......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Sunday, April 22, 2012

ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ത് ?എങ്ങനെ ?


കളികൂട്ടുകാരും ആത്മാര്‍ത്ഥ സുഹുര്‍ത്തുക്കളും നമ്മുടെജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ വക ജീവികള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍ പെടുത്താന്‍ സമയം ആയി എന്നുതോന്നുന്നു.അത് ഇന്ന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഇന്റര്‍നെറ്റ്‌ സൌഹൃദങ്ങളില്‍ വന്നു നില്‍ക്കുന്നു .ഇന്ന് ആരോടും,നിരന്തരം സഹകരിക്കുന്ന പത്തു പേരുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ അതില്‍ ഏഴുപേരും ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച കൂട്ടുകാരായിരിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.അവിടെ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെപ്രാധാന്യത്തെ നാം നോക്കി കാണേണ്ടത്.

കാണാമറയത്തെ സുഹുര്‍ത്തുക്കളുടെ ഷെയറിംഗ് ആണ് ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ കൊണ്ട് ഉദേശിക്കുന്നത് .ഒരു സുഹുര്‍ത്തിനോടു പറയാന്‍ ഉള്ളത് കൂട്ടുകാരോടും മറ്റും പങ്കുവയ്ക്കല്‍ - അത് നമ്മുടെ ആശയങ്ങള്‍ (ideas),പ്രവര്‍ത്തനങ്ങള്‍(activities),വിശേഷങ്ങള്‍(events), അഭിരുചികള്‍(interests) തുടങ്ങിയവ ഒക്കെ ആകാം.ഇതില്‍ രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക, സാംസ്കാരികവിഷയങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.ഈനിലയ്ക്കാണ് ഫേസ്‌ ബുക്ക്‌ ,ഗൂഗിള്‍ പ്ലസ്‌ ,ട്വിറ്റെര്‍,ഓര്‍ക്കുട്ട് തുടങ്ങിയ ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം.സാങ്കേതിക വിദ്യകളുടെ പുരോഗമനത്തോട്‌ കൂടി ഓരോ ഭാഷയിലേക്കും ഇതു വളര്‍ന്നു.അങ്ങനെആണ് ഇത്തരം കൂട്ടായ്മകള്‍ മലയാളത്തിലും രൂപാന്തരം പ്രാപിക്കുന്നത്.

നിംഗ്.കോം,വേര്‍ഡ്‌പ്രസ് ആണ് ആദ്യം മലയാള കൂട്ടായ്മക്ക് ഉല്പ്രേരകവും വഴികാട്ടിയും ആയിത്തീര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രമായും കൂട്ടായ്മകള്‍ ചെയ്തു വരുന്നു.മലയാളത്തിലെ ആദ്യത്തെ കൂട്ടായ്മയില്‍ നിന്നു ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ ചിലവസ്തുതകള്‍ കാണാതിരുന്നു കൂടാ.ഭൂരിഭാഗം കൂട്ടായ്മകള്‍ ഉണ്ടായിരിക്കുന്നത് പടല പിണക്കത്തില്‍ നിന്നും വാശിയിലും വൈരാഗ്യത്തില്‍ നിന്നുമാണ് എന്നു കാണാം.ഒരുകൂട്ടായ്മയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവര്‍ തങ്ങള്‍ക്കു യോജിക്കാന്‍ കഴിയാത്തകാരണത്താല്‍ പുതിയ ഒരു കൂട്ടായ്മ തുടങ്ങുക ,അതില്‍ പഴയ കൂട്ടായ്മയില്‍ ഉള്ള കൂട്ടുകാരെ കൊണ്ട് വരിക,പരസ്പരം ചെളിവാരി എറിഞ്ഞു നടക്കുക എന്നിങ്ങനെ പോകുന്നു അതിലെ കോലാഹലങ്ങള്‍ .!!കേരള രാഷ്ട്രീയത്തെ പോലും ലജ്ജിപ്പിക്കുന്ന നാലാംകിട നാറിത്തരങ്ങളായി ഇത്തരം കൂട്ടായ്മകള്‍ അധ:പതിച്ചു പോകുന്നത് ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ്.

എന്നിട്ടും ഇതൊരു സൌഹൃദ കൂട്ടായ്മ ആണന്നും ഇതൊരു കുടുംബം ആണന്നുമൊക്കെയാണ് ഇക്കൂട്ടര്‍ പറഞ്ഞു നടക്കുന്നതും അവകാശപ്പെടുന്നതും.!അപ്പോള്‍ എന്താണ് സൌഹൃദം ?എന്താണ് കുടുംബം? എന്നുള്ളത് തീരെ നിശ്ചയമില്ലാതെ പോയിരിക്കുന്നു എന്നര്‍ത്ഥം.പിണക്കങ്ങളും ഇണക്കങ്ങളും വഴക്കും സ്നേഹവും എല്ലാം ഒരു സൌഹൃദത്തില്‍ എന്നപോലെ കുടുംബത്തിലും ഉണ്ടാകാറുണ്ട്.അങ്ങനെ ഉണ്ടാവുകതന്നെ വേണം.അപ്പോഴാണ്‌ സ്നേഹം ഊട്ടി ഉറപ്പിക്കാന്‍ ഉപോല്‍ബലകമായ പലതും ഉണ്ടായിതീരുന്നത്.

ചിലവഴികാട്ടലുകള്‍ക്കും സൌകര്യങ്ങള്‍ക്കും വേണ്ടിയാണ് അഡ്മിന്‍ എന്ന ഒരു സങ്കല്‍പം ഉണ്ടാക്കിയിരിക്കുന്നത്.എന്നാല്‍ ഇതു ഏതോ'സുപ്പെര്‍പവര്‍' ആയും മാടമ്പിത്തരങ്ങള്‍ക്കുമായും വിനിയോഗിക്കുമ്പോള്‍ നഷ്ടമാകുന്നത് നല്ലൊരുകൂട്ടായ്മ ആണ് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാ കൂട്ടായ്മയുടെയും പ്രശ്നം എന്നും ഈ മാടമ്പികളാണ് എന്ന സത്യം നാം മറന്നു കൂടാ.

ഇംഗ്ലീഷ് എഴുത്തുകാരനായ എ.ജി.ഗാര്‍ഡിനര്‍ ഒരു ലേഖനത്തില്‍ സ്വാതന്ത്ര്യത്തെ വിവരിക്കാന്‍ എടുത്തു കാട്ടുന്ന ഒരു ഉദാഹരണം ഒരു കൂട്ടായ്മയിലെ അഡ്മിനും അംഗങ്ങളും എങ്ങനെ ആയിരിക്കണം എന്നു പറയാന്‍ ഉത്തമ ഉദാഹരണം ആണന്നു തോന്നുന്നു.ലേഖനത്തില്‍ ഇങ്ങനെ വിവരിക്കുന്നു,"ഒരാള്‍ക്ക്‌ റോഡില്‍ കൂടി വാഹനം ഓടിച്ചു കൊണ്ട് പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്.എന്നാല്‍ വഴിയില്‍ നിന്നു കൈകാണിച്ചു നിയന്ത്രിക്കുന്ന ട്രാഫിക് പോലീസ് അയ്യാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല,മറിച്ചു അവന്റെ സുഗമമായ യാത്രക്കുള്ള നിയന്ത്രണങ്ങള്‍ ആണ്." സ്വാതന്ത്ര്യം ഉണ്ട് എന്നു കരുതി റോഡില്‍ കൂടി തനിക്കു തോന്നുന്നത് പോലെ വാഹനം ഓടിക്കുന്നത് അപകടകരമായ പോക്കാണ്.അതിനു വേണ്ടി ആണ് അഡ്മിന്‍ എന്ന ട്രാഫിക് പോലീസ് .അഡ്മിന്‍ ഒരു സൂപ്പര്‍പവര്‍ ആയി കാണുമ്പോഴാണ് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി സകല പരിശോധനക്ക് ശേഷവും ഒരു കുറ്റവും കണ്ടില്ല എങ്കില്‍ വാഹനം ഓടിച്ചവന്റെ മീശ ചുരുട്ടി മേലോട്ട് വച്ചു എന്ന കാരണത്താല്‍ പിഴ എഴുതി നല്‍കുന്നത്. നിയമം തെറ്റിക്കാതെ യാത്രചെയ്യുന്നവനെ "ഇന്നലെ തന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്നില്ല " എന്നകാരണത്താല്‍ ശിക്ഷാ വിധി തനിക്കു തോന്നും പോലെ നടപ്പാക്കുന്നതിനല്ല അഡ്മിന്‍ സൂപ്പര്‍ പവര്‍ പ്രയോഗിക്കേണ്ടത്.അതൊരു ശരിയായ കീഴ്വഴക്കവും അല്ല.

തിരിച്ചടിക്കാന്‍ കഴിയാത്ത ഒരുവനെ ഒരു ആരോഗ്യവാനു എത്ര വേണമെങ്കിലും തല്ലാം.അത് ആണത്തമല്ല.തുല്യ ആരോഗ്യം ഉള്ളവര്‍ തമ്മില്‍ പൊരുതി ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് അന്തസാണ്.ഇതു പോലെ തന്നെ ആണ് അഡ്മിന്റെകാര്യത്തിലും.ഒരു അംഗം മാന്യമായി പറയുന്നത് തനിക്കു ഇഷ്ടമില്ലാ എങ്കില്‍,പറയുന്നവരെ നീക്കം ചെയ്യുകയും അവരുടെ കമന്റുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നതും ആണത്തമായി ഏതെങ്കിലും അഡ്മിന്‍ ദേഹങ്ങള്‍ കരുതുന്നുണ്ടങ്കില്‍ അത് ഭീരുത്വം ആണ്.ഇതു അവരുടെ വിജയം ആണ് എന്നു കരുന്നുവെങ്കില്‍ വെറും മൂഡസ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്നും തിരിച്ചറിയേണ്ടതാണ് .


ഒരിക്കല്‍ ഒരു കൂട്ടായ്മയിലെ അഡ്മിന്‍ സുഹൃത്ത് സൂചിപ്പിച്ചത് ഞാനോര്‍ക്കുന്നു.ഒരാളുടെ സ്വന്തം പൈസ ചിലവഴിച്ചു ഒരു കൂട്ടായ്മ ഉണ്ടാക്കിയാല്‍ അയ്യാള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അത് നിയന്ത്രിക്കുകയും ഇഷ്ടമില്ലാത്ത കമന്റുകളും ഡിലീറ്റ് ചെയ്യുകയും ഇഷ്ടം ഇല്ലാത്തവരെ നീക്കം ചെയ്യുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം അയ്യാള്‍ക്കുണ്ട് എന്നു.ഇതൊരു വഴിപിഴച്ച ചിന്ത ആണ്.കുടുംബം ,സൌഹൃദ കൂട്ടായ്മ എന്നൊക്കെ വീമ്പു പറഞ്ഞുനടക്കുകയും മാടമ്പിത്തരം കാട്ടുകയും ചെയ്യുന്നതിനെ എങ്ങനെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നു വിളിക്കാന്‍ കഴിയും?അപ്പോള്‍ സൌഹൃദത്തെക്കാള്‍ മറ്റെന്തൊക്കെയോ ആണ് ലക്ഷ്യമിടുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ചില ആഗ്രഹങ്ങള്‍ നടപ്പില്‍വരുന്നതിനു വിഘാതങ്ങള്‍ ആകുന്നവ വെട്ടിമാറ്റുകയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

പിണക്കവും ഇണക്കവും കളിയാക്കലും വിമര്‍ശനവും ഒക്കെ ചേര്‍ന്നതാണ് സൌഹൃദം.അവിടെ രാജാവും പ്രജയുമില്ല.ആജ്ഞാപിക്കാനോ പഞ്ചപുച്ഛമടക്കി നിശബ്ദരായിനില്‍ക്കുന്നവരോ ഇല്ല.എല്ലാവരും സമന്മാരാണ്.കാശ് ചിലവഴിച്ചു എന്ന കാരണത്താല്‍ സൌഹൃദത്തിന്റെ മടികുത്തില്‍ പിടിച്ചു മാനത്തിനു വിലപറയാന്‍ വന്നാല്‍ ചാരിറ്റി എന്നു ബോര്‍ഡ്‌ വച്ചിട്ട് വ്യഭിചാരം നടത്തുന്നത് പോലെ ആകും.അവിടെ മാനത്തിനുവില ചോദിച്ചാല്‍ പ്രതികരിക്കുന്നവരുണ്ടാകും.അല്ലാത്തവര്‍'മുതലാളിമാരുടെ' തലോടല്‍ സുഖമുള്ള അനുഭവം ആക്കിമാറ്റും.അതുമല്ലങ്കില്‍ വിധിയെ പഴിച്ചു ആത്മഹത്യക്ക് തുല്യമായ ജീവിതം നയിക്കേണ്ടിയും വരും.ഇതില്‍ ഏത് വിഭാഗത്തില്‍ ആണ് ഓരോ അംഗങ്ങളും എന്നു സ്വയം വിലയിരുത്തുക.


ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിനു ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം.ഒരു ലക്ഷ്യമുണ്ടായിരിക്കണം.അത് വ്യക്തിപരമായ ഹിഡന്‍അജണ്ടയില്‍ കെട്ടിപടുത്തതായിരിക്കരുത്.ഒരു കൂട്ടായ്മ മധുരമൂറുന്ന ചാറ്റിങ്ങിലോ ആത്മാര്‍ഥത ഇല്ലാത്ത പുകഴ്ത്തലുകളോ കാക്കയുടെയും പൂച്ചയുടെയും പേര് പറഞ്ഞുകളിക്കലോ അക്ഷരം മാറ്റി കളിക്കലോ കുറച്ചു ബ്ലോഗുകളിലോ മാത്രമായി ഒതുങ്ങി പോകരുത്.അതിനോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കാലിക പ്രാധാന്യം ഉള്ളവിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങള്‍ പറയാനും ഇടപെടാനും അതില്‍ വേറിട്ട സംഭാനകള്‍ചെയ്യാനും കഴിയണം.(ഈ അടുത്ത സമയത്ത് ഒരു കൂട്ടായ്മയില്‍ ഒരു അഡ്മിന്‍ പറഞ്ഞത്കേട്ടു ചിരിച്ചു പോയി.ഇനി രാഷ്ട്രീയ ഡിസ്കഷനുകള്‍ ഇട്ടാല്‍ മുന്നറിയിപ്പ് കൂടാതെ ഡിലീറ്റ് ചെയ്യുമന്ന്!! ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് നടത്താന്‍ യാതൊരു യോഗ്യതയും ഇയ്യാള്‍ക്കില്ല എന്നു ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ.)അപ്പോഴാണ്‌ കൂട്ടായ്മക്ക് ഒരു അര്‍ഥം ഉണ്ടാകുന്നത്.നിര്‍ഭാഗ്യം എന്നു പറയട്ടെ മലയാളത്തിലെ ഭൂരിഭാഗം കൂട്ടായ്മകളും ഇത്തരത്തില്‍ അല്ല എന്നതാണ് സത്യം.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരമ്മക്ക് മകനെ നഷ്ടപ്പെട്ടപ്പോള്‍ തിരിച്ചു കിട്ടിയതും,ഈ അടുത്ത കാലത്ത് നിരാലംബനായ ഒരാളെ രക്ഷാകേന്ദ്രത്തില്‍ എത്തിച്ചതും,ഇപ്പോള്‍ നടന്നു വരുന്ന നഴ്സുമാരുടെ സമരവും എല്ലാം സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സംഭാവനകള്‍ ആണ്.ഇത്തരത്തില്‍ നാടിന്റെ ശബ്ദവും സംഭാവനയും ആകണംസോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ .


അംഗങ്ങളുടെ കഴിവിനെ കൂട്ടായ്മക്ക് എങ്ങനെ ഗുണകരമായി പ്രയോജനപ്പെടുത്താം എന്നതായിരിക്കണം അഡ്മിന്റെ കടമ.പല കൂട്ടായ്മകളുടെയും പരാജയവും ഇത് തന്നെ എന്നതാണ്.അഡ്മിന്‍ തമ്മില്‍ എത്ര സൗഹൃദമായിരുന്നാലും അത് പെരുപ്പിച്ചു കാട്ടി മറ്റു സൌഹൃദങ്ങള്‍ക്ക് കോട്ടം തട്ടത്തക്ക രീതി കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും.കാരണം സൌഹൃദത്തില്‍ ഒരിക്കലും ഗ്രൂപ്പ് കളി ഇല്ല എന്നത് തന്നെ ആണ്.

അംഗങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിപറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.ഒരു ചര്‍ച്ച ഇടുമ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ ഉള്ള മിനിമം സ്വാതന്ത്ര്യം ചര്‍ച്ച നയിക്കുന്ന ആള്‍ നിര്‍ബന്ധമായും മറ്റുള്ളവര്‍ക്ക് നല്‍കേണ്ടതാണ്.ഈ ചര്‍ച്ചയില്‍ വിമര്‍ശിക്കാന്‍ പാടില്ല.ആര്‍ക്കു വേണമെങ്കിലും പുകഴ്തി പറയാം എന്ന ഒരു കാഴ്ചപാട് സ്വയം പരിഹാസ്യപാത്ര ആകുന്നതിനു തുല്യം ആണ് എന്നു അറിയേണ്ടതാണ്.പ്രൊഫൈല്‍ പേജുകള്‍ പൂട്ടി വയ്ക്കുന്നത് (moderate )ഒരു നല്ല സൗഹൃദത്തില്‍ ഒട്ടും ചേര്‍ന്നതല്ല .എങ്കിലും ക്ഷമിക്കാവുന്നത് തന്നെ.കാരണം പൂട്ടി വയ്ക്കുന്നവര്‍ക്ക് മറ്റെന്തോ രഹസ്യമായി വയ്ക്കാന്‍ ഉണ്ട് എന്നത് തീര്‍ച്ച .അത് ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് എന്നതുകൊണ്ട്‌ വിട്ടേക്കാം.എന്നാല്‍ ബ്ലോഗുകളും ചര്‍ച്ചകളും ഇടുമ്പോള്‍ കമന്റുകള്‍ പൂട്ടി വയ്ക്കുന്നത് അത്യന്തം ഖേദകരം എന്നു പറയാതെ തരമില്ല.അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെടുകയും മോഡറേറ്റ് ചെയ്യുന്നതിലെ വിരോധാഭാസവും ഒട്ടും ആത്മാഭിമാനം ഉള്ള ഒരാള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല.(വിരുന്നുകാരന്‍ വീട്ടില്‍ വരുമ്പോള്‍ വാതില്‍ അടച്ചിടുന്നത് പോലെ ആണിത്.)അഭിപ്രായം ഇടുന്നവരോട് കാട്ടുന്ന അപമര്യാദ ആണ് അത് ,എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും.വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല.വഴിതെറ്റിക്കുന്ന പുകഴ്ത്തലുകളേക്കാള്‍ ക്രീയാത്മകവും ശക്തമായ വിമര്‍ശനങ്ങള്‍ ആണ് ഗുണകരം എന്ന ബോധവും ഉണ്ടാകേണ്ടതാണ്.ഒരു കൂട്ടായ്മ എന്നത് അഡ്മിന്റെ ധാര്‍ഷ്ട്യവും ഒരംഗത്തിന്റെ തെമ്മാടിത്തവും കാട്ടാനുള്ള വേദിയല്ല.പ്രതിപക്ഷ ബഹുമാനത്തില്‍ പരസ്പരം ശക്തവും വ്യക്തവുമായ ഭാഷയില്‍ സംവദിക്കാവുന്നതാണ്‌ .ഒരു കൂട്ടായ്മയുടെ വളര്‍ച്ച അവിടെ നിന്നാണ് തുടങ്ങുന്നതും.ചുരുക്കത്തില്‍ ഒരു കൂട്ടായ്മയില്‍ ഞാനോ ഞങ്ങളോ ഇല്ല.നമ്മള്‍ മാത്രം.അതല്ലാ എങ്കില്‍ ഓരോ പ്രവര്‍ത്തനങ്ങളും ആ കൂട്ടായ്മയുടെ ശവപ്പെട്ടിക്ക് അടിക്കുന്ന ആണികള്‍ ആയി തീരും എന്ന് ഓര്‍ത്താല്‍ നന്ന്.

22 comments:

  1. NB:ഏതെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കിനെ ഉന്നം വച്ച് കൊണ്ടല്ല ഈ ലേഖനം എന്ന് പറഞ്ഞു കൊള്ളട്ടെ. നിരവധി സോഷ്യല്‍ നെറ്റ് വര്‍കില്‍ നിന്ന് കിട്ടിയ അനുഭവങ്ങള്‍ ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നിയാല്‍ അത് യാദൃശ്ചികം മാത്രം.

    ReplyDelete
  2. ഹ ഹ രാജേഷ് ഭായ്... അടി പൊളി... കൊട് കൈ ,,,

    പല സോഷ്യല്‍ നെറ്റ വര്‍ക്കുകള്‍ അഡ്മിന്‍ മാരും ,, അഭ്യുതായ കംക്ഷികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ .

    എന്നും ഇതൊക്കെ മനസ്സില്‍ ഉണ്ടാകണം ,,,,,,,,,,,

    എന്തായാലും ,,,,,,, സംഭവം പോള പൊളപ്പന്‍ ,,,,,,,,,,,,
    ഹ ഹ സത്യങ്ങള്‍ ,,, വിളിച്ചു പറഞ്ഞാല്‍ അത് എങ്ങനെ യാദൃചികം ആകും ,,

    ReplyDelete
    Replies
    1. ശ്രീ ഹരി ,
      അഭിപ്രായം അറിയിച്ചതില്‍ നന്ദി.നല്ല കൂട്ടായ്മകള്‍ ഉണ്ടാകാന്‍ നമുക്ക് പ്രയത്നിക്കാം...ഒത്തൊരുമയോടെ......

      Delete
  3. ഇത്തരം കാരങ്ങങ്ങള്‍ കൊണ്ട് തന്നെയാവണം മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സൌഹൃദങ്ങളുടെ ശവപറമ്പാക്കുന്നത്.....

    ഭാര്‍ഗവീ നിലയം പോലെ പലതും ശൂന്യയായ് വരുകയാണ്......

    ReplyDelete
    Replies
    1. അതെ പുണ്യാളാ...
      നല്ല കൂട്ടുകാര്‍ എന്നും നമ്മുടെ സമ്പത്താണ്‌.അഭിപ്രായത്തിനു നന്ദി.

      Delete
  4. രാജേഷേ ഞാനും ഇതിലെ വന്നു കേട്ടോ ജോയ് ഗുരുവായൂര്‍ ആണ് ഡയറക്റ്റ് ചെയ്തത്, പക്ഷെ ഞാനിന്നു നല്ല ഫിറ്റാണ്, നാളെ നല്ല കമന്റ്‌ ഇടാം

    ReplyDelete
    Replies
    1. ചന്ദ്രേട്ടാ,
      ഫിറ്റ് മാറി വരൂ.നല്ല സൌഹൃദത്തിന് ക്രീയാത്മകമായ അഭിപ്രായങ്ങളുമായി.

      Delete
  5. രാജേഷിന്റെ ലേഖനം വളരെ കാര്യമാത്ര പ്രസക്തവും , ഇരുത്തി ചിന്തിപ്പിക്കെണ്ടതും, പ്രവര്‍ത്തി പഥത്തില്‍
    കൊണ്ടെത്തിക്കേണ്ടതുമാണ് . പക്ഷെ അനുദിനം മുളച്ചു പൊന്തുന്ന ഇത്തരം കൂട്ടായ്മകളില്‍ പടലപിണക്കങ്ങള്‍
    ഉണ്ടാക്കുകയും ( അറിഞ്ഞു കൊണ്ടോ അറിയാതെയോ ) അവിടെ നിന്ന് വീരോചിതമായി പുറത്തു പോയി മറ്റൊന്ന്
    തുടങ്ങുകയോ, അല്ലെങ്കില്‍ മറ്റൊരിടത്തേയ്ക്ക് ആനയിക്കപ്പെടുകയോ പിന്നെ അവിടെയും തിക്താനുഭവങ്ങള്‍
    ഉണ്ടാവുകയോ ഉണ്ടാക്കുകയോ ചെയ്തു മറ്റൊരിടത്തേയ്ക്ക് പ്രയാണം തുടരുകയും ചെയ്യുന്നു എന്നത് ഇന്ന് ഒരു അനിദിന
    പ്രതിഭാസമാണ്. അക്കര പച്ച എന്ന വാക്ക് എത്ര ഉചിതമോ അനുചിതമോ എന്നറിയില്ല എങ്കിലും ഒരു കൂട്ടായ്മയ്ക്ക് എന്നല്ല, സൌഹൃദത്തില്‍ തന്നെ , കടുംപിടിത്തം, വാശി, ഈഗോ ഇവയ്ക്കു സ്ഥാനമില്ല . അതുണ്ടാകുമ്പോള്‍ ‍ ആണ് ബന്ധങ്ങള്‍ ശിധിലം ആകുന്നത്. ഞാന്‍ പിടിച്ച മുയലിന്‍ കൊമ്പ് മൂന്ന് എന്ന നിലപാടെ ശരിയല്ല. വാഹനം നിയന്ത്രിക്കുന്ന പോലീസുകാരന്‍ അവന്റെ റോളും വാഹനം ഓടിക്കുന്നയാള്‍ ‍ അയാളുടെ റോളും ഭംഗിയായി നിറവേറ്റിയാല്‍ വാഹനാപകടങ്ങള്‍ കുറയും എന്നതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട. പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല നിത്യവും വാഹനാപകടങ്ങള്‍ ‍ പെരുകി പെരുകി വരുന്നു. അന്യോന്യം കുറ്റപ്പെടുത്താതെ പരസ്യമായി വിഴുപ്പലക്കാതെ പറയാനുള്ളത് പറയാനുള്ള വേദികള്‍ ഇത്തരം കൂട്ടായ്മകളില്‍ ‍ ധാരാളം ഉണ്ടായിട്ടും പ്രീയ സുഹൃത്തുക്കള്‍ അഡ്മിന്‍ എന്നും വെറും മെമ്പര്‍ എന്നും ഒക്കെ പേരിട്ട് പൊതു സ്ഥലത്ത് മറ്റേ ആളെ ക്കാള്‍ കേമന്‍ ‍ ഞാന്‍ തന്നെ എന്ന് സ്ഥാപിക്കുന്ന തരത്തിലോ, അല്ലെങ്കില്‍, ഒരു ട്രാഫിക് പോലീസുകാരന്‍ വേറൊരാളെ ചെല്ലാന്‍ അടിക്കുന്നത് കണ്ടു അതില്‍ അതൃപ്തി തോന്നി ആ പോലീസുകാരനെ
    മറ്റുള്ളവരുടെ മുന്‍പില്‍ ഇലിഭ്യന്‍ ആക്കാനോ താഴ്ത്തി ക്കെട്ടാനോ അല്ലെങ്കില്‍ തെറ്റ്കാരനായി കാണിക്കാനോ ഉള്ള
    വ്യഗ്രതയോ, ട്രാഫിക് പോലീസ് ആയതിനാല്‍ ആരെയും എപ്പോള്‍ വേണമെങ്കിലും പറയാം എന്ന ധാരണ പിശക്കളോ ഒക്കെ പലരിലും കണ്ടു വരുന്നു . ഇത്തരം പിഴവുകളെ പിഴവുകള്‍ ആയി കാണുകയോ അല്ലെങ്കില്‍ അതിനെ പിഴവ്വായി അന്ഗീകരിക്കാന്‍ തയ്യാര്‍ ആവുകയോ പോലും ചെയ്യാത്തവര്‍ മറ്റുളളവരുടെ പിഴവുകള്‍ മാത്രം ചൂണ്ടികാണിക്കാന്‍ സമയം ചിലവാക്കുന്നതും കാണാറുണ്ട് . ഇവിടെയാണ്‌ സൗഹൃദം ഇല്ലാതാകുന്നത്. പരസ്യമായി തന്നെ മറ്റൊരാളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്ന ശാട്ട്യത്തില്‍ ‍ നിന്ന് സുഹൃത്തുക്കള്‍ ഒരു പരിധിവരെ പിന്നാക്കം പോവുകയും, തങ്ങളുടെ അഭിപ്രായം വസ്തു നിഷ്ടമായി അവരോടു പറയുവാനും , ആ അഭിപ്രായത്തെ സഹന‍ ശക്തിയോടെ മനസ്സിലാക്കാനും പരിഗ ണിക്കാനുമുള്ള ആര്‍ജ്ജവം മറുപക്ഷവും കാട്ടുകയും ചെയ്യുമെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ‍ ഒരു പരിധിവരെ ഒഴിവാക്കാം എന്ന് തന്നെയാണ് എന്റെ അഭിപ്രായം . അല്ലാതെ ഒന്ന് പറഞ്ഞു മറ്റൊന്നിനു പുറത്താക്കുകയും പുറത്തു പോവുകയും പോകുന്നിടം വിഷ്ണുലോകം എന്നും മറ്റും ഉള്ള രീതി ആശ്വാസ്യമല്ല. ഒരിടത്ത്‌ നില്‍ക്കുന്ന നാള്‍ വരെ അത് നല്ലതെന്നും അവിടെ നിന്ന് പുറത്തു പോയാല്‍ ആ കൂട്ടയ്മയോ, ആ സുഹൃത്തോ മോശം ആണ് എന്നാ കാഴ്ചപ്പാടും ശരിയല്ല. അങ്ങിനെ എങ്കില്‍ ഇത്തരം കൂട്ടായ്മകളും അവിടെ നിന്ന് സമ്പാദിക്കുന്ന സൌഹൃദങ്ങള്‍ക്കും ആയുസ്സുണ്ടാകില്ല എന്ന് പറയേണ്ടിവരും.

    ReplyDelete
    Replies
    1. ശ്രീയണ്ണാ,
      ശ്രദ്ധേയമായ അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി.
      ചില കൂട്ടി ചേര്‍ക്കലുകള്‍ കൂടി.
      " വാഹനം നിയന്ത്രിക്കുന്ന പോലീസുകാരന്‍ അവന്റെ റോളും വാഹനം ഓടിക്കുന്നയാള്‍ ‍ അയാളുടെ റോളും ഭംഗിയായി നിറവേറ്റിയാല്‍ വാഹനാപകടങ്ങള്‍ കുറയും എന്നതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട. "
      വളരെ ശരിയായ കാഴച്ചപാട് ആണ്.എന്നാല്‍ ഇതിനു ഒരു മറുവശം ഉണ്ട്.വാഹനം ഓടിക്കുന്നയാള്‍ ‍ അയാളുടെ റോളും ഭംഗിയായി നിറവേറ്റില്ല എന്നത് കൊണ്ട് തന്നെ ആണ് പോലീസുകാരനെ നിയമിച്ചിരിക്കുന്നത് നിയന്ത്രിക്കാന്‍ ആയി.എന്നാല്‍ പോലീസുകാര്‍ ആ റോള്‍ ശരിയായി ചെയ്തില്ല്ലങ്കില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചിന്താ വിഷയം.ആ പക്വത അവര്‍ കാട്ടിയില്ലങ്കില്‍ ആണ് പ്രശ്നം കൂടുതല്‍ രൂക്ഷം ആകുന്നതു.പ്രശ്നങ്ങള്‍ വഷളാക്കാന്‍ ആയിരിക്കരുത് അഡ്മിന്റെ ഇടപെടല്‍.അതിന്റേതായ വഴിയില്‍ പരിഹരിക്കാന്‍ ആണ് ശ്രമിക്കേണ്ടത്.

      അഡ്മിന്‍ എന്ന് ഇക്കൂട്ടരെ പേരിട്ടു മാറ്റുന്നത് എന്ത്കൊണ്ട്?
      ഒരു അങ്ങത്തിനു ഇല്ലാത്ത നിയന്ത്രണ അധികാരം ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്‌.മന്ത്രിയും ജനങ്ങളും പൌരന്മാര്‍ തന്നെ.എന്നാല്‍ മന്ത്രിക്കുള്ള സ്ഥാനം എല്ലാ ജനത്തിനും കിട്ടുമോ?അപ്പോള്‍ മന്ത്രി എന്ന് വിളിക്കേണ്ടി വരും.അതില്‍ തെറ്റില്ല.

      ഒരാളുടെ തെറ്റ് പരശ്യമായി പറയണോ വേണ്ടയോ എന്നത് അഡ്മിന്റെ പോക്കിനെ അടിസ്ഥാനമാക്കിയാണ്.ഒരംഗത്തിന്റെ "മാന്യമല്ലാത്ത"ഏതു കമന്റും നിയന്ത്രിക്കാന്‍ അഡ്മിന് അധികാരം ഉണ്ട്.അവിടെ അഡ്മിന്‍ മാന്യമല്ലാതെ പെരുമാറിയാല്‍ അംഗങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

      ഓരോ അംഗങ്ങള്‍ക്കും ഒരിടത്ത് നിന്ന് വിട്ടു പോകാനും മറ്റു സൈറ്റില്‍ പോകാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്.അത് തെറ്റായി കാണേണ്ടതില്ല.ചേരുന്ന സൈറ്റില്‍ ആരും തീരാധാരം എഴുതി നല്‍കിയിട്ടില്ല.പല സൈറ്റുകളില്‍ ചേരുന്നതുകൊണ്ട് കൂടുതല്‍ അറിവുണ്ടാകാനും,പലതരം ബ്ലോഗുകളും ചര്‍ച്ചകളും വായിക്കാനും ഇടപെടാനും,കൂടുതല്‍ സുഹുര്‍തുക്കളെ സംബാധിക്കാനും സാധിക്കുന്നു.(നമ്മള്‍ പല പത്രങ്ങള്‍ വായിക്കുന്നത് പോലെ)അതുകൊണ്ട് തന്നെ ചേരുന്ന അംഗങ്ങളെ ആക്ടിവ് ആക്കി നിര്‍ത്താന്‍ ഉള്ള കഴിവ് അഡ്മിന്‍ ആണ് കാട്ടേണ്ടത്‌.മറ്റു അംഗങ്ങള്‍ അല്ല.

      ചുരുക്കത്തില്‍ ഒരു കൂട്ടായ്മയുടെ നിയന്ത്രണ അധികാരം കൈവശമുള്ള അഡ്മിന്‍ ആയിരിക്കും ഒരു സൈറ്റ് നല്ലതാക്കുകയും ചീത്ത ആക്കുകയും ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് എന്ന് കാണാം.

      Delete
    2. ട്രാഫിക് പോലീസുകാരന്‍ ഉണ്ട് എന്ന് കരുതി എങ്ങനെയും വാഹനം ഓടിക്കാം എന്നാ രീതി അഭിലഷണീയമല്ല മറിച്ച് ആത്മഹത്യാപരം ആണ് എന്നാണ് എന്റെ അഭിപ്രായം. പോലീസുകാരനും മന്ത്രിയും എല്ലാം സമൂഹത്തിന്റെ ഭാഗം
      ആണ് എന്നും, എന്നേം നിങ്ങളേം പോലെ എല്ലാ നന്മ തിന്മകളും അവര്‍ക്കും ഉണ്ട് എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഒരു
      സൈറ്റിന്റെ നിയന്ത്രണത്തില്‍ നല്ല റോള്‍ പുലര്‍ത്താന്‍ കഴിയും എന്നതിനപ്പുറം ഓരോ സൈറ്റും നല്ലതും ചീത്തയും ആക്കുന്നതില്‍ അവരോടൊപ്പം തന്നെ അവിടുത്തെ കൂട്ടുകാരും പ്രധാനം തന്നെയാണ്. അടിയാന്‍ ഉടയാന്‍ ബന്ധമോ, ഗുരു ശിഷ്യ ബന്ധമോ ആകരുത് ഒരു കൂട്ടായ്മയിലെ ബന്ധം. ആശാന്‍ പിഴച്ചാല്‍ ഏത്തം ഇല്ല എന്നോ പിഴച്ചത് ആശാന്‍ ആയതു കൊണ്ട് പിഴ കൂടുതല്‍ ആകട്ടെ എന്നോ വേണ്ട. രണ്ടു കൈ കൂട്ടി അടിച്ചാലെ ശബ്ദം ഉണ്ടാകൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഞാന്‍ ഒരു വെറും മെമ്പര്‍ ആണ് എനിക്കെന്തുമാകാം, നിങ്ങള്‍ അഡ്മിന്‍ ആയതുകൊണ്ട് അങ്ങിനെ ആകരുത് എന്ന വിലയിരുത്തല്‍ ‍ ഒരു പരിധിവരെ തര്‍ക്കത്തിന് വേണ്ടി അന്ഗീകരിക്കാമെങ്കിലും, ഒരു കൂട്ടായ്മ നന്നായി പോകുന്നതിന്റെ ഗുണ ഭലം അനുഭവിക്കുന്നത് ആ കൂട്ടായ്മയിലെ കൂട്ടുകാര്‍ ആണ്. അല്ലാതെ അത് അഡ്മിന്‍ മാത്രം എന്നോ അംഗത്തിന് മാത്രം എന്നോ എന്നില്ല. പല കൂട്ടായ്മയിലെയും വെറും മെമ്പര്‍മാര്‍ മറ്റു പലയിടങ്ങളിലെയും അഡ്മിന്‍ മെമ്പര്‍ ആകുന്നു എന്നതും മറക്കരുത്. പല കൂട്ടായ്മകളില്‍ പോകുന്നത് കുറ്റവും കുറവും അല്ല ഒരിക്കലും. പക്ഷെ മറ്റേ കൂട്ടായ്മയില്‍ ഇങ്ങനെ ആണ് അല്ലെങ്കില്‍ അവിടെ ഇതൊക്കെ ആകാം എന്നാല്‍ ഇവടെ എന്തുകൊണ്ട് ആയിക്കൂടാ എന്നാ രീതി അനഭിലഷനീയം തന്നെയാണ്. സൌഹൃദം മാത്രം ആകട്ടെ കൂട്ടായ്മകളുടെ ലക്‌ഷ്യം.

      Delete
    3. "ട്രാഫിക് പോലീസുകാരന്‍ ഉണ്ട് എന്ന് കരുതി എങ്ങനെയും വാഹനം ഓടിക്കാം എന്നാ രീതി അഭിലഷണീയമല്ല മറിച്ച് ആത്മഹത്യാപരം ആണ് എന്നാണ് എന്റെ അഭിപ്രായം."
      ശരിയാണ് .അത് അങ്ങനെ തന്നെ എന്നാണു എന്റെയും അഭിപ്രായം.ഞാന്‍ പറഞ്ഞത് അതല്ല.അങ്ങനെ ഓടിക്കുന്നവരെ നിയന്ത്രിക്കാന്‍ ആണ് ട്രാഫിക് പോലീസ് എന്നാണു.ആ ട്രാഫിക്‌ പോലീസ് നിയന്ത്രണം തെറ്റിയാല്‍ എന്ത് ചെയ്യണം എന്നാണു എന്റെ ചോദ്യം.സൈറ്റ് ചീത്ത ആക്കുന്ന കൂട്ടരേ നിയന്ത്രിക്കാന്‍ ആണ് അഡ്മിന്‍.അതില്‍ രണ്ടഭിപ്രായം ഇല്ല.അത് കഴിയുന്നില്ലങ്കില്‍ അഡ്മിന്റെ പരാജയം ആണത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ബാക്കി എല്ലാ ചിന്തയോടും യോജിപ്പ് തന്നെ ആണ്.നിയന്ത്രണം കൈയില്‍ ഉള്ള ആള്‍ നിയന്ത്രണം വിടരുത് എന്നാണു ഞാന്‍ പറഞ്ഞതിന്റെ സാരം.അത് അപകടകരമായ പോക്കാണ്.

      Delete
  6. ഇന്നത്തെ ലോക സമൂഹത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കള്‍ക്ക് ഒരുപാട് സ്ഥാനം ഉണ്ട് . അവിടെ സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനും സ്വതന്ത്രമായി അഭിപ്രായം പറയാനും ഉള്ള അവസരം ഉണ്ട് . നിര്‍ഭയമായി അഭിപ്രായം പറയാന്‍ കഴിയുന്നു എങ്കിലേ ഇങ്ങനെ ഉള്ള കൂട്ടായിമകള്‍ കൊണ്ട് ഗുണം ഉള്ളൂ . വഴക്കുകള്‍ എല്ലാ സ്ഥലത്തും ഉണ്ടാകും , എങ്കിലും പരമാവധി കൂട്ടി യോജിപ്പിച്ച് മുനൂട്ടു പോകുക എന്നതാണ് ഓരോ കൂട്ടായിമയുടെയും സാരധികളുടെ കടമ . അതിനു കഴിയാതെ വരുമ്പോള്‍ അവിടെ സൌഹൃദങ്ങള്‍ മുറിയുകയും വൈരാഗ്യങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു . സ്വാര്‍ഥ താല്പര്യത്തിനു വേണ്ടി തുടങ്ങുന്ന സൈറ്റുകളും നല്ല ഉധേഷതോടെ തുടങ്ങുന്ന സൈറ്റുകളും ഉണ്ട് . കൂടുതല്‍ അംഗങ്ങള്‍ വരുകയും കൂട്ടായിമ കൂടുതല്‍ സജീവം ആകുകയും ചെയ്യുമ്പോള്‍ , ചില പ്രശ്നങ്ങള്‍ സ്വാഭാവികം ആണ് അത് രണ്ടു കൂട്ടരുടെയും വിട്ടു വീഴ്ചയില്‍ കൂടി ഒത്തൊരുമയോടെ മുന്നോട്ടു പോക്കയാണ് വേണ്ടത് . സൌഹൃദങ്ങളില്‍ അജ്ഞാപിക്കല്‍ ഇല്ല , അങ്ങനെ വന്നാല്‍ അവിടെ സൗഹൃദം ഇല്ല വെറും മൊതലാളി തൊഴിലാളി അല്ലങ്കില്‍ ജന്മി കുടിയാന്‍ ബന്ധങ്ങള്‍ പോലെ ആകും . സ്വന്തമായി പണം ചിലവഴിച്ചു ഉണ്ടാക്കിയതോ കൂട്ടായ പരിശ്രെമത്തില്‍ കൂടി ഉണ്ടാക്കിയതോ ആകട്ടെ അതിന്റെ ലെക്ഷ്യം സൌഹൃദവും പ്രതി ബാധത സമൂഹത്തോടും ആകണം എങ്കിലേ അതിനു വിജയം ഉണ്ടാകൂ . അംഗങ്ങളുടെ എണ്ണം കൂടിയകൊണ്ട് കാര്യം ഇല്ല . അതില്‍ നടക്കുന്ന ആക്ടിവിടീസ് സുഹൃത്തുക്കള്‍ക്കും സമൂഹത്തിനും പ്രയോജനം ചെയ്യുന്നതാകണം . അശ്ലീലം അല്ലാത്തതും സാമൂഹിക വിരുതവും വിദ്വംസകവും അല്ലാത്തതുമായ എല്ലാം ചര്‍ച്ചചെയ്യാന്‍ ഇങ്ങനെ ഉള്ള കൂട്ടായിമാകള്‍ക്ക് കഴിയണം . എങ്കിലേ അതുകൊണ്ട് പ്രയോജനം ഉള്ളൂ . ഭയന്ന് എല്ലാം പാടില്ല എന്ന് പറയാന്‍ ആര്‍ക്കും കഴിയും അത് നേരായ നിലയില്‍ മോടരേട്ടു ചെയ്തു മുന്നോട്ടു കൊണ്ട് പോകുകയാണ് വേണ്ടത് .

    ബ്ലോഗുകള്‍ പേജുകള്‍ കമന്റു മോടരെട്ട് ചെയ്യുന്നത് നല്ലതാണു എന്ന അഭിപ്രയകാരന്‍ ആണ് ഞാന്‍ . കാരണം ചില അനാവശ്യ കമന്റുകളും ആക്ഷേപങ്ങളും ഒഴുവാക്കാന്‍ അതില്‍ കൂടി കഴിയും . അഡ്മിന്‍ ആയാലും സാധാരണ അംഗം ആയാലും പരസ്പര ബഹുമാനത്തോടും സൌഹൃടതോടും മുന്നോട്ടു പയി എങ്കിലേ സൗഹൃദം ഉണ്ടാകു , ഇഷ്ടം ഉള്ളവയെ സ്നേഹിക്കാന്‍ കഴിയുന്നപോലെ ഇഷ്ടം അല്ലാത്തവയെ ഒഴിവാക്കാനും ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ നമുക്ക് കഴിയും . ചിലരുടെ ഞരമ്പ്‌ രോഗങ്ങള്‍ തീര്‍ക്കാന്‍ ഉള്ള സ്ഥലം ആയി ചിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ കാണുന്നു . അത് ആശാസ്യമായ രീതി അല്ല . അതേപോലെ മനസ്സില്‍ വരുന്നത് കുത്തി കുറിക്കാനും അതിലൂടെ വായനയും എഴുത്തും എന്ന ലോകത്തേക്ക് കടക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളില്‍ കൂടി അംഗങ്ങള്‍ക്ക് കഴിയുന്നുണ്ട് . സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും പ്രതി ഭാലനം ആദ്യം വരുന്നത് ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇല്‍ ആണ് .ഈ യുഗത്തില്‍ സമൂഹത്തിന്റെ ഭാഗം ആയി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാറിയിരിക്കുന്നു .

    വിമര്‍ശന ബുദ്ധിയോടെ ഉള്ള ലേഖനം .

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി സഖാവേ,
      ചര്‍ച്ചയും ബ്ലോഗും മോഡെറേറ്റ് ചെയ്യുന്നതിലെ അപാകത ഞാന്‍ പറഞ്ഞു കഴിഞ്ഞു .അത് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.എന്നാല്‍ ഒരു ചര്‍ച്ചയില്‍ പറയുന്ന അഭിപ്രായങ്ങളിലൂടെ ആണ് ഒരാളെ നമ്മള്‍ വിലയിരുത്തുന്നത്.അത് കൊണ്ട് തന്നെ ആ മാന്യത നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കും എന്നതാണ്. എന്റെ അനുഭവത്തില്‍ ഒരു ചര്‍ച്ചയില്‍ പോലും ആരും മോശമായ ഞരമ്പ് രോഗങ്ങള്‍ കാണിച്ചതായി അറിവില്ല.ഒരു പ്രൊഫൈല്‍ പേജില്‍ ഒരു പക്ഷെ ഇപ്പറഞ്ഞതു നടന്നേക്കാം.

      Delete
  7. ഒരു കുടുംബത്തിലെ നായകര്‍ അവിടത്തെ മാതാപിതാക്കളോ രക്ഷകര്‍ത്താക്കളോ ആകുന്നു എന്ന് പറയുന്നത് പോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ രക്ഷകര്‍ത്താക്കള്‍ ആണ് അവിടത്തെ അഡ്മിന്‍ അംഗങ്ങള്‍. വളരെയധികം പക്വതയും സഹിഷ്ണുതയും നയതന്ത്രതയും സര്‍വ്വോപരി അതിലെ അംഗങ്ങളോടുള്ള ബഹുമാനവും നന്ദിയും സ്നേഹവും കൈമുതലാക്കിയിട്ടുള്ളവര്‍ക്ക് മാത്രമേ അഡ്മിന്‍ ആയി ഇരിക്കാനുള്ള യോഗ്യത ഉള്ളൂ. പൈസ മുടക്കി എന്ന് കരുതി ആ കൂട്ടായ്മയില്‍ ജോയിന്‍ ചെയ്യുന്ന അംഗങ്ങളെ വെറും എഴാംകൂലി സമാനം കാണുന്ന അഡ്മിന്‍ മേമ്ബെര്സിനെ ചില സൈറ്റുകളില്‍ കാണാം. ആക്ടീവ് ആയ മെംബേര്‍സ് ആണ് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ജീവനാഡികള്‍ എന്നറിയാത്ത ശുംഭന്മാര്‍ ആണ് അത്തരക്കാര്‍. ആകെയുള്ള അഡ്മിന്‍ മേമ്ബെര്സില്‍ ഒരെണ്ണം ഇതേ കണക്കു മോശമായി പെരുമാറിയാല് അതിന്റെ ദോഷവശം കൂട്ടായ്മയുടെ മറ്റു തൂണുകള്‍ ആയി പ്രവര്‍ത്തിക്കുന്ന താരതമ്യേന നല്ലവരായ അഡ്മിന്‍ മേമ്ബെര്സിന്റെയും പ്രതിച്ഛായക്കാണ് അത് മങ്ങലേല്‍പ്പിക്കുക എന്ന് ഇത്തരം വിഡ്ഢികള്‍ ചിന്തിക്കുന്നുമില്ല്യ.

    ഏതെങ്കിലും അംഗങ്ങള്‍ മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അന്നേരം അവരെ പ്രകോപിപ്പിച്ചു കൊണ്ടുള്ള ആക്രമണം നടത്താന്‍ തുനിയാതെ, മറ്റുള്ള അഡ്മിന്‍ മേമ്ബെര്സുമായി ആലോചിച്ചു ഉചിതമായ രീതിയില്‍ സ്വയം തെറ്റ് തിരുത്താന്‍ അത്തരക്കാരെ നിര്‍ബന്ധിതരാക്കുകയാണ് കെട്ടുറപ്പുള്ള, നിസ്വാര്തമായ ഒരു അഡ്മിന്‍ മെമ്പര്‍ ചെയ്യുക. വെട്ടൊന്ന് കഷണം രണ്ട് എന്ന സ്വന്തം ചൊട്ടയിലെ സംസ്കാരം പഠിപ്പിച്ച പാഠങ്ങള്‍ സാധാരണ മേമ്ബെര്സില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ആത്മാഭിമാനമുള്ള ഒരു മനുഷ്യനും പിന്നെ അവിടെ കാണില്ല്യ. അന്തപ്പുരത്തിലാണ് പിറന്നത്‌ എന്ന് കരുതി നായ വേദം ഓതില്ല എന്ന് അറിയാമല്ലോ. ഇത്തരം സൈറ്റുകള്‍ ക്ലീനര്‍ ഓടിക്കുന്ന പാണ്ടി ലോറി പോലെയാണ്. എത്ര എണ്ണത്തിന്റെ നെഞ്ചത്ത് കൂടെ കയറ്റുമെന്നു പറയാനാവില്ല്യ.അല്പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുടപിടിക്കും എന്നത് പോലെ, തങ്ങള്‍ ഇറക്കുന്ന വളിപ്പുകള്‍ സഹര്‍ഷം സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്യാത്ത അംഗങ്ങള്‍ എന്തെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാല്‍ അവരുടെ മേലില്‍ കുതിര കയറുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ച് മറ്റു അഡ്മിന്‍ അംഗങ്ങള്‍ അത് മൂകമായി വകവച്ചു കൊടുക്കുകയും ചെയ്യുമ്പോള്‍ ആ മേമ്ബെരിനുണ്ടാകുന്ന അപകര്‍ഷതാബോധം ഇവര്‍ കണക്കിലെടുക്കുന്നില്ല്യ. കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി അഹോരാത്രം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ മുമ്പില്‍ വയ്ക്കുന്ന പുരോഗമനാത്മകമായ അഭിപ്രായങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെ അവരെ കയറില്ലാതെ കെട്ടിയിടുന്ന നിലപാട് എടുക്കുന്ന കൂട്ടായ്മകളുടെ ശവക്കല്ലറ ഉയരാന്‍ അധികം നാള്‍ വേണ്ടി വരില്ല.


    പിന്നെ മറ്റൊന്ന് കൂടി. കൂട്ടായ്മയില്‍ ജോയിന്‍ ചെയ്യുന്ന സ്ത്രീ ജനങ്ങളെ എന്ത് വിലകൊടുത്തും പുകഴ്ത്തിപ്പറഞ്ഞും ഇമെയില്‍ ഐടിയും മൊബൈല്‍ നമ്പരും ഒക്കെ വാങ്ങി വ്യക്തിപരമായി ബന്ധപ്പെട്ടു നല്ല നിലയില്‍ മാന്യമായി പ്രവര്‍ത്തിച്ചു വരുന്ന അംഗങ്ങളെക്കുറിച്ചു അപഖ്യാതി പറഞ്ഞു മൈന്‍ഡ് സെറ്റ് മാറ്റിയെടുത്തു, അഡ്മിന്‍ അംഗങ്ങള്‍ മാത്രം വിശുദ്ധിയുടെ കുപ്പായം അണിഞ്ഞവരും ബാക്കിയുള്ളവര് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളും ആണെന്ന് വ്യംഗ്യമായി അവരെ ബോധിപ്പിക്കുകയും ചെയ്യുന്ന അട്മിനുകളെയും ഞാന്‍ കണ്ടിട്ടുണ്ട്. സത്യം ഒരിക്കലും പുറത്തു വരാതിരിക്കുകയില്ല. ഈ സൈബര്‍ യുഗത്തില്‍ മാനിപ്പുലേഷന്‍സ് (ആടിനെ പട്ടിയാക്കല്‍) ഇഷ്ട്ടം പോലെ നടത്താന്‍ സാധിക്കും എന്ന തിരിച്ചറിവ് ‍ തലക്കുള്ളില്‍ ആള്‍ താമസം ഉള്ള സാധാരണ മേമ്ബെര്സിനു മനസ്സിലാവില്ല എന്ന തോന്നലുള്ളവര് മൂഡ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. തിരിച്ച് അംഗങ്ങള്‍ മര്യാദ വിട്ടു പെരുമാറുമ്പോള്‍ എല്ലാ അഡ്മിന്‍ മേമ്ബെര്സും ചേര്‍ന്ന് സുതാര്യമായ ഒരു തീരുമാനമെടുക്കുന്നതിനു പകരം സൈറ്റിന് വേണ്ടി പൈസ മുടക്കിയ അഡ്മിന്‍ അംഗങ്ങള്‍ മറ്റുള്ള അഡ്മിന്‍ അംഗങ്ങളായ മാന്യ ദേഹങ്ങളെ തൃണവല്‍ക്കരിച്ചു അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നത് മറ്റുള്ള മേമ്ബെര്സിന്റെ മുമ്പില്‍ ടി മാന്യദേഹങ്ങളുടെ മാന്യതയില്‍ ഏല്‍പ്പിക്കുന്ന പോറല്‍ ആണ് എന്നതിന് തര്‍ക്കമില്ലല്ലോ. എന്നിട്ടും ആ തസ്തികയില്‍ തുടര്‍ന്ന് പോകുന്ന മാന്യദേഹങ്ങളുടെ മാന്യതയ്ക്ക് എന്ത് വിലയാണ് ഉള്ളത്? ലോകത്തില്‍ അടിമപ്പണി നിരോധിച്ചിട്ടു നൂറ്റാണ്ടുകള്‍ പിന്നിട്ടു എന്ന് മാത്രമാണ് എനിക്ക് ഇത്തരക്കാരോട് ഓര്‍മ്മിപ്പിക്കുവാനുള്ളത്.

    ഈ ആര്‍ട്ടിക്കിള്‍ ഇട്ട രാജേഷിനു എന്റെ എല്ലാ വിധ ആശംസകളും.. ‍

    ReplyDelete
    Replies
    1. അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി ജോയിച്ചാ ,
      കാശ് ചിലവാക്കിയ അഡ്മിനും അല്ലാത്ത അഡ്മിനേയും ഒരേ രീതിയില്‍ കാണാന്‍ സാധ്യമല്ല.അവര്‍ക്ക് അവരുടെതായ ചില പരിമിതികള്‍ ഉണ്ട്.ആ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.ആ പരിമിതികളെ ചൂഷണം ചെയ്യല്‍ ആണ് അഡ്മിന്‍ മുതലാളിമാര്‍ ചെയ്യുന്നത്.കൂടെ നില്‍ക്കുന്ന മാന്യന്മാരെ പോലും തൃണവല്‍ ഗണിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയും ഇല്ല.അതിനര്‍ത്ഥം ജോയിച്ചന്‍ പറഞ്ഞത് പോലെ മാന്യത ഇല്ലാത്തതുകൊണ്ടല്ല.മറ്റുള്ളവരില്‍ നിന്ന് മാന്യത കൂടിയത് കൊണ്ടാണ് നിശബ്ധരാകുന്നത്.അത് അങ്ങനെയേ ആകാന്‍ സാധിക്കൂ.എന്നാല്‍ ഒരു വ്യക്തിത്വം ഉള്ള ഒരു അഡ്മിന്‍, അഡ്മിന്‍ മുതലാളിയുടെ ചെറ്റത്തരങ്ങള്‍ക്ക് ചൂട്ടു പിടിച്ചു കൊടുക്കുമ്പോള്‍ ആണ് അവര്‍ സ്വയം താണു പോകുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

      Delete
  8. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്ന കാര്യങ്ങളെല്ലാം ഇവിടെ കമന്റായി വന്നുവല്ലോ ഇനി ഞാന്‍ എന്തുപറയാന്‍. ജോയ് യുടെ കമന്റില്‍ സൂചിപ്പിച്ച ചില കാര്യങ്ങള്‍ ഒന്നുകൂടി ഉന്നി പറയണം എന്ന് കരുതുന്നു ഏതാണ്ട് ഇരുപത്തയ്യായിരം രൂപ മുടക്കിയാല്‍ നിങ്ങിന്റെ ഒരു സോഷ്യല്‍ സൈറ്റ് ഒരു വര്‍ഷത്തേക്ക് കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. നമ്മളെ പോലെ ജീവിതത്തിന്റെ പലതുറകളിലുമായ് ധാരാളം കോണ്ടാക്റ്റുള്ള വരെ സംബന്ധിച്ച് സൈറ്റ് ലോഞ്ച് ചെയ്യാനോ ആക്ടീവാക്കനോ വലിയപാടോന്നുമില്ല. അത് പോലെ ആക്ടീവും അല്ലാത്തതുമായ ഇരുപതോളം മലയാളം സൈറ്റുകള്‍ ഇന്ന് നിങ്ങിന്റെ കീഴില്‍ ഉണ്ട്. പക്ഷെ ചില സൈറ്റുകളിലെ അഡ്മിന്‍മാര്‍ (ചിലര്‍ മാത്രം) കുണ്ടില്‍ കിടക്കുന്ന തവളകളെ പോലെ പറയുന്നു അധികം കളിച്ചാല്‍ നിങ്ങളെ ഇവിടെ ബ്ലോക്ക്‌ ചെയ്യും കേറാന്‍ സമ്മതിക്കില്ല ഇനി കയറണമെങ്കില്‍ ഫൈക് ഐ ഡി യില്‍ കയറണം എന്നൊക്കെ . സ്വയം വിഡ്ഢികളാകുന്ന ഇവരെയൊക്കെ എന്ത് വിളിക്കണം.

    ReplyDelete
    Replies
    1. ചന്ദ്രേട്ടാ ..അഭിപ്രായത്തിന് നന്ദി.
      പശുവിനെ വാങ്ങുന്നതില്‍ അല്ല കാര്യം.അതിനെ എങ്ങനെ തീറ്റി പോറ്റാം.എന്നതിലാണ് കാര്യം.പശുവിനെ യാതൊരു മനുഷ്യത്വം ഇല്ലാതെ ലാഭേച്ച മാത്രം നോക്കി ആര്‍ക്കും വളര്‍ത്താം.എന്നാല്‍ ഇതൊരു സഹജീവി ആണ് എന്ന ഒരു പരിഗണന കൂടി ഇല്ലങ്കില്‍ അതിനെ കാടത്തരം എന്ന് പറയേണ്ടി വരും.ഈ കാടത്തം വലിയ ഗമ ആയി കൊണ്ട് നടക്കുമ്പോള്‍ ആണ് കുഴപ്പം ആകുന്നതു.

      Delete
  9. അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെടുകയും മോഡറേറ്റ് ചെയ്യുന്നതിലെ വിരോധാഭാസവും ഒട്ടും ആത്മാഭിമാനം ഉള്ള ഒരാള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല.(വിരുന്നുകാരന്‍ വീട്ടില്‍ വരുമ്പോള്‍ വാതില്‍ അടച്ചിടുന്നത് പോലെ ആണിത്.)അഭിപ്രായം ഇടുന്നവരോട് കാട്ടുന്ന അപമര്യാദ ആണ് അത് ,എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും.വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല.വഴിതെറ്റിക്കുന്ന പുകഴ്ത്തലുകളേക്കാള്‍ ക്രീയാത്മകവും ശക്തമായ വിമര്‍ശനങ്ങള്‍ ആണ് ഗുണകരം എന്ന ബോധവും ഉണ്ടാകേണ്ടതാണ്.ഒരു കൂട്ടായ്മ എന്നത് അഡ്മിന്റെ ധാര്‍ഷ്ട്യവും ഒരംഗത്തിന്റെ തെമ്മാടിത്തവും കാട്ടാനുള്ള വേദിയല്ല.പ്രതിപക്ഷ ബഹുമാനത്തില്‍ പരസ്പരം ശക്തവും വ്യക്തവുമായ ഭാഷയില്‍ സംവദിക്കാവുന്നതാണ്‌ .ഒരു കൂട്ടായ്മയുടെ വളര്‍ച്ച അവിടെ നിന്നാണ് തുടങ്ങുന്നതും.ചുരുക്കത്തില്‍ ഒരു കൂട്ടായ്മയില്‍ ഞാനോ ഞങ്ങളോ ഇല്ല.നമ്മള്‍ മാത്രം. ഈ വാക്കുകള്‍ എനിക്കിഷ്ടമായി രാജേഷ്‌.ഇനിയും തുടരുക

    ReplyDelete
    Replies
    1. ഇക്കാ ,
      അഭിപ്രായം രേഖപ്പെടുത്താന്‍ തോന്നിയ മനസ്സിന് നന്ദി.കൂട്ടായ്മയിലെ നിബന്ധനകള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്.അതിഉകള്‍ ഇല്ലാതതാകണം സൌഹൃദം.പൂട്ടി വയ്ക്കലോ മറച്ചു വയ്ക്കലോ ദുരൂഹതകള്‍ നല്‍കുന്നതാണ്.

      Delete
  10. ഒരു കൂട്ടായ്മ മധുരമൂറുന്ന ചാറ്റിങ്ങിലോ ആത്മാര്‍ഥത ഇല്ലാത്ത പുകഴ്ത്തലുകളോ കാക്കയുടെയും പൂച്ചയുടെയും പേര് പറഞ്ഞുകളിക്കലോ അക്ഷരം മാറ്റി കളിക്കലോ കുറച്ചു ബ്ലോഗുകളിലോ മാത്രമായി ഒതുങ്ങി പോകരുത്.അതിനോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കാലിക പ്രാധാന്യം ഉള്ളവിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങള്‍ പറയാനും ഇടപെടാനും അതില്‍ വേറിട്ട സംഭാനകള്‍ചെയ്യാനും കഴിയണം.

    മിക്ക കൂട്ടായ്മകളും ഇങ്ങനെയൊക്കെതന്നെയാണെന്നു എനിക്കും തോന്നിയിട്ടുണ്ട്.

    ReplyDelete
  11. Anna please add facebook like button

    ReplyDelete