരിക്കുന്നു.

    ReplyDelete