......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Saturday, January 21, 2012

ഒരാഗ്രഹം ബാക്കി ആക്കി യാത്രയായി ...


ഒരു വെള്ള പ്രിമിയര്‍ കാര്‍ വന്നു നിന്നു.നല്ല പൊക്കമുള്ള സുന്ദരമായ ഒരുരൂപം ഒരു വെള്ളരിപ്രാവിനെ പോലെ നടന്നടുക്കുന്നു,സ്ത്രൈണലാവണ്യത്തോടെ ......പ്രസന്ന വദനന്‍ ആയി കുട്ടികളെ ഒട്ടാകെ ഒന്ന്നോക്കി ഒന്ന് പുഞ്ചിരിക്കുന്നു.ആ പുഞ്ചിരിയിലൂടെ ക്ലാസ് നിശബ്ദമാകുന്നു.എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ആ വ്യക്തി പ്രഭാവത്തിന് മുന്നില്‍ അടിയറവുവയ്ക്കുകയും ചെയ്യുന്നു.വളരെ പതിയെ ...അല്ല ,അതിലും പതിയെയുള്ളവാക്കുകള്‍ ....വളരെ കൂര്‍ത്ത കാതുകള്‍ കൊണ്ട് മാത്രം ശ്രദ്ധിച്ചാല്‍ മാത്രംകേള്‍ക്കുന്ന മുത്തു മണികള്‍ ആയിരുന്നു അവ.എന്നാല്‍ പഠിപ്പിക്കുമ്പോള്‍ ഒരുനടന്‍ എന്ന പോലെ മുഖത്തെ ഭാ പല കഥാപാത്രങ്ങളുംമിന്നി മറഞ്ഞു പോകുന്നുണ്ടായിരിക്കും.രണ്ടു മണിക്കൂറിനു ശേഷം ക്ലാസ്അവസാനിപ്പിച്ചു യാത്ര ആകുമ്പോള്‍ വിദ്യാര്‍ഥികളുടെ മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രമായിരുന്നു. ഇത്ര പെട്ടെന്ന് ക്ലാസ് അവസാനിച്ചുവോ?അത് മറ്റാരുമായിരുന്നില്ല എന്റെ പ്രിയ ഗുരുനാഥന്‍,ഞാന്‍ ആരാധനയോടെ എന്നും ബഹുമാനിക്കുന്ന മലയാള സാഹിത്യത്തിലെ ആധുനിക കാലഘട്ടത്തിലെയും ഉത്തരാധുനിക കാലഘട്ടത്തിലെയും ഏറ്റവും വലിയ വിമര്‍ശകന്‍,നിരൂപകന്‍ ശ്രീ .കെ.പി.അപ്പന്‍ ആയിരുന്നു.
സ്വതവേ അന്തര്‍മുഖന്‍ ആയ അദ്ദേഹം "എന്റെ ഉള്ളിലിരുന്നു ആരോ എന്നെ നിശ്ശബ്ദനാക്കുന്നു " എന്നു ഒരിക്കല്‍ പറയുകയുണ്ടായി.അതുകൊണ്ട് തന്നെ മറ്റു ചെറുകിട സാഹിത്യ വിമര്‍ശകര്‍ക്കുള്ള പ്രശസ്തി ഇദേഹത്തിനു ഇല്ലാതെ പോയി.അത് ആഗ്രഹിച്ചിട്ടില്ല എന്നു പറഞ്ഞതാകും കുറച്ചു കൂടി ശരി.ഇന്‍റര്‍നെറ്റില്‍ പരിശോധിച്ചാല്‍ പോലും കൂടുതല്‍ വിവരങ്ങള്‍ സാറിനെ കുറിച്ച് ലഭ്യമല്ല എന്നതാണ് സത്യം.എന്നാല്‍ അദ്ദേഹത്തിനെ വാക്കുകള്‍ക്കായി സാഹിത്യ ലോകം ഉറ്റു നോക്കി കൊണ്ടിരുന്നു.!

പാശ്ചാത്യ സാഹിത്യത്തെ കുറിച്ച് ഇത്രമാത്രം അഗാധമായ പാണ്ഡിത്യം ഉള്ള മലയാള നിരൂപകര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.ഏതെങ്കിലും ഒരു ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ പെട്ടവര്‍ ഇദ്ദേഹത്തെ പോലെ ബൈബിള്‍ നോക്കി കണ്ടതായി അറിവില്ല.മലയാളത്തിലെ ഒരു നിരൂപകന്‍ അദ്ദേഹത്തെ അതുകൊണ്ട് തന്നെ ""ക്രിസ്തീയബിംബങ്ങളുടെ തടവുകാരന്‍ " എന്നു വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു."ബൈബിള്‍ വെളിച്ചത്തിന്റെ കവചം ","മധുരം നിന്റെ ജീവിതം" എന്ന പുസ്തകങ്ങള്‍ ഒരു ക്രിസ്ത്യാനി മാത്രമല്ല വായിക്കേണ്ടത് ഏത് സാഹിത്യ കുതികികള്‍ക്കും അമൂല്യമായ വായന നല്‍കുന്നതാണ്.കഫ്കെ ,കാമ്യൂ,സാര്‍ത്ര് ,നീത്ഷെ തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരെ കുറിച്ച് മലയാള സാഹിത്യത്തില്‍ ആധികാരികമായി പറഞ്ഞ നിരൂപകനും മറ്റാരുമായിരുന്നില്ല.മലയാളത്തില്‍ ആധുനികതക്ക് ശേഷം ആധുനികോത്തര (ഉത്തരാധുനിക ) പ്രസ്ഥാനം അവതരിപ്പിച്ച സാഹിത്യകാരന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം അറിയപെടുന്നത്.

ദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഓരോ കവിതകള്‍ ആയിരുന്നു.ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു "ഇത്ര മനോഹരമായ ഒരു ശയ്യാ ഗുണം (diction ) ഉള്ള സാര്‍ എന്ത് കൊണ്ട് കവിത എഴുതിയില്ല."ചിരിച്ചുകൊണ്ട്മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു."എന്റെ ഭാഷ എന്റെ വായനയില്‍ നിന്നു രൂപപ്പെടുത്തി എടുത്തതാണ്.പിന്നെ എന്റെ വേഷം എന്നത് ഒരു നിരൂപകന്റെതാണ്."അവാര്‍ഡുകളോട് അദ്ദേഹത്തിന് വിരക്തി ആയിരുന്നു.ഒരിക്കല്‍ ഞാന്‍ ഇതു സൂചിപ്പിച്ചപ്പോള്‍ അവാര്‍ഡുകളില്‍ എനിക്ക് വിശ്വാസമില്ല എന്നായിരുന്നു മറുപടി.അത് കൊണ്ട് തന്നെ ഒരു അവാര്‍ഡിനും അദ്ദേഹം വഴങ്ങിയിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ എടുത്തു കാട്ടുന്നതായിരുന്നു.എന്നാല്‍ എക്കാലവും കെ.പി.അപ്പന്‍ എന്ന സാഹിത്യ നിരൂപകന്റെ വാക്കുകള്‍ക്കു കാതോര്‍ത്തു നില്‍ക്കുന്ന മലയാള സാഹിത്യത്തെ നമുക്ക് കാണാന്‍ കഴിയുമായിരുന്നു.

രു മാഗസീന് വേണ്ടി ഒരിക്കല്‍ അദ്ദേഹത്തെ അഭിമുഖം ചെയ്യാനുള്ള ഒരു മഹാ ഭാഗ്യം എനിക്കുണ്ടായി.അതൊരു അനുഭവം തന്നെ ആയിരുന്നു.അവസരം ലഭിച്ചാല്‍ പിന്നീടൊരിക്കല്‍ അത് പറയാം .പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പല ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വസതി "കാര്‍ത്തിക" യില്‍ പോകുമായിരുന്നു.എന്ത് കൊണ്ട് "കാര്‍ത്തിക " എന്നു വീടിനു പേര് നല്‍കി എന്നു ചോദിച്ചപ്പോള്‍, "അത് ഭാര്യയുടെ നക്ഷത്രമാണ് .എന്റെ നക്ഷത്രം വീടിനു ഇടാന്‍ കൊള്ളില്ല."ഭരണി"ആണ്.ഞാന്‍ പെട്ടെന്ന് പൊട്ടി ചിരിച്ചു പോയി.ഒപ്പം സാറിന്റെ സ്വതസിദ്ധമായ പുഞ്ചിരിയും.പിന്നീടു ഒരു ഇന്റെര്‍വ്യൂ യിലും സാര്‍ ഇതു പറഞ്ഞിരുന്നു.

സാറിന്റെ പഴയ കുറിപ്പുകള്‍ കുറെ പകര്‍ത്തി എഴുതി കൊടുക്കാന്‍ എന്നോട് ആവശ്യപെട്ടപ്പോള്‍ എഴുതാന്‍ വളരെ മടി ആയിരുന്ന എനിക്ക് അതൊരു അംഗീകാരം പോലെ തോന്നി.ഒരിക്കല്‍ ക്ലാസ്സില്‍ വച്ചു എന്നോടൊരു ചോദ്യം ."രാജേഷിനു ഇഷ്ടപെടാത്ത കവി ആരാണ്." ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഒന്ന് പകച്ചു.ഞാന്‍ നിശബ്ദനായി നിന്നു.അദ്ദേഹം തുടര്‍ന്നു."ഏറ്റവും ഇഷ്ടപ്പെടുന്ന കവി ആര് എന്നു പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്.എനിക്ക് വേണ്ടത് ആ ഉത്തരമല്ല.നാളെ എഴുതി കൊണ്ടുവരൂ..."എനിക്ക് സമാധാനമായി.ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്ന കവികളില്‍ ഒരാളായ കുമാരനാശാനെതന്നെ ഞാന്‍ ഇഷ്ടപെടാത്ത കവിയായി അവതരിപ്പിച്ചു.അത് വായിച്ചു ഒന്ന് ചിരിക്കുക മാത്രം ചെയ്തു.ചോദിക്കാന്‍ ഉള്ള ധൈര്യം ഇല്ലാത്തതിനാല്‍ ഞാന്‍ അഭിപ്രായം ചോദിച്ചതും ഇല്ല.പഠനകാലം കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ് ഓട്ടോഗ്രാഫിയില്‍ അദ്ദേഹം എന്റെ കൂട്ടുകാര്‍ക്ക് എഴുതി കൊടുത്തതില്‍ നിന്നു വ്യത്യസ്തമായി എനിക്ക് എഴുതി തന്നത് ഇന്നും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.W.B.Yeats ന്റെ "The best is yet to be..എന്ന വാചകം ആയിരുന്നു കുറിച്ച് തന്നത്.ആ വാക്കുകള്‍ എന്നെ പല ഘട്ടത്തിലും പ്രചോദനമേകിയിരുന്നു.അദ്ദേഹത്തെ കുറിച്ച് ഓര്‍മ്മിക്കാന്‍ എനിക്ക് ഒരുപാട് മധുര സ്മരണകള്‍ ഇനിയുമുണ്ട് ധാരാളം.
പൊതു വേദികളില്‍ നിന്നു അദ്ദേഹം ഒഴിവായി നിന്നു.എന്നാല്‍ കൊല്ലം നീരാവിലെ വായനശാലയില്‍ എല്ലാകൊല്ലവും അദ്ദേഹംകുട്ടികളെ എഴുത്തിനിരുത്തിയിരുന്നു."അനേകം കൈകളുള്ള ഒരു ഭീകര ജീവി പല വിധ വികാരങ്ങളോടെ ആഹരിക്കുന്നത് പോലെ ആണ് കല്യാണ സദ്യ "എന്നു പറഞ്ഞിട്ടും ,വരില്ല എന്നറിയാവുന്നത് കൊണ്ടും എന്റെ വിവാഹത്തിനു അദേഹത്തെ ക്ഷണിച്ചിരുന്നില്ല.വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും എന്റെ ഭാര്യയും മൂത്ത മകനും കൂടി അദ്ദേഹത്തെ കാണാന്‍ ചെന്നു."ങാ...രാജേഷ് ,എന്തുണ്ട് വിശേഷങ്ങള്‍.....വരൂ" എന്നു ചോദിച്ചുകൊണ്ടാണ് വരവേറ്റത്.അപ്പോഴും എന്റെ പേര് അദേഹത്തിന് ഓര്‍മ്മയുണ്ട് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അല്പം അഹങ്കരിച്ചു പോയില്ലേ എന്നു തോന്നി.പിന്നീടു എന്റെ ആദ്യ മകന് ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ചതും അദ്ദേഹം ആയിരുന്നു.


2008 ഡിസംബര്‍ 16 നു ആയിരുന്നു അദ്ദേഹം ശാന്തമായി കടന്നു പോയത് നമ്മളില്‍ നിന്ന്‌.ഒരാഗ്രഹം എനിക്കുണ്ടായിരുന്നു.എന്റെ ഒരു കഥ അദേഹത്തിന് വായിക്കാന്‍ നല്‍കി അഭിപ്രായം അറിയണമെന്ന്....കഴിഞ്ഞില്ല...കൊടുക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല....എന്റെ പൊട്ടകഥകള്‍ വായിക്കാന്‍ കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ ഞാനൊരു പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാള്‍ ആകുമായിരുന്നില്ല.പകരം ഈ ലേഖനം അദ്ദേഹത്തിനായി സമര്‍പ്പിക്കുന്നു....ഇതു എന്റെ ഗുരു പൂജ....സ്വീകരിച്ചാലും....
"വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്.".....
K.P.APPAN - ക്ഷോഭിക്കുന്നവരുടെ സുവിശേഷം

6 comments:

 1. കൊള്ളാം ശിഷ്യന്‍റെ സമര്‍പ്പണം.നന്നായി പറഞ്ഞിരിക്കുന്നു.'ഭരണി' ചിരിപ്പിച്ചു കേട്ടോ :)

  ReplyDelete
 2. ശിഷ്യന്‍ ഗുരുവിനായ് കുറിച്ചിട്ട വാക്കുകള്‍
  ഹൃദ്യം ഈ ഗുരു സ്മരണക്ക് ആശംസകള്‍.

  ReplyDelete
 3. ഭായ്,
  അപ് ലോഡ്‌ ചെയ്യാന്‍ ഉദ്ദേശിച്ച ഫോട്ടോ ഏതു ടൈപ്പ് ആണെന്ന് പരിശോധിക്കൂ..

  ReplyDelete
 4. അപ്പനെ വീണ്ടും സ്മരിച്ചു , ഫോട്ടോസ് പറഞ്ഞപോലെ ശെരിയാക്കാന്‍ പറ്റുമെന്ന് തോന്നുന്നു.

  ReplyDelete
 5. ഹൃദ്യമായ കാല്പാടുകള്‍

  ReplyDelete